വേനൽച്ചൂടിൽ വെന്തുരുകുകയാണ് ഇടുക്കി ജില്ല. നഗര, ഗ്രാമ വ്യത്യാസമില്ലാതെ പകൽ താപനില ഉയർന്നുതന്നെ നിൽക്കുന്നു.
ഇതോടൊപ്പം ഉയർന്ന യുവി ഇൻഡക്സും ആശങ്കയ്ക്ക് ഇടയാക്കുന്നു. കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരുമെല്ലാം കൊടുംചൂടിൽ വലയുകയാണ്.
പല പ്രദേശങ്ങളും ജലക്ഷാമത്തിന്റെ പിടിയിലായി. കാർഷികവിളകൾ വാടിക്കരിഞ്ഞു.
വരും ദിവസങ്ങളിൽ കാര്യമായി വേനൽമഴ ലഭിച്ചെങ്കിൽ മാത്രമേ ഇതിനെല്ലാം പരിഹാരമാകൂ…
വേനൽമഴയില്ല; വട്ടവടയിൽ പ്രതിസന്ധി
മൂന്നാർ ∙ വേനൽ കടുത്തതോടെ ജലക്ഷാമം ഏറ്റവുമധികം രൂക്ഷമായി ബാധിച്ചത് മൂന്നാറിലെ തേയിലത്തോട്ടങ്ങളിലും വട്ടവടയിലെ പച്ചക്കറി കൃഷികൾക്കുമാണ്. സംസ്ഥാനത്തിന്റെ പച്ചക്കറി കലവറയായ വട്ടവടയിൽ സാധാരണ ഏപ്രിൽ, മേയ് മാസങ്ങളിൽ ആവശ്യത്തിന് മഴ ലഭിക്കുന്നതാണ്.
മഴ ലഭിച്ചു കഴിഞ്ഞാലുടൻ കൃഷിയിടങ്ങൾ ഒരുക്കി തൈകൾ നടുന്നതാണ് രീതി. ഓണക്കാലത്തേക്കാവശ്യമുള്ള പച്ചക്കറികൾ മേയ് മാസത്തിൽ ഇറക്കുന്ന കൃഷികളിൽനിന്നാണ് വിളവെടുക്കുന്നത്.
എന്നാൽ, പതിവിനു വിരുദ്ധമായി വട്ടവടയിൽ ഇത്തവണ മഴയൊന്നും ലഭിക്കാത്തത് കർഷകർക്ക് കടുത്ത തിരിച്ചടിയായിരിക്കുകയാണ്. വേനൽമഴ ആവശ്യത്തിന് ലഭിക്കാത്തത് മൂന്നാറിലെ തേയിലച്ചെടികളെയും സാരമായി ബാധിച്ചിട്ടുണ്ട്.
മൂന്നാർ, ദേവികുളം മേഖലയിലെ തോട്ടങ്ങളിലെ ജലസ്രോതസ്സുകൾ സജീവമാണെങ്കിലും വാഗുവരൈ മേഖലകളിൽ തേയില ചെടികൾ ഉണങ്ങാതിരിക്കാനായി സ്പ്രിൻക്ലർ ഉപയോഗിച്ച് നനയ്ക്കുന്നത് ആരംഭിച്ചു.
തേക്കടി തടാകത്തിലെ ജലനിരപ്പ് താഴുന്നു
കുമളി ∙ ശക്തമായ വേനൽച്ചൂടിൽ തേക്കടി തടാകത്തിലെ ജലനിരപ്പ് വലിയ തോതിൽ താഴുന്നത് കുമളി, ചക്കുപള്ളം പഞ്ചായത്തുകളിലെ ശുദ്ധജല വിതരണത്തിന് ഭീഷണിയാകും. തേക്കടിയിൽനിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽനിന്നാണ് വാട്ടർ അതോറിറ്റി വെള്ളം പമ്പ് ചെയ്യുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ കനാലിൽ സ്ഥാപിച്ചിരുന്ന മോട്ടർ ആഴമുള്ള ഭാഗത്തേക്ക് മാറ്റിസ്ഥാപിച്ചാണ് ഇപ്പോൾ പമ്പിങ് നടത്തുന്നത്. നിലവിലെ സ്ഥിതി രണ്ടാഴ്ച കൂടി തുടർന്നാൽ സ്ഥിതി ഗുരുതരമാകും.
പഞ്ചായത്ത് അധികൃതരും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥിതി സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ശക്തമായ വേനൽ മഴ ലഭിച്ചാൽ പ്രതിസന്ധി തരണം ചെയ്യാം.
അത്തരത്തിൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ജലക്ഷാമത്തിൽ വലഞ്ഞ് വിവിധ പ്രദേശങ്ങൾ
∙ അടിമാലി, കൊന്നത്തടി, വെള്ളത്തൂവൽ, മാങ്കുളം പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്. ജലജീവൻ പദ്ധതിയുടെ പൂർത്തീകരണം താളം തെറ്റിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
കൊന്നത്തടി പഞ്ചായത്തിലെ തിങ്കൾക്കാട്, പനംകുട്ടി, നെടിയാനിതണ്ട്, മുക്കുടം, കണ്ണാടിപ്പാറ, കൈലാസം, ആൽപാറ, പണിക്കൻകുടി ലക്ഷം വീട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ജലക്ഷാമമുണ്ട്.
