മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലെ വനിതാ കണ്ടക്ടർ ഡ്യൂട്ടിക്കിടയിൽ ബസിൽനിന്ന് ഇറങ്ങിപ്പോയ സംഭവത്തിൽ വിശദീകരണവുമായി ജീവനക്കാരി രംഗത്ത്. ശനിയാഴ്ച വൈകിട്ടാണ് കോട്ടയം–മൂന്നാർ ബസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർ യാത്ര പൂർത്തിയാക്കുന്നതിന് അരമണിക്കൂർ മുൻപ് ഇറങ്ങിപ്പോയത്.
ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഭർത്താവിന്റെ ആരോഗ്യനില അതീവ ഗുരുതരമായ സാഹചര്യത്തിലാണ് താൻ അടിയന്തരമായി ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിന്നതെന്ന് ഇവർ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് ഇവർ പറയുന്നതിങ്ങനെ: ‘വീണ് ഇടുപ്പെല്ല് പൊട്ടി അടിമാലി താലൂക്ക് ആശുപത്രിയിലാണു ഭർത്താവ്. പക്ഷേ, അടിമാലിയിലോ സ്വദേശമായ പത്താം മൈലിലോ ഞാൻ ഇറങ്ങിയില്ല.
എന്നാൽ, ഭർത്താവിനു സോഡിയം കുറഞ്ഞെന്നും വയ്യെന്നും മകൾ വിളിച്ചറിയിച്ചപ്പോൾ ബസിൽനിന്ന് ഇറങ്ങുകയായിരുന്നു. പൈസ എണ്ണി തിട്ടപ്പെടുത്തിയശേഷം ഡ്യൂട്ടി ഏൽപിച്ചാണ് ഇറങ്ങിയത്.
ഇറങ്ങിയതിനു പിന്നാലെ സ്റ്റേഷൻ മാസ്റ്റർ കാര്യം അന്വേഷിച്ചു വിളിച്ചപ്പോൾ വിശദീകരിച്ചിരുന്നു. എന്നാൽ എനിക്കെതിരെ അപ്പോൾത്തന്നെ പരാതി എത്തിയിരുന്നു.’ പൈങ്ങോട്ടൂരിൽ വെച്ച് മൂന്നാർ ഡിപ്പോയിലെ മറ്റൊരു കണ്ടക്ടറെ ബസിൽ കയറ്റി, അദ്ദേഹത്തിന് ചുമതല കൈമാറിയ ശേഷമാണ് താൻ ഇറങ്ങിയതെന്നും ഇവർ അവകാശപ്പെട്ടു.
സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

