തൊടുപുഴ∙ പ്രകൃതി ദുരന്തങ്ങളിൽ ജീവനും സ്വത്തിനും നാശമുണ്ടാകുന്നതിന് കുറ്റപ്പെടുത്തുന്ന വിധത്തിൽ അധികൃതർ പെരുമാറുന്നത് ദുരിതബാധിതരെ വീണ്ടും തളർത്തുന്നു. ഒക്ടോബർ മാസം ജില്ലയ്ക്ക് ആഴത്തിൽ മുറിവേൽപ്പിച്ചാണ് കടന്നുപോകുന്നത്.
നെടുങ്കണ്ടം, കുമളി മേഖലകൾ നേരിട്ട പ്രളയം ഒട്ടേറെ കുടുംബങ്ങളുടെ ജീവിതമാണ് തുടച്ചുനീക്കിയത്.
അടിമാലിയിൽ മണ്ണിനടിയിലായി പോയത് ഒരു ജീവനും കുറെ ജീവിതങ്ങളും. ഉരുൾപൊട്ടലിൽ കൃഷി നശിച്ചവരെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അവഗണിക്കുന്നതായി കർഷകർ പറയുന്നു.
അടിമാലിയിലെ ദുരന്തസാധ്യത, ഹൈറേഞ്ചിലെ മണ്ണിനെ അറിഞ്ഞ് പതിറ്റാണ്ടുകളായി അവിടെ ജീവിക്കുന്നവർ മുൻപേ ചൂണ്ടിക്കാട്ടിയെങ്കിലും ഉദ്യോഗസ്ഥർക്ക് അത് അറിവില്ലാത്തവരുടെ ജൽപനങ്ങളാണ്.
ദുരന്തസ്ഥലം: അടിമാലി
∙അശാസ്ത്രീയമായ നിർമാണ പ്രവൃത്തികളെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ സ്ഥലത്ത് മന്ത്രി മുതൽ കലക്ടർ വരെയുള്ളവർ എത്തി സഹായ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചെങ്കിലും, ഇരയായവർക്ക് സർക്കാർ സഹായമൊന്നും ലഭിച്ചില്ല. മണ്ണിടിച്ചിലിൽ വീടിനുള്ളിൽ അകപ്പെട്ടു മരിച്ച നെടുമ്പിള്ളിക്കുടി ബിജു, സാരമായി പരുക്കേറ്റ് രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ സന്ധ്യ എന്നിവർക്കും സഹായം നൽകാൻ സർക്കാരും ജില്ലാ ഭരണകൂടവും തയാറായിട്ടില്ല.
ദുരന്തമുണ്ടായ ശനി രാത്രിയിൽ എത്തിയ മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, എ.രാജ എംഎൽഎ, കലക്ടർ ദിനേശൻ ചെറുവാട്ട് എന്നിവർ പിറ്റേന്ന് വൈകിട്ടോടെയാണ് ദുരന്ത മേഖലയിൽ നിന്ന് തിരികെ പോയത്. എന്നാൽ ദുരിത ബാധിതരെ സഹായിക്കുന്നതിനുള്ള നടപടി സ്വീകരിക്കാതെ ഇവർ മടങ്ങിയെന്നാണ് പരാതി.
ആശ്വാസമാകാതെ ദുരിതാശ്വാസ ക്യാംപ്
∙44 കുടുംബങ്ങളെയാണ് മണ്ണിടിച്ചിൽ ദുരന്ത മേഖലയിൽ നിന്ന് ജില്ല ഭരണകൂടം അടിമാലി ഗവ.
ഹൈസ്കൂളിലേക്കു ദുരന്തം നടന്ന ശനിയാഴ്ച രാത്രി മാറ്റി പാർപ്പിച്ചത്. ഇതിൽ 8 കുടുംബങ്ങളുടെ വീട് മണ്ണിനടിയിലായി.
ഉടുതുണി ഒഴികെ സർവവും ഇവർക്ക് നഷ്ടപ്പെട്ടു. അടിയന്തിര ദുരിതാശ്വാസം പോലും നൽകിയില്ല .
ഗവ. ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാംപ്, കത്തിപ്പാറ കെഎസ്ഇബി ക്വാർട്ടേഴ്സിലേക്കു മാറ്റി പാർപ്പിച്ച 8 കുടുംബങ്ങൾ, ഇവരുടെയും അവസ്ഥ ദയനീയമാണ്.
പഞ്ചായത്ത്, റവന്യു അധികൃതരും കാഴ്ചക്കാരായി മാറുകയാണ്. ദേശീയപാതയുടെ കരാർ ഏറ്റെടുത്തിട്ടുള്ള കമ്പനി ഉടമ നൽകുന്ന ചില്ലറ സഹായങ്ങൾ എത്തിച്ചു നൽകുന്ന ജോലിയാണ് ഇവർക്കുള്ളതെന്ന് ദുരിത ബാധിതർ പറയുന്നു.
