
നടപടികളുമായി മോട്ടർ വാഹന വകുപ്പ്; കൊളുക്കുമലയിലേക്ക് ഇനി ജീപ്പിൽ പോകാം, പേടിക്കാതെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാജകുമാരി ∙ മലയോര മേഖലകളിൽ ഓഫ് റോഡ് വാഹനങ്ങൾ അപകടത്തിൽപെടുന്ന സംഭവങ്ങൾ ഉണ്ടാകുമ്പോഴും കാെളുക്കുമല വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള ജീപ്പ് യാത്ര സുരക്ഷിതമാക്കുന്നതിനുള്ള മോട്ടർ വാഹന വകുപ്പിന്റെ നടപടികൾ മാതൃകയാകുന്നു. കാെളുക്കുമലയിലേക്കു സർവീസ് നടത്തുന്ന 238 ജീപ്പുകളും മോട്ടർ വാഹന വകുപ്പ് പ്രത്യേകം റജിസ്റ്റർ ചെയ്ത് 3 മാസം കൂടുമ്പോൾ ഫിറ്റ്നസ് പരിശോധന നടത്തുന്നുണ്ട്. കാെളുക്കുമല സർവീസ് നടത്താൻ പാെലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ഡ്രൈവിങ് ലൈസൻസും കാെളുക്കുമലയിലേക്കു സർവീസ് നടത്തി അനുഭവപരിചയവുമുള്ള ഡ്രൈവർമാരെ മാത്രമാണു കാെളുക്കുമല ട്രെക്കിങ്ങിന് അനുവദിക്കുന്നത്. ഇവർക്കു കൃത്യമായ ഇടവേളകളിൽ പരിശീലന, ബോധവൽക്കരണ ക്ലാസുകളും നൽകും. ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നതിനു കാെളുക്കുമല ടിക്കറ്റ് കൗണ്ടറിൽ ചുമതലയുള്ള ഡിടിപിസി ഉദ്യോഗസ്ഥർ ബ്രെത്തലൈസർ ഉപയോഗിച്ചു ഡ്രൈവർമാരെ പരിശോധിക്കും.
മദ്യപിച്ച ഡ്രൈവർമാരെ സർവീസ് നടത്താൻ അനുവദിക്കുകയില്ലെന്നു മാത്രമല്ല മോട്ടർ വാഹന വകുപ്പിൽ റിപ്പോർട്ട് നൽകുകയും ചെയ്യും. ഉടുമ്പൻചോല ജോ. ആർടിഒ എൻ.സജീവ്കുമാർ, എംവിഐ എസ്.ഫ്രാൻസിസ്, എഎംവിഐമാരായ ഇ.എസ്.സൂരജ്, എം.ആർ.അനിൽകുമാർ, എ.എസ്.പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വാഹനങ്ങളുടെ പരിശോധനയും റജിസ്ട്രേഷനും നടത്തി. തുടർന്നു സുരക്ഷിതയാത്ര, സുന്ദരക്കാഴ്ച എന്ന മുദ്രാവാക്യമുയർത്തി ഗ്യാപ് റോഡ് മുതൽ പെരിയകനാൽ വരെ ജീപ്പുകളുടെ റോഡ് ഷോയും നടത്തി.
കാെളുക്കുമലയിലെ സൂര്യോദയക്കാഴ്ച
∙ ലോകത്തിൽ തന്നെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടങ്ങളാണു കേരള–തമിഴ്നാട് അതിർത്തിയിലുള്ള കാെളുക്കുമലയുടെ പ്രത്യേകത. എന്നാൽ മനോഹരമായ സൂര്യോദയക്കാഴ്ചകളാണു സമുദ്രനിരപ്പിൽ നിന്ന് 8000 അടി ഉയരത്തിലുള്ള കാെളുക്കുമലയിലെ പ്രധാന ആകർഷണം. 75 വർഷത്തിലധികം പഴക്കമുള്ള തേയില ഫാക്ടറിയാണു കാെളുക്കുമലയിലെ മറ്റാെരു കാഴ്ച. 1935ൽ ഇംഗ്ലണ്ടിൽ നിന്നു കാെണ്ടുവന്ന യന്ത്രങ്ങൾ ഉപയോഗിച്ചു പരമ്പരാഗതമായ രീതിയിൽ തേയിലക്കാെളുന്തു സംസ്കരിക്കുന്ന ഫാക്ടറിയാണിത്.
2007ൽ ഗോൾഡ് ലീഫ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ഇവിടത്തെ ചായരുചിയെ തേടിയെത്തിയിട്ടുണ്ട്. മൂന്നാറിൽ നിന്ന് 35 കിലോമീറ്റർ ദൂരമുള്ള കാെളുക്കുമലയിലേക്കു റോഡ് വഴിയുള്ള പ്രവേശനം കേരളത്തിൽ നിന്നു മാത്രമാണ്. സൂര്യനെല്ലിയിൽ നിന്നു കാെളുക്കുമല വരെയുള്ള 12 കിലോമീറ്റർ ദുർഘടപാതയായതിനാൽ ജീപ്പ് മാത്രമേ കടന്നുപോകൂ. പുലർച്ചെ 4ന് ആരംഭിക്കുന്ന കാെളുക്കുമല ട്രെക്കിങ്ങിന് 3000 രൂപയാണു ജീപ്പ് വാടക. 6 പേർക്കാണു ജീപ്പിൽ ഒരു സമയം യാത്രാനുമതിയുള്ളത്.