തൊടുപുഴ ∙ കാലം എത്ര മാറിയാലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ സ്ഥാനമുണ്ട് പോസ്റ്ററുകൾക്ക്. പ്രചാരണത്തുടക്കത്തിൽ പ്രവർത്തകർക്ക് ഏറെ ആവേശം പകരുന്നതും മത്സരിച്ചുള്ള പോസ്റ്റർ ഒട്ടിക്കൽ തന്നെ.
രാത്രി മുതൽ പുലർച്ചെ വരെയുള്ള സമയത്താണ് പോസ്റ്റർ പതിക്കൽ. ഇതിനായി മതിലുകൾ, കവലകൾ എന്നിവയെല്ലാം നേരത്തെ നോട്ടമിട്ടു വച്ചിട്ടുണ്ടാവും.
എതിർ സ്ഥാനാർഥിക്കു പോസ്റ്ററുകൾ പതിക്കാൻ അധികം ഇടം കൊടുക്കാതെ കൂടുതൽ സ്ഥലങ്ങളിൽ പോസ്റ്റർ ഒട്ടിക്കുക, എതിരാളികളുടെ പോസ്റ്ററുകൾ ഒട്ടിച്ചിട്ടുണ്ടെങ്കിൽ അതിനു തൊട്ടടുത്ത് കൂടുതൽ പോസ്റ്ററുകൾ പതിക്കുക,
എതിർ പാർട്ടിയിൽപെട്ട
നേതാക്കളുടെ വീടിനു സമീപം പോസ്റ്റർ ഒട്ടിക്കുക എന്നിങ്ങനെ നീളുന്നു പോസ്റ്റർ ഒട്ടിക്കലിലെ തന്ത്രങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുത്തതോടെ വഴിയോരത്തെ മതിലുകളിലും കെട്ടിടങ്ങളുടെ ഭിത്തികളിലുമൊക്കെ ഇപ്പോൾ പോസ്റ്ററുകൾ നിറഞ്ഞു.
സ്ഥാനാർഥികളുടെ പുഞ്ചിരിച്ച മുഖമുള്ള, പുതുമയാർന്ന ഡിസൈനുകളിലുള്ള പോസ്റ്ററുകളാണ് തയാറാക്കിയിട്ടുള്ളത്. കടലാസ് വില കൂടിയതോടെ പോസ്റ്ററുകൾക്കും ഇപ്പോൾ ചെലവേറിയെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
ഡബിൾ ക്രൗൺ, ഡബിൾ ഡെമ്മി, ഡെമ്മി സൈസിലുള്ള പോസ്റ്ററുകളാണ് കൂടുതലായും ഉപയോഗിക്കുന്നത്.
ഡബിൾ ക്രൗൺ സൈസ് പോസ്റ്ററുകൾ പതിനായിരം കോപ്പി പ്രിന്റ് ചെയ്യുമ്പോൾ ഒരെണ്ണത്തിന് 6 രൂപയാണ് ഈടാക്കുന്നത്. ഡെമ്മി സൈസിന് 4.50–5 രൂപ, ഡബിൾ ഡെമ്മി സൈസിന് 8–9 രൂപ വരെ ചെലവ് വരും.
പേപ്പറിന്റെ ഗുണനിലവാരം അനുസരിച്ച് വിലയിലും മാറ്റം വരും. ഒരു മണ്ഡലത്തിലേക്കു 30,000 മുതൽ 40,000 വരെ പോസ്റ്ററുകൾ ഒരു സ്ഥാനാർഥിക്കു വേണ്ടി വരും.
സമൂഹമാധ്യമങ്ങളടക്കം കൂടുതൽ പ്രചാരണ മാർഗങ്ങൾ വന്നതോടെ മുൻപത്തെ അപേക്ഷിച്ച് ഇപ്പോൾ പോസ്റ്ററുകളുടെ എണ്ണം രാഷ്ട്രീയപാർട്ടികൾ കുറച്ചിട്ടുണ്ട്.
മുൻപ് തമിഴ്നാട്ടിലെ ശിവകാശിയിലാണ് പോസ്റ്ററുകൾ പ്രിന്റ് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ കൂടുതൽ പ്രസുകളും ആധുനിക മെഷീനറികളും വന്നതോടെ എറണാകുളത്തെ പ്രസുകളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. പോസ്റ്റുകളിലും തൂണുകളിലും മറ്റും ഒട്ടിക്കുന്ന വീതി കുറഞ്ഞ പോസ്റ്ററുകളും കൂടുതലായി പ്രിന്റ് ചെയ്യുന്നുണ്ട്.
ഇതിനുപുറമെ സ്ഥാനാർഥികളുടെ ചിത്രവും ചിഹ്നവുമടങ്ങിയ ഈസ്റ്റർ, വിഷു, റമസാൻ ആശംസാ കാർഡുകളും ഇറക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