സർക്കാരും ജില്ല ഭരണകൂടവും കാഴ്ചക്കാരുടെ റോളിലേക്ക് മാറിയതിലും ദുരിതബാധിതർ അമർഷത്തിലാണ്.
ദുരന്തസ്ഥലം: കുമളി
∙ഈ മാസം 17, 18 തീയതികളിൽ പെയ്ത പെരുമഴയ്ക്കൊപ്പം ഉരുൾപൊട്ടൽ കൂടി വന്നതാണ് കുമളി പഞ്ചായത്തിലെ ജനങ്ങളെ ദുരിതത്തിലാക്കിയത്. പത്തുമുറി മേഖലയിൽ ഉരുൾപൊട്ടലിൽ വ്യാപകമായി കൃഷി നശിച്ചപ്പോൾ കുമളി ടൗൺ ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.
ദുരന്തം സംഭവിച്ച് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും നാശനഷ്ടങ്ങളുടെ വ്യക്തമായ കണക്കുകൾ പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടില്ല.
പ്രകൃതിക്ഷോഭത്തിൽ നശിച്ച കൃഷിയിടങ്ങളിൽ സന്ദർശനം നടത്താൻ പോലും കൂട്ടാക്കാത്ത ഉദ്യോഗസ്ഥർക്ക് മുന്നിൽ അപേക്ഷയുമായി എത്തണമെന്നാണ് ‘നിയമം’. അപേക്ഷ ലഭിക്കുന്ന കർഷകരുടെ സ്ഥലം സന്ദർശിക്കുന്ന ഉദ്യോഗസ്ഥർ നഷ്ടപരിഹാരം സംബന്ധിച്ച് ഉറപ്പ് നൽകാനും തയാറല്ല.
നഷ്ടപരിഹാരം 500
∙വില്ലേജിൽ അപേക്ഷയുമായി എത്തിയ കർഷകരോട് വീടിന് കേടുപാടുകൾ ഉണ്ടെങ്കിൽ അപേക്ഷ തന്നാൽ മതിയെന്നും കൃഷി ഓഫിസിൽ അപേക്ഷ നൽകാനുമാണ് നിർദേശം ലഭിച്ചത്.
കൃഷി ഭവനിൽ അപേക്ഷ നൽകിയപ്പോൾ അന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥൻ 500 രൂപ വരെ നഷ്ടപരിഹാരം നൽകാൻ മാത്രമേ തനിക്ക് കഴിയൂ എന്നാണ് പറഞ്ഞത്. ജില്ലാ ഓഫിസിലേക്ക് റിപ്പോർട്ട് നൽകാമെന്ന് ഈ ഉദ്യോഗസ്ഥൻ നൽകിയ ഉറപ്പിലാണ് ഇനി കർഷകരുടെ പ്രതീക്ഷ.
കുമളി പഞ്ചായത്തിലെ പത്തുമുറി, ശാന്തിഗിരി, അട്ടപ്പള്ളം, ഒന്നാം മൈൽ, ചെളിമട, കുഴിക്കണ്ടം, വലിയകണ്ടം, പെരിയാർ കോളനി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഉരുൾപൊട്ടലിൽ ഒലിച്ചു പോയും മണ്ണ് അടിഞ്ഞു കൂടിയും ഏക്കർ കണക്കിന് സ്ഥലത്തെ ഏലച്ചെടികളാണ് നശിച്ചത്.
അതാടൊപ്പം വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ ഉൾപ്പെടെ നശിച്ച് നിസ്സഹായരായ ഒട്ടേറെ ആളുകളുണ്ട്. ഇവരുടെ കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്താൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല.
ദുരന്തസ്ഥലം: നെടുങ്കണ്ടം
∙കഴിഞ്ഞയാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടായ മുണ്ടിയെരുമ, തൂക്കുപാലം മേഖലകളിൽ അടിയന്തിര സഹായമായിട്ടെങ്കിലും വകുപ്പ് തല ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷ വെറുതെയായി. രക്ഷാപ്രവർത്തനത്തിന് എത്തിയതും ആളുകളെ മാറ്റി പാർപ്പിച്ചതും വസ്ത്രവും ആഹാരവും നൽകിയതും നാട്ടുകാരും സന്നദ്ധ പ്രവർത്തകരുമായിരുന്നു.
