മറയൂർ–കാന്തല്ലൂർ മലനിരകളിൽ കനത്ത മഴയോടൊപ്പം ശക്തമായ മൂടൽമഞ്ഞും അനുഭവപ്പെടുന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഇടവിട്ട് മഴ ലഭിച്ചുവരികയായിരുന്നെങ്കിലും, ഞായറാഴ്ച രാവിലെ മുതൽ മഴയുടെ ശക്തി വർധിക്കുകയായിരുന്നു.
തിങ്കളാഴ്ചയോടെ മഴയുടെ തീവ്രതയിൽ ചെറിയ കുറവുണ്ടായിട്ടുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ തുടരുകയാണ്. മറയൂർ–കാന്തല്ലൂർ റോഡ് ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ പകൽസമയങ്ങളിൽ പോലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്.
മൂടൽമഞ്ഞ് കാരണം കാഴ്ചാപരിധി ഗണ്യമായി കുറഞ്ഞത് വാഹനഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഡ്രൈവർമാർക്ക് ബുദ്ധിമുട്ട് നേരിടുന്നതിനാൽ വാഹനങ്ങൾ പകൽ സമയത്തും ഹെഡ്ലൈറ്റ് തെളിച്ചാണ് ഇതുവഴി കടന്നുപോകുന്നത്.
കാലാവസ്ഥ മോശമായതിനെ തുടർന്ന് ഈ മേഖലയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി ശനി, ഞായർ എന്നീ അവധി ദിവസങ്ങളിൽ വലിയ തോതിൽ സഞ്ചാരികൾ എത്താറുള്ള പ്രദേശത്ത് ഇത്തവണ തിരക്ക് വളരെ കുറവായിരുന്നു.
അയൽ സംസ്ഥാനമായ തമിഴ്നാട്ടിലും മഴ ശക്തമായി തുടരുന്നതിനാൽ അവിടെ നിന്നുള്ള സഞ്ചാരികളുടെ വരവും കുറഞ്ഞതായാണ് അധികൃതർ വിലയിരുത്തുന്നത്. നിലവിൽ മറ്റ് അനിഷ്ട
സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

