പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിയിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസിലെ യാത്രക്കാർക്ക് നേരെ പെരുന്തേനീച്ചയുടെ ആക്രമണം. സംഭവത്തിൽ 17 പേർക്ക് പരുക്കേറ്റു.
പരുക്കേറ്റവരെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രം, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഈ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.
വണ്ടിപ്പെരിയാർ വള്ളക്കടവിന് സമീപം കോഴിക്കാനത്ത് പെരിയാർ കടുവ സങ്കേതത്തിന് ഉള്ളിലുവെച്ചായിരുന്നു സംഭവം. വീതി കുറഞ്ഞ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിന് എതിർദിശയിൽ നിന്ന് വന്ന കാറിന് കടന്നുപോകാൻ സൈഡ് നൽകാനായി വാഹനം നിർത്തിയപ്പോഴാണ് തേനീച്ചക്കൂട്ടം ബസിനുള്ളിലേക്ക് ഇരച്ചുകയറിയത്.
പെട്ടെന്നുണ്ടായ സംഭവത്തിൽ പരിഭ്രാന്തരായ യാത്രക്കാർ ഉടൻ തന്നെ ബസിന്റെ ജാലക ഷട്ടറുകൾ അടച്ചെങ്കിലും, ഇത് തേനീച്ചകളുടെ ആക്രമണം രൂക്ഷമാകാൻ കാരണമായി. ബസിൽ നിന്ന് പുറത്തേക്കോടി രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരെയും തേനീച്ചകൾ വെറുതെവിട്ടില്ല; അവരെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
അപകടവിവരമറിഞ്ഞ ഉടൻ തന്നെ ബസ് ഡ്രൈവർ റസാക് അതുവഴി വന്ന ഒരു പിക്കപ് ജീപ്പിൽ കയറി വള്ളക്കടവ് ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ എത്തി വിവരം അധികാരികളെ അറിയിച്ചു. തുടർന്ന് വനപാലകരുടെ സംഘം പ്രത്യേക വാഹനങ്ങളിലും ജീപ്പുകളിലുമായി അതിവേഗം സംഭവസ്ഥലത്തെത്തുകയും, പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രികളിൽ എത്തിക്കുകയുമുണ്ടായി.
രാവിലെ 5.30-ന് പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിയിലേക്ക് യാത്ര പുറപ്പെട്ട ഈ ബസിൽ ജീവനക്കാർ ഉൾപ്പെടെ ആകെ 58 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഈ സംഭവത്തിൽ പരുക്കേറ്റവരുടെ വിശദവിവരങ്ങൾ താഴെ പറയുന്നവരാണ്:
ഗവി സ്വദേശിയായ നാരായണൻ (46), പത്തനംതിട്ട സ്വദേശികളായ ബേബി ജേർജ് (46), സന്തോഷ് (48), ദീപ്തി (46), ചന്ദ്രലേഖ (46), സെലീന (48), കാസർകോട് സ്വദേശികളായ ലേഖ (44), തുളസിദാസ് (23), അഫ്സൽ (45), ശ്യം സുന്ദർ (23), കസ്തൂരി (46), റിമ്പോൾ (48), പച്ചക്കാനം സ്വദേശികളായ മൻറോ മെണ്ടൽ (33), ഒ.എൽ പത്ര (5), ആസിയ (42), അജീൻ (43) എന്നിവരാണ് പരുക്കേറ്റ മറ്റ് യാത്രക്കാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

