തൊടുപുഴ ∙ പാട്ട് പാടുന്നതിനിടെ മൂന്നു തവണ കരോക്കെ നിന്നിട്ടും ക്ഷമയോടെ പാട്ടുപാടി പൂർത്തിയാക്കിയ തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാർഥി അപു ജോൺ ജോസഫിന്റെ വിഡിയോ ശ്രദ്ധ നേടുന്നു. ശിഹാബ് തങ്ങൾ റിലീഫ് സെല് പെരുമ്പിള്ളിച്ചിറയും എസ്ടിയു ഇടുക്കി ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഈദുൽ ഫിത്ർ സ്നേഹസംഗമത്തിനിടെയാണ് സംഭവം.
ദിവ്യരക്ഷാലയം മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിലെ അന്തേവാസികൾക്കു വേണ്ടിയാണ് അപു ജോൺ ജോസഫ് പാടിയത്.
‘ആരാധന’ എന്ന ഹിന്ദി ചിത്രത്തിലെ ‘മേരേ സപ്നോം കി റാണി കബ് ആയേഗേ തൂ’ എന്ന ഗാനം ആലപിക്കുന്നതിനിടെ കരോക്കെ നിന്നു പോവുകയായിരുന്നു. രണ്ട് തവണ കരോക്കെ നിന്നതോടെ അപു ജോൺ വേദിയിൽ നിന്നിറങ്ങി മ്യൂസിക് കൺസോള് പരിശോധിച്ചു.
വീണ്ടും മടങ്ങി വേദിയിലെത്തി പാട്ടുപാടി തുടങ്ങിയെങ്കിലും പകുതി വച്ച് കരോക്കെ നിന്നു. എന്നാൽ അതു കാര്യമാക്കാതെ പാടിയ അപു ജോണിന് കരഘോഷങ്ങളോടെ കാണികൾ പിന്തുണ അറിയിച്ചു.
പല തവണ കരോക്കെ നിന്നിട്ടും ദേഷ്യപ്പെടുകയോ മുഖഭാവം മാറുകയോ ചെയ്യാതെ ക്ഷമയോടെ പാട്ടുപാടി പൂർത്തിയാക്കിയ അപു ജോണിന് വലിയ സ്വീകാര്യതയാണ് കാണികളിൽ നിന്നു ലഭിച്ചത്.
തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാർഥിയായ അപു ജോൺ ജോസഫ് കേരള കോൺഗ്രസ് സംസ്ഥാന കോഓർഡിനേറ്ററും ഐടി ആൻഡ് പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാണ്. കോയമ്പത്തൂരിലെ കെസിടി കോളജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദം നേടിയ ശേഷം തിരുവനന്തപുരം ടെക്നോ പാർക്കിൽ 4 വർഷം ജോലി ചെയ്തു.
തുടർന്ന് സ്വിറ്റ്സർലൻഡിലെ സ്വിസ് എയർലൈൻസിൽ ഐടി വിങ്ങിൽ 7 വർഷം പ്രവർത്തിച്ചു. തിരികെ നാട്ടിലെത്തി പാർട്ടി പ്രവർത്തനത്തിലും കൃഷിയിലും സജീവമായി.
കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗം, പാർട്ടി ഹൈ പവർ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. തൊടുപുഴ ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാൻ, അനുജന്റെ ഓർമയ്ക്കായി രൂപീകരിച്ച ജോക്കുട്ടൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.
ഭാര്യ: ഡോ. അനു ജോർജ്, മക്കൾ: ജോസഫ് പി.ജോൺ, ജോർജ് പി.ജോൺ.
ചിത്രം തെളിഞ്ഞു; പ്രചാരണം ശക്തം
തൊടുപുഴ ∙ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ 3 മുന്നണിയിലെയും സ്ഥാനാർഥികൾ മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കി.
വീടുകളിലും സ്ഥാപനങ്ങളിലുമായി സജീവ സന്ദർശനം ആരംഭിച്ചതോടെ മണ്ഡലം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിച്ചു.
സജീവമായി അപു ജോൺ ജോസഫ്
യുഡിഎഫ് സ്ഥാനാർഥി അപു ജോൺ ജോസഫ് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് വിവിധ പള്ളികളിൽ എത്തി. കുമ്മംകല്ല്, മങ്ങാട്ടുകവല, വെങ്ങല്ലൂർ, ഉണ്ടപ്ലാവ്, കുന്നം, നൈനാരു പളളികളിൽ എത്തി നോമ്പ് സൽക്കാരങ്ങളിൽ പങ്കെടുത്തു.
പാലക്കാട് ചെർപ്പുളശ്ശേരിയിൽ ചെറിയ പെരുന്നാൾ ഖുത്ബയ്ക്കിടെ കുഴഞ്ഞുവീണു മരിച്ച ഇളംദേശം ഇറുക്കുപാലം സ്വദേശി കൂടിയായ ഇമാം മൗലവി അബ്ദുൽ ഷുക്കൂർ ഖാസിമിയുടെ വീട് സന്ദർശിച്ചു. തൊടുപുഴയിൽ നടന്ന യുഡിഎഫ് നേതൃയോഗത്തിലും സ്ഥാനാർഥി പങ്കെടുത്തു.
സ്ഥാനാർഥിയുടെ പഞ്ചായത്തുതല കൺവൻഷനുകൾ 21 മുതൽ ആരംഭിക്കും.
തട്ടകത്തിൽ സിറിയക്
പുറപ്പുഴ പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി സിറിയക് ചാഴികാടൻ പ്രചാരണത്തിനെത്തി. പുറപ്പുഴയിലെ കച്ചവട
സ്ഥാപനങ്ങളിലും ദേവാലയങ്ങളിലും സ്ഥാനാർഥിയെത്തി. തുടർന്ന് വഴിത്തല ടൗണിലും വിവിധ ഇടങ്ങളിലെത്തി.
രാവിലെ മണക്കാട് പഞ്ചായത്തിലായിരുന്നു പ്രചാരണം. അരിക്കുഴയിലെ സർക്കാർ കൃഷി ഫാമിലെത്തി ജീവനക്കാരുമായി സൗഹൃദം പങ്കിട്ടു.
മണക്കാടുള്ള വനിതകളുടെ തുണി സഞ്ചി നിർമാണ കേന്ദ്രത്തിലും കുന്നത്തുപാറയ്ക്ക് സമീപമുള്ള കുടിവെള്ള കമ്പനിയിലുമെത്തി തൊഴിലാളികളെ സൗഹൃദം പങ്കുവച്ചു. വൈകിട്ട് കൊടികുത്തിയിൽ കുടുംബയോഗത്തിലും പങ്കെടുത്താണ് പ്രചാരണം അവസാനിപ്പിച്ചത്.
വീട് സന്ദർശനത്തിൽ എൻഡിഎ
എൻഡിഎ തൊടുപുഴ നിയോജകമണ്ഡലം സ്ഥാനാർഥി റോയി വാരിക്കാട്ടിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മണ്ഡലത്തിൽ ശക്തമായി.
തൊടുപുഴ മേഖലയിൽ വീടു തോറും സന്ദർശനം നടത്തി. എൻഡിഎ ഭരണത്തിലൂടെ രാജ്യം വികസന കുതിപ്പിലാണെന്നും അതേ വികസന മാതൃക തൊടുപുഴയിൽ നടപ്പിലാക്കുകയാണ് തന്റെ ലക്ഷ്യമെന്നും സ്ഥാനാർഥി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

