നെടുങ്കണ്ടം ∙ അമ്മയുടെയും മൂത്ത മകന്റെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇളയ മകൻ അറസ്റ്റിൽ.
ഇരുവരെയും കൊലപ്പെടുത്തിയശേഷം കുഴിച്ചുമൂടിയത് ഇളയ മകനാണെന്നു പൊലീസ് പറഞ്ഞു. തോട്ടുവാക്കട
പൊന്നൂട്ടിൽ മേരി (71), മകൻ റെജി (54) എന്നിവർ കൊല്ലപ്പെട്ട സംഭവത്തിൽ മേരിയുടെ ഇളയമകൻ സജി (43) ആണ് അറസ്റ്റിലായത്.
മൃതദേഹങ്ങൾ തിങ്കളാഴ്ച കണ്ടെത്തിയതിനു പിന്നാലെ സജിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. വീടിനു സമീപത്തെ ഏലത്തോട്ടത്തിൽ ഒളിച്ചുകഴിയുകയായിരുന്നു സജി, താൻ പിടിക്കപ്പെടുമെന്നുറപ്പായതോടെ ഇന്നലെ ഉച്ചയ്ക്ക് 12നു കീഴടങ്ങുകയായിരുന്നു.
തോട്ടുവാക്കട കവലയിലെ കടയിലെത്തിയ സജി തനിക്കു തെറ്റുപറ്റിയെന്നു കടയിലെ ജീവനക്കാരിയോടു പറഞ്ഞു.
സമീപത്തുണ്ടായിരുന്ന പൊലീസ് ഉടൻ സജിയെ പിടികൂടി.
സ്വത്തുതർക്കവും മാനസികപീഡനവുമാണു കൊലയ്ക്കു കാരണമെന്നാണു പ്രതിയുടെ മൊഴിയെന്നു പൊലീസ് പറഞ്ഞു. സജിയുടെ പിതൃത്വത്തെ റെജി ചോദ്യം ചെയ്തതും വഴക്കിനു കാരണമായി.
താൻ വിവാഹം കഴിക്കാൻ റെജി സമ്മതിച്ചിരുന്നില്ലെന്നും അതിന്റെ പേരിൽ തർക്കം പതിവായിരുന്നെന്നും സജി മൊഴി നൽകിയിട്ടുണ്ട്. മദ്യപിച്ചെത്തിയ ഒരു ദിവസം സജി തർക്കത്തിനിടെ റെജിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസ് നിഗമനം.
ഇതു ചോദ്യം ചെയ്ത മേരിയെ മർദിച്ച് എടുത്തെറിഞ്ഞു. ഇരുവരുടെയും മരണം ഉറപ്പാക്കി രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ വീടിനു സമീപത്തെ വിറകുപുരയിലെത്തിച്ച് വല ഉപയോഗിച്ചു മൂടിയിട്ടു.
തുടർന്നു വീടു വൃത്തിയാക്കി തുണികൾ കത്തിച്ചു. ഇതിന്റെ പിറ്റേന്നാണു വീട്ടുവളപ്പിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടത്.
ഈ ദിവസങ്ങളിലെല്ലാം സജി ജോലിക്കും പോയിരുന്നു.
ഒറ്റയ്ക്കാണു കൃത്യം നടത്തിയതെന്നു സജി സമ്മതിച്ചിട്ടുണ്ടെങ്കിലും എന്നാണു കൊലപാതകം നടത്തിയെന്നതു വ്യക്തമാക്കിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഏപ്രിൽ ആദ്യയാഴ്ച സംഭവം നടന്നതായാണു പൊലീസിനു ലഭിച്ച സൂചന.
ഇന്നലെ വൈകിട്ടു സജിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നു കോടതിയിൽ ഹാജരാക്കും.
സജി കുറ്റം സമ്മതിച്ചതിനു പിന്നാലെ മേരിയുടെയും റെജിയുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി. ഇന്നലെ വൈകിട്ടു മൂന്നോടെ സംസ്കാരം നടത്തി.
മേരിയുടെ ഭർത്താവ് പൊന്നൂട്ടിൽ മാത്യു 8 വർഷം മുൻപു കാണാതായ കേസിൽ പുനരന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
മരത്തിൽ ഇരുന്ന് സജിയുടെ നിരീക്ഷണം
പൊലീസ് അന്വേഷണം ആരംഭിച്ചതോടെ സജി ഒളിച്ചിരുന്നതു വീടിനു സമീപത്തെ ഏലത്തോട്ടത്തിൽ. ഇവിടെ തിങ്കളാഴ്ച രാത്രി പരിശോധനയ്ക്കിടെ രണ്ടു തവണ സജിയെ കണ്ടതായി പ്രദേശവാസികൾ പൊലീസിനെ അറിയിച്ചിരുന്നു.
തുടർന്നു പൊലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മരംകയറ്റത്തിൽ വിദഗ്ധനായ സജി മരത്തിന്റെ മുകളിലിരുന്നു പൊലീസിന്റെ നീക്കം നിരീക്ഷിച്ചിരിക്കാമെന്നാണു സൂചന.
പൊലീസ് ഇന്നലെ പകൽ ഡ്രോണും ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘങ്ങളുമായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതിനിടെ വീടിനടുത്തുള്ള വഴിയിലൂടെ നടന്നുവന്നാണു സജി കീഴടങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