റവന്യു ഉദ്യോഗസ്ഥർ പിന്നാലെ എത്തി സന്ദർശനം നടത്തിയതൊഴിച്ചാൽ പ്രളയം ബാധിച്ചവർക്ക് ആശ്വാസമൊന്നും ഉണ്ടായിട്ടില്ല.
നാട്ടുകാരുടെയും സന്നദ്ധപ്രവർത്തകരുടെയും സഹായത്തിലാണ് ഇപ്പോൾ അതിജീവന ശ്രമം. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീടുകൾ പൂർണമായി നശിച്ചവർ, ഉപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടായവർ, വാഹനങ്ങൾ ഒഴുകിപ്പോയവർ തുടങ്ങി ഉടുവസ്ത്രം മാത്രം ബാക്കിയായവർ വരെ ഈ പ്രദേശങ്ങളിലുണ്ട്.
നഷ്ടങ്ങളുടെ കണക്കുൾപ്പെടെ അതത് വില്ലേജ് ഓഫിസുകളിൽ അപേക്ഷ നൽകാനുള്ള നിർദേശം അനുസരിച്ച് ജില്ലാ ഭരണകൂടത്തിന്റെ അനുകൂല നിലപാട് പ്രതീക്ഷിച്ചിരിക്കുകയാണ് ദുരിതബാധിതർ.
12 കുടുംബങ്ങൾ തിരികെ വീടുകളിലേക്ക്
അടിമാലി ∙ അടിമാലിക്കു സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാംപിൽ കഴിയുന്ന 12 കുടുംബങ്ങളെ വീടുകളിലേക്ക് തിരികെ താമസിപ്പിക്കാൻ ദേവികുളം സബ് കലക്ടർ നിർദേശം നൽകി. താൽപര്യമുള്ളവർക്ക് വീടുകളിലേക്ക് മടങ്ങാം.
ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം ദേശീയപാതയിൽ പരിശോധനയ്ക്കു നിയോഗിച്ച 8 അംഗ ഉദ്യോഗസ്ഥ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. 36 കുടുംബങ്ങളാണ് ക്യാംപിൽ കഴിയുന്നത്.
ഇതിൽ 24 കുടുംബങ്ങളുടെ വീട് റെഡ് സോണിലും 12 കുടുംബങ്ങൾ ഓറഞ്ച് സോണിലുമാണു വരുന്നതെന്നു സംഘം കണ്ടെത്തി. തുടർന്നാണ് ഓറഞ്ച് സോണിലെ 12 കുടുംബങ്ങളെ വീടുകളിലേക്കു തിരികെ വിടുന്നതിനു നിർദേശം നൽകിയിരിക്കുന്നത്.
വിന്യസിപ്പിച്ചിരുന്ന ദേശീയ ദുരന്തനിവാരണ സേനാ (എൻഡിആർഎഫ്) അംഗങ്ങളെ ഇന്നലെ വൈകിട്ട് ജില്ലാ ഭരണകൂടം തിരിച്ചുവിളിച്ചു.
അവസരോചിത ഇടപെടൽ
അടിമാലി ∙ പൊലീസ് ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് ജില്ല ഭരണകൂടത്തിന്റെ അവസരോചിതമായി ഇടപെടലാണ് അടിമാലി ലക്ഷം വീട് നഗറിൽ ദുരന്തത്തിന്റെ തീവ്രത കുറയാൻ കാരണമായത്. തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടം തയാറാകുന്നില്ലെന്നാണ് പരാതി.
ദേശീയപാത നവീകരണ ജോലികളുടെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്തതിനെ തുടർന്ന് ലക്ഷം വീട് നഗറിന് മുകൾ ഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതായാണ് പൊലീസ് ഇന്റലിജൻസ് വിഭാഗം ദുരന്തം ഉണ്ടാകുന്നതിനു 3 ദിവസം മുൻപ് റിപ്പോർട്ട് നൽകിയത്.
ഇതിന് പരിഹാരം അടിയന്തരമായി ഉണ്ടായില്ലെങ്കിൽ വൻതോതിലുള്ള മണ്ണിടിച്ചിലിന് സാധ്യത ഉണ്ടെന്നും അപകടാവസ്ഥ ഒഴിവാകും വരെ ഇതിനു താഴ് ഭാഗത്തായുള്ള ലക്ഷം വീട് നഗറിൽ നിന്നുള്ള കുടുംബങ്ങളെ മാറ്റിപ്പർപ്പിക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ല കലക്ടർ ദിനേശൻ ചെറുവാട്ട് ശനിയാഴ്ച സംഭവ സ്ഥലം സന്ദർശിച്ച് അടിയന്തരമായി നടപടി സ്വീകരിക്കാൻ റവന്യു അധികാരികളെ ചുമതലപ്പെടുത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

