കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകുന്നു. നേര്യമംഗലത്ത് പെരിയാറിനു കുറുകെയുള്ള പഴയ പാലത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് വിരാമമിട്ടുകൊണ്ട്, സമാന്തരമായ പുതിയ പാലം ഒക്ടോബർ പകുതിയോടെ ജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് തീരുമാനം.
ഇതിന്റെ അന്തിമഘട്ട നിർമാണ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ചതും കേവലം 4 മീറ്റർ മാത്രം വീതിയുള്ളതുമായ പഴയ ആർച്ച് പാലം നിലനിർത്തിക്കൊണ്ടാണ് പുതിയ സംവിധാനം യാഥാർത്ഥ്യമാക്കുന്നത്. സംസ്ഥാനത്തെ ആദ്യ ബോ സ്ട്രിങ് സ്റ്റീൽ ആർച്ച് (വില്ല് പോലെ സ്റ്റീൽ റാഡുകളിലാണു പാലം) മാതൃകയിലാണ് നേര്യമംഗലത്തെ ഈ പുതിയ പാലം നിർമിച്ചിരിക്കുന്നത്.
മൊത്തത്തിൽ 214 മീറ്റർ നീളവും 13 മീറ്റർ വീതിയുമുള്ള ഈ പാലത്തിന് 42 മീറ്റർ നീളമുള്ള 5 സ്പാനുകളാണുള്ളത്. വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കുന്നതിനായി 8 മീറ്റർ വീതിയും, ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയിൽ കാൽനടയാത്രക്കാർക്കായി നടപ്പാതയും സജ്ജീകരിച്ചിട്ടുണ്ട്.
നിലവിൽ പാലത്തിലെ റോഡ് ടാറിങ് ജോലികൾ ആരംഭിച്ചിട്ടുണ്ട്. അപ്രോച്ച് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ വരുന്ന നാല് ദിവസത്തിനകം തന്നെ ആരംഭിക്കും.
ഇതിനോടൊപ്പം അനുബന്ധമായ വോക്വേയുടെ പണികളും പൂർത്തീകരിക്കും. നിർമാണ ജോലികൾ എല്ലാം പൂർത്തിയാക്കി ഒക്ടോബർ 15ന് മുൻപ് പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് പ്രദേശം സന്ദർശിക്കാനെത്തിയ ഡീൻ കുര്യാക്കോസ് എംപി വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് അംഗം സൗമ്യ ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിയങ്ക ടോമി, കവളങ്ങാട് പഞ്ചായത്ത് അംഗങ്ങളായ ഫ്രാങ്കോ ജയിംസ്, സുനി അയ്യപ്പൻ, മുൻ പ്രസിഡന്റ് സൈജന്റ് ചാക്കോ, പൊതുപ്രവർത്തകരായ ജയ്മോൻ ജോസ്, എം.എം. നൗഷാദ്, എം.വി.
ദീപു, ഷാജി കൂവക്കാട്ടിൽ, ഇ.എ. ഹനീഫ, സി.പി.
ഉമ്മർ, കെ.എം. ഷമീർ, ശ്രീജിത്ത് ശിവൻ, പി.എം.
റഷീദ്, ഷിജി അനീഷ് തുടങ്ങിയവരും എംപിയോടൊപ്പമുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

