രാജകുമാരി∙ ഇനിയുമെത്ര അപകടങ്ങൾക്ക് സാക്ഷികളാകണം, രാജകുമാരി പന്നിയാർ ജംക്ഷൻ മുതൽ കോളജ് പടി വരെയുള്ള അര കിലോമീറ്ററോളം ഭാഗത്ത് താമസിക്കുന്ന നാട്ടുകാരുടെയും സ്ഥിരമായ ഇൗ വഴി സഞ്ചരിക്കുന്നവരുടെയും ചോദ്യമാണിത്. കഴിഞ്ഞ ദിവസം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് തൃശൂർ സ്വദേശി ബിനുമോൻ മാത്യു(47) മരിച്ചതാണ് അവസാനം നടന്ന അപകടം.
ഇതിന് മുൻപ് ചെറുതും വലുതുമായ വാഹനാപകടങ്ങളിലായി പത്തോളം പേരുടെ ജീവനാണ് പാെലിഞ്ഞത്.
1997ലാണ് പന്നിയാർ ജംക്ഷന് സമീപം അപകടത്തിൽ ആദ്യമായി ഒരാൾ മരിച്ചതെന്ന് നാട്ടുകാർ പറയുന്നു. കുരുവിളാസിറ്റിയിൽ ആലുവ അടുപ്പ് വ്യാപാരത്തിനെത്തിയ യുവാവാണ് അന്ന് ജീപ്പ് ബൈക്കിൽ ഇടിച്ച് മരിച്ചത്.
അതിനുശേഷം ബൈക്ക് യാത്രികരായ അര ഡസനിലധികം യുവാക്കൾ മരിക്കുകയും ഒട്ടേറെപ്പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
നിരപ്പായ റോഡിൽ വേഗം നിയന്ത്രിക്കുന്നതിന് സംവിധാനമില്ലാത്തതാണ് അപകടങ്ങളുടെ പ്രധാന കാരണം. യുവാക്കളുടെ അശ്രദ്ധമായ ഡ്രൈവിങ് മൂലം ഗതാഗത നിയമങ്ങൾ പാലിച്ച് സാവധാനത്തിൽ വാഹനമോടിച്ച് വരുന്നവരെയും അപകടത്തിൽപെടുത്തുന്നു.
ലൈസൻസില്ലാത്ത കുട്ടി ഡ്രൈവർമാർ സ്ഥിരമായി അപകടങ്ങളുണ്ടാക്കുന്നതിനാൽ ഇവിടെ ക്യാമറ സ്ഥാപിക്കണമെന്ന് നാട്ടുകാർ പാെലീസിനോടും മോട്ടർ വാഹന വകുപ്പിനോടും നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ പന്നിയാർ ജംക്ഷന് സമീപം നേരത്തെ സന്നദ്ധ സംഘടനയും സമീപത്ത് വീടുള്ള വ്യവസായിയും ചേർന്ന് ഡിവൈഡിങ് സ്ട്രിപ് സ്ഥാപിച്ചെങ്കിലും പിന്നീട് അധികൃതർ ഇടപെട്ട് ഇതെടുത്ത് മാറ്റിയെന്ന് നാട്ടുകാർ പറയുന്നു. അതിനുശേഷം അപകടങ്ങളുടെ എണ്ണം വർധിച്ചു.
ആളപായമുണ്ടാകുമ്പോൾ മാത്രമാണ് അപകടങ്ങൾ അധികൃതർ അറിയുന്നത്.
നാടിനെ കണ്ണീരിലാഴ്ത്തി ബിനുമോന്റെ മരണം
ഞായറാഴ്ച വൈകുന്നേരം പന്നിയാർ ജംക്ഷനിൽ വച്ച് ബൈക്ക് അപകടത്തിൽ മരിച്ച ബിനുമോൻ മാത്യു 4 മാസം മുൻപ് മാത്രമാണ് കുളപ്പാറച്ചാലിലെ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ ശുശ്രൂഷകനായെത്തിയത്. എങ്കിലും ചുരുങ്ങിയ നാളുകൊണ്ടുതന്നെ ഇൗ നാടും നാട്ടുകാരുമായി ദൃഢമായ ബന്ധത്തിലായി.
അദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ച അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് പാെതുദർശനത്തിനു വച്ച കുളപ്പാറച്ചാലിലും വൻ ജനാവലിയാണ് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയത്. ബിനുമോൻ മാത്യുവിന്റെ മരണത്തിൽ തകർന്നുപോയ ഭാര്യ സന്ധ്യയെയും പറക്കമുറ്റാത്ത 3 മക്കളെയും ആശ്വസിപ്പിക്കാനാകാതെ കണ്ടുനിന്നവരെല്ലാം വിഷമിച്ചു. ബിനുമോൻ മാത്യുവിന്റെ സംസ്കാര ചടങ്ങുകൾ ഇന്നലെ കരിപ്പാകുന്ന് സെമിത്തേരിയിൽ നടന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]