പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്നും മംഗളൂരു മേഖല വേർപെടുത്തിയതിനെ തുടർന്ന്, കണ്ണൂരിൽ പുതിയ ഗാർഡ് ക്രൂ, ലോക്കോ പൈലറ്റ് ഡിപ്പോകൾ പ്രവർത്തനമാരംഭിച്ചു. മുൻപ് കണ്ണൂരിൽ പ്രവർത്തിച്ചിരുന്ന ക്രൂ ഡിപ്പോ പിന്നീട് മംഗളൂരുവിലേക്കും കോഴിക്കോട്ടേക്കും മാറ്റി സ്ഥാപിച്ചിരുന്നു.
എന്നാൽ പുതിയ മാറ്റങ്ങളുടെ ഭാഗമായി മംഗളൂരു ജംക്ഷനിൽ നിന്നും പത്തുവീതം ഗുഡ്സ് ലോക്കോ പൈലറ്റുമാരെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരെയും കണ്ണൂരിലേക്ക് തിരികെ മാറ്റിയിട്ടുണ്ട്. ഇതിനുപുറമേ 28 വീതം ഗുഡ്സ് ലോക്കോ പൈലറ്റുമാരെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരെയും കോഴിക്കോട്ടേക്കും സ്ഥലം മാറ്റിയിട്ടുണ്ട്.
മംഗളൂരു ജംക്ഷനിൽ നിന്നും 10 ട്രെയിൻ മാനേജർമാരുടെ തസ്തിക കണ്ണൂർ ഡിപ്പോയിലേക്കും 9 എണ്ണം കോഴിക്കോട്ടേക്കും മാറ്റിയതായി അധികൃതർ അറിയിച്ചു. നിലവിൽ സ്റ്റേബ്ലിങ് ലൈൻ, സിക്ക് ലൈൻ, ലോക്കോ റണ്ണിങ് റൂം, ക്രൂ ചേഞ്ച്, വാട്ടറിങ് സൗകര്യം തുടങ്ങിയവ കണ്ണൂരിൽ ലഭ്യമാണ്.
ഭാവിയിൽ ട്രെയിനിന്റെ അറ്റകുറ്റപ്പണിക്കുള്ള പിറ്റ്ലൈനും കോച്ചിങ് മെയ്ന്റനൻസ് ഷെഡും കൂടി യാഥാർത്ഥ്യമാകുന്നതോടെ കണ്ണൂർ സ്റ്റേഷന്റെ പ്രാധാന്യം വർദ്ധിക്കും. റെയിൽവെയുടെ കൈവശമുള്ള 20 ഏക്കർ സ്ഥലത്തിൽ 6.5 ഏക്കർ നിലവിൽ ഒരു സ്വകാര്യ ഏജൻസിക്കു പാട്ടത്തിനു നൽകിയിരിക്കുകയാണ്.
മംഗളൂരു റെയിൽവേ മേഖല മൈസൂരു ഡിവിഷനിലേക്ക് ഔദ്യോഗികമായി മാറുന്നതിന്റെ ഭാഗമായി മൈസൂരു ഡിവിഷനിലെ ഉദ്യോഗസ്ഥർ മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നേരിട്ടെത്തി പരിശോധനകൾ നടത്തി. പ്ലാറ്റ്ഫോമുകളിൽ ‘പാലക്കാട് ഡിവിഷൻ’ എന്ന് രേഖപ്പെടുത്തിയിരുന്ന ബോർഡുകൾ മാറ്റുന്ന ജോലികൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
ഓഫിസ് രേഖകളിലെ മാറ്റങ്ങളും ഇന്നുമുതൽ ആരംഭിക്കുകയാണ്. സൗത്ത് വെസ്റ്റേൺ റെയിൽവേയെന്ന് രേഖപ്പെടുത്തിയ പുതിയ ടിക്കറ്റുകൾ മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.
ഈ ടിക്കറ്റുകൾ ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ സജ്ജീകരിക്കുന്നതിനും മറ്റ് സാങ്കേതിക മാറ്റങ്ങൾ വരുത്തുന്നതിനുമായി രാത്രി 12 മുതൽ പുലർച്ചെ 4 വരെ റെയിൽവേ സ്റ്റേഷന്റെ സോഫ്റ്റ്്വെയർ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. കേരളത്തിലേക്കുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല.
അതേസമയം, കാസർകോട് ഭാഗത്തേക്കുള്ള ഉള്ളാൾ റെയിൽവേ സ്റ്റേഷൻ മൈസൂരു ഡിവിഷനിലേക്കു മാറുന്നതോടെ, പാലക്കാട് – മൈസൂരു ഡിവിഷനുകളുടെ പുതിയ ഇന്റർചേഞ്ചിങ് പോയിന്റായി ഉള്ളാൾ റെയിൽവേ സ്റ്റേഷൻ മാറുകയാണ്. ഇതുവരെ പടീൽ സ്റ്റേഷനായിരുന്നു ഇരുഡിവിഷനുകളുടെയും ഇന്റർചേഞ്ചിങ് പോയിന്റായി പ്രവർത്തിച്ചിരുന്നത്.
ദക്ഷിണ കന്നഡ ജില്ലയിലെ തോക്കൂർ റെയിൽവേ സ്റ്റേഷൻ കൊങ്കൺ റെയിൽവേയുടെ ഭാഗമായി തുടരുകയും, കൊങ്കൺ – ദക്ഷിണ പശ്ചിമ റെയിൽവേയുടെ ഇന്റർചേഞ്ചിങ് പോയിന്റായി നിലകൊള്ളുകയും ചെയ്യും. പാലക്കാട് ഡിവിഷന്റെ ഏറ്റവും വലിയ വരുമാനസ്രോതസ്സുകളിൽ ഒന്നായ പനമ്പൂർ റെയിൽവേ യാഡും ഇന്നുമുതൽ മൈസൂരു ഡിവിഷന്റെ പൂർണ്ണ നിയന്ത്രണത്തിലാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

