തൊടുപുഴ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന കോളപ്ര-കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതിയിൽ ക്രമക്കേടുകൾ നടന്നെന്നാരോപിച്ച് മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ സമർപ്പിച്ച പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് ഡയറക്ടറേറ്റ് ഉത്തരവിട്ടു. തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബേബി ജോസഫ് വണ്ടനാനി നൽകിയ പരാതിയിലാണ് വിജിലൻസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടോയെന്ന് വിജിലൻസ് ആസ്ഥാനം പരിശോധിക്കും. പദ്ധതിയിലെ പ്രധാന ആരോപണങ്ങൾ
സർക്കാരിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുകയും സ്വകാര്യ ഏജൻസിക്ക് വൻ നേട്ടം കൈവരിക്കാൻ അവസരമൊരുക്കുകയും ചെയ്യുന്ന രീതിയിലാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കിയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
ജലാശയങ്ങളും പരിസരപ്രദേശങ്ങളും 30 വർഷത്തേക്ക് പാട്ടത്തിന് നൽകിയ കരാർ പ്രകാരം, വരുമാനത്തിന്റെ 3.5 ശതമാനം മാത്രമാണ് സർക്കാരിന് ലഭിക്കുന്നത്. ശേഷിക്കുന്ന 96.5 ശതമാനം തുകയും സ്വകാര്യ ഏജൻസിക്ക് ലഭിക്കും വിധമാണ് ക്രമീകരണങ്ങൾ.
ടെൻഡറിൽ ‘കോഴിക്കോട് എഫ്എസ്ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന ഒരു കമ്പനി മാത്രമാണ് പങ്കെടുത്തത്. എന്നാൽ, റീടെൻഡർ നടപടികൾക്ക് മുതിരാതെ ഈ കമ്പനിക്ക് തന്നെ കരാർ ഉറപ്പിച്ചതിൽ ദുരൂഹതയുണ്ടെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.
കൂടാതെ, മലങ്കര ഡാമിന് പുറമേ കാഞ്ഞിരപ്പുഴ (പാലക്കാട്), ഭൂതത്താൻകെട്ട് (എറണാകുളം) എന്നീ ജലാശയങ്ങളിലെ ടൂറിസം പദ്ധതികളും ചെറുതോണി ഡാമിലെ വാട്ടർ എക്സ്പീരിയൻസ് പാർക്കും ഇതേ കമ്പനിക്ക് ലഭിച്ചതും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വിശദീകരണവുമായി റോഷി അഗസ്റ്റിൻ
പദ്ധതിയുമായി ബന്ധപ്പെട്ട
ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് റോഷി അഗസ്റ്റിൻ പ്രതികരിച്ചു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ (PPP) നടപ്പിലാക്കുന്ന പദ്ധതിയാണിതെന്നും, സർക്കാരിന് യാതൊരു ചെലവുമില്ലാത്ത രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
“സർക്കാരിന് ഒരു പൈസ പോലും ചെലവില്ലാത്ത, പൊതു–സ്വകാര്യ മാതൃകയിലുള്ള പദ്ധതിയാണിതെന്നും ഏത് അന്വേഷണവും സ്വാഗതം ചെയ്യുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. പദ്ധതിയുടെ മുഴുവൻ നിർമാണച്ചെലവും തിരഞ്ഞെടുക്കപ്പെട്ട
സ്വകാര്യ കമ്പനിയാണു വഹിക്കുന്നത്. പദ്ധതിപ്രദേശം 30 വർഷത്തേക്കു പാട്ടത്തിനു നൽകുക മാത്രമാണു സർക്കാർ ചെയ്തത്.
പദ്ധതിക്കായി പലതവണ താൽപര്യപത്രം ക്ഷണിച്ചതിൽ അപാകതയില്ല. നടപടിക്രമങ്ങളെല്ലാം പാലിച്ചിട്ടുണ്ട്.
2 വർഷത്തിനകം നിർമാണം പൂർത്തിയാക്കി പ്രവർത്തനമാരംഭിക്കുന്ന പദ്ധതി, 30 വർഷത്തിനു ശേഷം സർക്കാരിനു കൈമാറും. ഇതോടെ 116 കോടിയുടെ ആസ്തിയും പദ്ധതിയിൽ നിന്നുള്ള മുഴുവൻ വരുമാനവും സർക്കാരിനു സ്വന്തമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

