മൂലമറ്റം ∙ മൂലമറ്റം വൈദ്യുതി നിലയം ഒരു മാസം പ്രവർത്തനം നിർത്തിവയ്ക്കുന്നതോടെ മലങ്കര ഡാമിനെ ആശ്രയിക്കുന്ന ശുദ്ധജലവിതരണ പദ്ധതികൾ അവതാളത്തിലാകുമെന്ന ആശങ്കയിൽ നാട്ടുകാർ. മൂലമറ്റം നിലയത്തിലേക്ക് വെള്ളം എത്തുന്ന വാൽവിലെ ചോർച്ച പരിഹരിക്കുന്നതിനാണ് നവംബർ 11 മുതൽ ഡിസംബർ 10 വരെ അടയ്ക്കുന്നത്. ഇതോടെ ഇടുക്കി അണക്കെട്ടിൽനിന്നു മലങ്കര ഡാമിലേക്ക് എത്തുന്ന വെള്ളത്തിന്റെ ഒഴുക്ക് പൂർണമായും നിലയ്ക്കും.
ഇതോടെ മലങ്കര ഡാമിന്റെ വൃഷ്ടി പ്രദേശത്തും സമീപ പ്രദേശങ്ങളിലെ കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് താഴും.
മലങ്കര ജലാശയത്തെ ആശ്രയിച്ച് തൊടുപുഴ മുനിസിപ്പാലിറ്റിയിലെയും സമീപ പഞ്ചായത്തായ മുട്ടം, കുടയത്തൂർ, വെള്ളിയാമറ്റം, അറക്കുളം, കരിങ്കുന്നം, ആലക്കോട്, ഇടവെട്ടി എന്നിവിടങ്ങളിലെ 100ലേറെ ശുദ്ധജലവിതരണ പദ്ധതി അവതാളത്തിലാകും.
മലങ്കര അണക്കെട്ടിനെ ജല സമൃദ്ധമാക്കുന്നതിൽ 80 ശതമാനവും മൂലമറ്റം നിലയത്തിലെ വെള്ളമാണ്. കൂടാതെ വടക്കനാർ, വലിയാർ, നച്ചാർ തുടങ്ങിയ ആറുകളിലെയും ചെറിയ നീർച്ചാലുകളിലെയും വെള്ളമെത്തും.
പ്രധാന ജലസ്രോതസ്സായ വൈദ്യുതി നിലയത്തിലെ ഉൽപാദനം കുറയ്ക്കുന്നതോടെ 3 എംസിഎം വെള്ളത്തിന്റെ കുറവാണ് ജലാശയത്തിലുണ്ടാകുന്നത്. ഇതു ശുദ്ധജല പദ്ധതിയെ കാര്യമായി ബാധിക്കും. മൂലമറ്റം കനാൽ വറ്റുന്നതോടെ മൂലമറ്റം ടൗൺ അടക്കം ശുദ്ധജലത്തിനായി നെട്ടോട്ടമോടും.
ഇക്കാര്യങ്ങളിൽ മുൻകരുതൽ എടുക്കാൻ ജില്ലാ ഭരണകൂടവും ത്രിതല പഞ്ചായത്തുകളും തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

