തൊടുപുഴ ∙ കനത്ത മഴയെത്തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കെടുതി. തുടർച്ചയായ രണ്ടാം ദിവസം മരം വീണു മരണവും.
ഉടുമ്പൻചോല കല്ലുപാലത്ത് മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. തമിഴ്നാട് തേവാരം സ്വദേശി ലീലാവതിയാണ് (60) മരിച്ചത്.
ജില്ലയിൽ പലയിടങ്ങളിലും മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസ്സപ്പെട്ടു. റോഡുകളിൽ വെള്ളം കയറി.
പലയിടങ്ങളിലും വൈദ്യുതി വിതരണം തകരാറിലായി. ജില്ലയിൽ ഇന്നലെ ആദ്യം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്, അതിതീവ്ര മഴ സാധ്യത കണക്കിലെടുത്ത് വൈകിട്ട് റെഡ് അലർട്ടാക്കി.
തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിൽ ഇന്നലെ പകൽ അതിശക്തമായ മഴയായിരുന്നു. ഹൈറേഞ്ച് മേഖലകളിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്.
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തത് ശരാശരി 70.58 മില്ലിമീറ്റർ മഴയാണ്.
ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ദേവികുളം താലൂക്കിലാണ്. ജില്ലയിൽ ഇന്ന് യെലോ അലർട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു നിർദേശമുണ്ട്.
തോട്ടങ്ങളിൽ ജോലികൾ നിർത്തിവച്ചു
ശക്തമായ മഴയും കാറ്റും മൂലം പീരുമേട് മേഖലയിലെ വൻകിട-ചെറുകിട തോട്ടങ്ങളിൽ ജോലികൾ നിർത്തിവച്ചു.
തുടർച്ചയായി ചെയ്യുന്ന മഴ മൂലം തൊഴിലാളികൾക്ക് ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണു നിലനിൽക്കുന്നത്. കൂടാതെ കാറ്റ് ആഞ്ഞ് വീശുന്നതു കാരണം ഏലത്തോട്ടങ്ങളിൽ മരങ്ങൾ കടപുഴകാനുള്ള സാധ്യതയും ഏറെയാണ്.
ഇതിനാൽ ജോലിക്കെത്തുന്നതിൽ തൊഴിലാളികളും വിമുഖത അറിയിച്ചിരുന്നു.
ഗ്യാപ് റോഡിലൂടെയുള്ള രാത്രികാല ഗതാഗതം നിരോധിച്ചു
ചെറുതോണി ∙ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പ്രകാരം റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊച്ചി ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ് റോഡിലൂടെയുള്ള രാത്രികാല റോഡ് ഗതാഗതം ഇന്ന് രാത്രിയും പകലും നിരോധിച്ച് കലക്ടർ ഉത്തരവിട്ടു. ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഗ്യാപ് റോഡിൽ മണ്ണിടിച്ചിലും, ഗതാഗത തടസ്സവും ഉണ്ടാകാനും പാറക്കഷണങ്ങൾ വാഹനങ്ങളിൽ പതിക്കാനും സാധ്യതയുള്ളതിനാൽ ഇതോടൊപ്പം റോഡിന്റെ വശങ്ങളിലുമുള്ള വാഹനങ്ങളുടെ പാർക്കിങ്ങും നിരോധിച്ചു.
ബൈക്കിന് മുകളിലേക്ക് മരം വീണ് യാത്രികന് പരുക്ക്
തൊടുപുഴ–മുട്ടം റോഡിൽ മ്രാലയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളിലേക്ക് വൻമരം കടപുഴകി വീണു.
ബൈക്ക് യാത്രികൻ നിസ്സാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.
വഴിവക്കിൽ നിന്ന വൻ മരം കടപുഴകി ഓടിക്കൊണ്ടിരുന്ന കോടിക്കുളം കാവഞ്ചേരിൽ കെ.കെ.മനോജിന്റെ ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. പരുക്കേറ്റ മനോജിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലങ്കര എസ്റ്റേറ്റ് ഫാക്ടറിയുടെ എതിർവശത്ത് നിന്ന വലിയ പാഴ് മരമാണ് കടപുഴകി ബൈക്കിന്റെ കൈപ്പിടിയിലേക്കും ടാങ്കിലേക്കുമായി വീണത്.
മരത്തിന്റെ തടിയുള്ള ചുവട് ഭാഗം ബൈക്കിലും ശിഖരങ്ങൾ റോഡിന്റെ മറുഭാഗത്തുള്ള വൈദ്യുത കമ്പികളിലും റബർ മരത്തിലും തങ്ങിനിന്നു. മരം മുറിച്ചു മാറ്റിയ ശേഷമാണ് മരത്തിന് അടിയിൽ കുടുങ്ങിക്കിടന്ന ബൈക്ക് പുറത്തെടുക്കാനായത്.
ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു. റോഡിന് കുറുകെ കിടന്ന മരം അഗ്നിരക്ഷാ സേനാംഗങ്ങൾ വെട്ടിനീക്കി. പ്രദേശവാസിയും സഹായിക്കാനായി എത്തിയിരുന്നു.
ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് മരം മുറിച്ചു മാറ്റിയത്. ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
മാട്ടുപ്പെട്ടി ജലസംഭരണി ജലനിരപ്പ് റെഡ് അലർട്ടിൽ
തൊടുപുഴ ∙ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മാട്ടുപ്പെട്ടി ജലസംഭരണിയിൽ ജലനിരപ്പ് റെഡ് അലർട്ടിലെത്തി. നിലവിൽ 1598.00 മീറ്ററാണ് ജലനിരപ്പ്.
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്. 1599.59 മീറ്ററാണ് പരമാവധി സംഭരണശേഷി. ജലനിരപ്പുയർന്നാൽ ഷട്ടർ തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഷട്ടർ തുറന്നാൽ മുതിരപ്പുഴയാറിൽ ജലനിരപ്പുയരാൻ സാധ്യത ഉള്ളതിനാൽ ജില്ലാ ഭരണകൂടം മൂന്നാർ, മുതിരപ്പുഴ, കല്ലാർകുട്ടി, ലോവർ പെരിയാർ മേഖലകളിലുള്ളവർക്ക് അതീവജാഗ്രതാ നിർദേശം നൽകി.
മഴയുടെ അളവ് താലൂക്ക് തിരിച്ച് (മില്ലിമീറ്ററിൽ)
പീരുമേട്–77.3
ദേവികുളം–93.8
തൊടുപുഴ–75.4
ഇടുക്കി–61.4
ഉടുമ്പൻചോല–45
* ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്ത മഴ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]