
കാഞ്ഞാർ ∙ ഒട്ടേറെ വിനോദസഞ്ചാരികളെത്തുന്ന ഇലവീഴാപ്പൂഞ്ചിറ റോഡ് തകർന്നു. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായി.
വർഷങ്ങളോളം തകർന്നു കിടന്ന റോഡ് , മാസങ്ങൾക്ക് മുൻപാണ് ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കിയത്. എന്നാൽ ആവശ്യത്തിനു കലുങ്കുകൾ നിർമിക്കാത്തതിനാൽ വെള്ളം പരന്നൊഴുകി റോഡ് തകരുകയാണ്. കാഞ്ഞാർ മുതൽ പൂഞ്ചിറ വരെയുള്ള 13 കലുങ്കുകളാണ് നിർമിക്കേണ്ടത്.
ഇവിടങ്ങളിലെല്ലാം വലിയ കുഴികൾ രൂപപ്പെട്ടുകഴിഞ്ഞു.
വാഹനങ്ങൾ ഏറെ നേരമെടുത്താണ് കുഴികളിലൂടെ കയറിയിറങ്ങി പോകുന്നത്. ചിലയിടങ്ങളിൽ ഉയരം കുറഞ്ഞ വാഹനങ്ങളുടെ അടി തട്ടുന്നതിനാൽ മടങ്ങിപ്പോകുന്ന സാഹചര്യവുമുണ്ട്.
ചെറിയ കലുങ്ക് പണിതാൽ മാത്രം പരിഹരിക്കാൻ കഴിയുന്ന പ്രശ്നമാണ് അധികൃതർ അവഗണിക്കുന്നത്. റോഡ് ഗതാഗതയോഗ്യമാക്കിയാൽ ഇലവീഴാപ്പൂഞ്ചിറയിലേക്ക് ഒട്ടേറെ സഞ്ചാരികളെത്തും.
ഇടുക്കി ജില്ലയിലെ ഈ പ്രദേശത്ത് ടാറിങ് അടക്കമുള്ള ജോലി ചെയ്യാൻ ജില്ലയിലെ ജനപ്രതിനിധികൾ നടപടി എടുക്കാത്തതാണ് ദുരവസ്ഥക്ക് കാരണമെന്നും ആക്ഷേപമുണ്ട്.
25 വർഷം മുൻപ് തുടങ്ങിയ റോഡ് നിർമാണം ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇടുക്കി ജില്ലയിലെത്തുന്നവരും കോട്ടയം ജില്ലയിലെ കാഞ്ഞിരംകവലയിലെത്തി ഇലവീഴാപ്പൂഞ്ചിറയ്ക്കു പോകേണ്ട
ഗതികേടിലാണ്. പ്രകൃതി സൗന്ദര്യം കൊണ്ട് കേരളത്തിലെ ഏതു ടൂറിസ്റ്റ് കേന്ദ്രത്തോടും കിടപിടിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം.
സമുദ്ര നിരപ്പിൽ നിന്ന് 3200 അടി ഉയരത്തിലാണ് ഇലവീഴാപൂഞ്ചിറ സ്ഥിതി ചെയ്യുന്നത്. തൊടുപുഴയിൽ നിന്ന് മുട്ടം മേലുകാവ് വഴി 20 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം. കാഞ്ഞാറിൽ നിന്ന് കൂവപ്പള്ളി ചക്കിക്കാവ് വഴി 9 കിലോമീറ്റർ സഞ്ചരിച്ചും എത്തിപ്പെടാൻ കഴിയും. എന്നാൽ കാഞ്ഞാറിൽ നിന്നുള്ള റോഡ് നന്നാക്കാത്തതിനാൽ സഞ്ചാരികൾ കാഞ്ഞിരംകവല വഴിയുള്ള റോഡിലാണ് ഇവിടെയെത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]