∙ കാഞ്ചിയാർ പഞ്ചായത്തിലെ കോഴിമല മേഖലയിൽ കിണറുകളും കുഴൽക്കിണറുകളും അടക്കമുള്ള ജലസ്രോതസ്സുകൾ വറ്റി. ഇതോടെ വൻതുക മുടക്കി വാഹനങ്ങളിൽ വെള്ളം എത്തിക്കേണ്ട
ഗതികേടിലാണ് ജനം. കോഴിമല നെടുംതറയിൽ അജീഷിന്റെ വീട്ടുവളപ്പിലെ കിണർ ഫെബ്രുവരിയോടെ വറ്റി.
തുടർന്ന് വാഹനങ്ങളിലാണ് വെള്ളം എത്തിക്കുന്നത്. 2,000 ലീറ്റർ വെള്ളം എത്തിക്കാൻ 500 മുതൽ 600 രൂപ വരെ ചെലവാകും.
ബാലവാടി, അമ്പലമേട്, എസ്എൻഡിപി പടി തുടങ്ങിയ മേഖലകളിലുള്ളവരെല്ലാം സമാനമായ സ്ഥിതിയിലാണ്. കോഴിമല മേഖലയിലെ ജലക്ഷാമം പരിഹരിക്കാൻ പദ്ധതികളൊന്നും നിലവിലില്ല.
ജല ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുകയും ഹൗസ് കണക്ഷൻ നൽകുകയും ചെയ്തിട്ടുണ്ടെങ്കിലും വെള്ളം എന്നെത്തുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.
∙ വേനൽ കടുത്തതോടെ ശുദ്ധജലമില്ലാതെ കാമാക്ഷി പഞ്ചായത്തിലെ കരിക്കിൻമേട്, മാടപ്ര, പ്രകാശ്, അമ്പലമേട്, പുഷ്പഗിരി, കൂട്ടക്കല്ല് തുടങ്ങിയ പ്രദേശങ്ങളിൽ ജനങ്ങൾ നെട്ടോട്ടമോടിത്തുടങ്ങി. മാടപ്ര, കരിക്കിൻമേട് ഭാഗങ്ങളിൽ ശുദ്ധജല പദ്ധതികൾ ഉണ്ടെങ്കിലും ഓരോ വേനൽക്കാലത്തും നാലഞ്ച് മാസങ്ങൾ ഇവിടത്തെ നാട്ടുകാർക്ക് ശുദ്ധജലത്തിനു മറ്റു മാർഗങ്ങൾ തേടണം.
നൂറ്റി നാൽപതോളം കുടുംബങ്ങളാണ് ഈ മേഖലയിൽ മാത്രം ശുദ്ധജലത്തിനു പ്രതിസന്ധി നേരിടുന്നത്.
കുടിവെള്ളം പോലും കിട്ടാതായതോടെ പലയിടങ്ങളിലും സ്വകാര്യ വാഹനങ്ങളിൽ ദൂരസ്ഥലങ്ങളിൽനിന്നു വെള്ളം എത്തിച്ചാണ് നാട്ടുകാർ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നത്. 1500 ലീറ്റർ വെള്ളം ലഭിക്കണമെങ്കിൽ ദൂരത്തിന്റെ അടിസ്ഥാനത്തിൽ 700 രൂപ മുതൽ 1000 രൂപ വരെ മുടക്കണം.
എന്നാൽ പോലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഇത്തരത്തിൽ വെള്ളം ലഭിക്കുന്നതെന്നും പ്രദേശവാസികൾ പറയുന്നു. സമീപത്തെ മരിയാപുരം, വാത്തിക്കുടി പഞ്ചായത്തുകളിലെ ഉയർന്ന ഭാഗങ്ങളിൽ ആഴ്ചകൾക്കു മുൻപു തന്നെ ശുദ്ധജലക്ഷാമം രൂക്ഷമായെങ്കിലും അധികൃതർ ഇടപെട്ട് വെള്ളം വിതരണം ചെയ്തു തുടങ്ങിയതോടെ പ്രതിസന്ധി ഒരു പരിധിവരെ തരണം ചെയ്തു.
∙ ആനയിറങ്കൽ ഡാം തുറന്നതിനാൽ പന്നിയാർ പുഴ ജലസമൃദ്ധമാണ്.
അതുകാെണ്ട് തന്നെ ശാന്തൻപാറ, സേനാപതി, രാജകുമാരി, രാജാക്കാട് പഞ്ചായത്തുകളിലെ പന്നിയാർ പുഴയുടെ ഇരു കരകളിലുമുള്ളവർക്ക് നിലവിൽ ശുദ്ധജലക്ഷാമമില്ല. എന്നാൽ, വിദൂര മേഖലകളിൽ ജലക്ഷാമം രൂക്ഷമാണ്.
പല സ്ഥലങ്ങളിലും ശുദ്ധജലം വില കാെടുത്ത് വാങ്ങുന്ന സ്ഥിതിയാണ്. ജലജീവൻ പദ്ധതിയിലുൾപ്പെടുന്ന ജലവിതരണ പദ്ധതികളാെന്നും പൂർത്തിയാകാത്തതും തിരിച്ചടിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

