
രോഗികളെ സ്ട്രെച്ചറിൽ ചുമന്ന സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരുമ്പാവൂർ ∙ ലിഫ്റ്റ് സൗകര്യമില്ലാത്തതിനാൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ രോഗികളെ സ്ട്രെച്ചറിൽ ചുമന്നു രണ്ടാം നിലയിലെത്തിക്കുന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. രോഗികളും ജീവനക്കാരും കൂട്ടിരിപ്പുകാരും അനുഭവിക്കുന്ന ദുരിതത്തിന് ഉടൻ പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. മലയാള മനോരമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസ് റജിസ്റ്റർ ചെയ്തത്.
താലൂക്ക് ആശുപത്രി സൂപ്രണ്ട് മൂന്നാഴ്ചയ്ക്കകം പ്രത്യേക റിപ്പോർട്ട് സമർപ്പിക്കണം. 22ന് രാവിലെ 10 ന് എറണാകുളം ഗവ. ഗെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ ഡിഎംഒ, ഡിഎച്ച്എസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട്, പെരുമ്പാവൂർ നഗരസഭാ സെക്രട്ടറി എന്നിവരുടെ പ്രതിനിധികൾ ഹാജരാകണം.
ഡപ്യൂട്ടി ഡിഎംഒയുടെ റാങ്കിൽ കുറയാത്ത മുതിർന്ന ഉദ്യോഗസ്ഥനെ ജില്ലാ മെഡിക്കൽ ഓഫിസർ നിയോഗിച്ചു താലൂക്ക് ആശുപത്രിയിൽ പരിശോധന നടത്തണമെന്ന് കമ്മിഷൻ നിർദേശിച്ചു. പരിശോധനയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ, ഡിഎംഒ, താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർ കാലതാമസം കൂടാതെ പരാതിക്കു പരിഹാരം കാണണം.
ആശുപത്രിയിൽ നടക്കുന്ന നിർമാണം നീളുന്ന സാഹചര്യം ഡിഎംഒ പരിശോധിച്ച് മൂന്നാഴ്ചയ്ക്കകം കമ്മിഷനിൽ റിപ്പോർട്ട് സമർപ്പിക്കണം. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള സമയ പരിധി, നിർമാണം യഥാസമയം പൂർത്തിയാകാത്തതിന്റെ കാരണങ്ങൾ എന്നിവ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണം. ആരോഗ്യവകുപ്പ് ഡയറക്ടറും പെരുമ്പാവൂർ നഗരസഭാ സെക്രട്ടറിയും മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.