തൊടുപുഴ ∙ വൈദ്യുതി ഭവനു സമീപത്തെ ചാർജിങ് സ്റ്റേഷൻ പ്രവർത്തനരഹിതമായിട്ട് ആഴ്ചകളായിട്ടും ശരിയാക്കാൻ നടപടി സ്വീകരിക്കാതെ അധികൃതർ. പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായി പ്രവർത്തിച്ചിരുന്ന ചാർജിങ് സ്റ്റേഷനായിരുന്നു.
മെയിൻ റോഡിനോട് ചേർന്നാണ് ചാർജിങ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള 3 യൂണിറ്റുകളിൽ രണ്ട് എണ്ണം കാറുകൾക്കും ഒരെണ്ണം ഇരുചക്ര – മുച്ചക്ര വാഹനങ്ങൾക്കുമായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്.
ഈ മൂന്ന് ചാർജിങ് മെഷീനുകളും നിലവിൽ പ്രവർത്തനരഹിതമാണ്.
ഇവി കാറുകളും മറ്റും ചാർജ് ചെയ്യാൻ നഗരത്തിലെ ഏക ആശ്രയമായ കേന്ദ്രമാണ് അധികൃതരുടെ അനാസ്ഥ കാരണം പ്രവർത്തിക്കാതെ നശിക്കുന്നത്. ഇതോടെ സ്റ്റേഷൻ പ്രവർത്തിക്കുമെന്ന് കരുതി ചാർജ് ചെയ്യാൻ കയറുന്ന ഉപഭോക്താക്കൾ നിരാശരായി മടങ്ങേണ്ട
അവസ്ഥയാണ്. മാത്രമല്ല, ഭാഗികമായോ പൂർണമായോ ഓൺലൈൻ ആപ് വഴി മുൻകൂർ പണമടച്ച് എത്തുന്നവരും ഏറെ പ്രതിസന്ധിയിലാകുകയാണ്.
കെഎസ്ഇബിയുടെ മൂക്കിൻ തുമ്പത്തെ ചാർജിങ് സ്റ്റേഷനായിട്ടും പോലും അധികൃതർ കണ്ടില്ലെന്നു നടിക്കുന്ന സ്ഥിതിയാണ്.
അതിവേഗ ചാർജിങ്ങിന്റെ ഭാഗമായി നഗരത്തിലെ പാതയോരങ്ങളിൽ വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന ചാർജിങ് സ്റ്റേഷനുകളിൽ പലതും ചെടികളും മറ്റും വളർന്ന് ഉപയോഗശൂന്യമായി കിടക്കുകയാണ്. പ്രതിദിനം ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകൾ കീഴടക്കുമ്പോൾ പ്രവർത്തനരഹിതമായ ചാർജിങ് സ്റ്റേഷൻ ഉടൻ ശരിയാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.
അതേസമയം നെറ്റ്വർക് തകരാർ കാരണമാണ് ചാർജിങ് സ്റ്റേഷൻ ഇടയ്ക്കിടെ പ്രവർത്തനരഹിതമാകുന്നതെന്നും അടുത്ത ദിവസം തന്നെ പ്രവർത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി തൊടുപുഴ ഡപ്യൂട്ടി ചീഫ് എൻജിനീയർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

