കുമളി ∙ മറയൂരിലെ ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയതിനെത്തുടർന്ന് പിടികൂടി പെരിയാർ കടുവ സങ്കേതത്തിലെ ഉൾവനത്തിൽ വിട്ട കടുവ വീണ്ടും ജനവാസ മേഖലയിൽ എത്തി.
കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു. പെരിയാർ തങ്കമല മാട്ടുപ്പെട്ടി ഡിവിഷൻ ഭാഗത്താണ് കടുവ എത്തിയിരിക്കുന്നത്.
ഇന്നലെ ഓൺലൈനായി അടിയന്തിര യോഗം ചേർന്ന ദേശീയ കടുവ സംരക്ഷണ അതോറിറ്റി മോണിറ്ററിങ് കമ്മിറ്റി കടുവയെ പിടികൂടാൻ തീരുമാനിച്ചു. രണ്ട് കൂടാണ് സ്ഥാപിച്ചത്.
പിടികൂടി ഉൾവനത്തിൽ വിടണമോ? അതോ മൃഗശാലയിൽ ആക്കണോ? എന്ന കാര്യത്തിൽ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിർദേശം തേടിയിട്ടുണ്ട്. ഒരിക്കൽ കൂട്ടിൽ അകപ്പെട്ട
കടുവ വീണ്ടും കൂടിനുള്ളിൽ കയറുമോ എന്ന ആശങ്കയുമുണ്ട്.
ഈ മാസം രണ്ടാം തീയതിയാണ് മൂന്നാർ ജനവാസ മേഖലയിൽ ഭീതി പടർത്തിയ കടുവയെ പെരിയാർ ടൈഗർ റിസർവിന്റെ ഉൾവനത്തിൽ എത്തിച്ച് തുറന്നുവിട്ടത്. കടുവയുടെ നീക്കങ്ങൾ അറിയാൻ റേഡിയോ കോളർ ഘടിപ്പിച്ചിരുന്നു.
10 പേരടങ്ങുന്ന വനപാലക സംഘം കഴിഞ്ഞ മൂന്ന് ആഴ്ചയായി കടുവയെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ രാത്രി തങ്കമല ജനവാസ മേഖലയ്ക്ക് സമീപം എത്തിയതായി സിഗ്നൽ ലഭിക്കുന്നത്.
ഈ സമയം തങ്കമല മൂലക്കയം ആറാം നമ്പർ ഭാഗത്ത് പ്രദേശവാസിയായ ശേഖർ എന്നയാൾ കടുവ തേയില തോട്ടത്തിലേക്ക് ചാടുന്നതു കണ്ടു. ഈ വിവരം നാട്ടുകാർ വനപാലകരെ അറിയിച്ചു.
പെരിയാർ കടുവ സങ്കേതം അസി. ഫീൽഡ് ഡയറക്ടർ ആർ.ലക്ഷ്മിയുടെ നേതൃത്വത്തിൽ രാത്രി 11 മണിയോടെ കൂടുതൽ വനപാലകർ സ്ഥലത്തെത്തി നിരീക്ഷണം ശക്തമാക്കി.
കൂടുതൽ ആർആർടി അംഗങ്ങളും സ്ഥലത്തുണ്ട്.
കോട്ടയം ഡിഎഫ്ഒ പ്രഫുൽ അഗർവാളും സ്ഥലത്തെത്തി സ്ഥിതിഗതികൾ ഉന്നത ഉദ്യോഗസ്ഥരുമായി പങ്കുവച്ചു. ആറാം നമ്പർ ഭാഗത്തെ കാടിനുള്ളിലാണ് കടുവ നിൽക്കുന്നത്.
ഇതിന്റെ 100 മീറ്റർ ചുറ്റളവിൽ ആയുധധാരികളായ ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിട്ടുണ്ട്. ജനങ്ങൾ ആശങ്കപ്പെടേണ്ട
സാഹചര്യം നിലവിലില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. രാത്രി കടുവ വീണ്ടും കാട്ടിലേക്ക് കയറും എന്ന പ്രതീക്ഷയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.
മൂന്നു മാസത്തിനിടെ 22 കന്നുകാലികളെ കൊന്ന കടുവയെയാണ് മറയൂർ കാപ്പി സ്റ്റോറിൽ നിന്ന് മാർച്ച് 31നു പിടികൂടി പെരിയാറിൽ തുറന്നു വിട്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

