കൊച്ചി ∙ രണ്ട് ടിപ്പർ ലോറികളിൽ അധികഭാരം കണ്ടെത്തിയ കേസുകളിൽ വാഹന ഉടമകളെയും ഡ്രൈവർമാരെയും കുറ്റക്കാരാക്കി സ്പെഷൽ അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ വിധി. എറണാകുളം എൻഫോഴ്സ്മെന്റ് റീജിയനൽ ട്രാൻസ്പോർട്ട് ഓഫിസിലെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർമാർ നൽകിയ കേസുകളിൽ എറണാകുളം സ്പെഷൽ അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മേരി ബിന്ദു ഫെർണാണ്ടസാണ് വിധി പ്രസ്താവിച്ചത്.
അമിതഭാരം കയറ്റിയ വാഹനങ്ങൾ കണ്ടെത്താൻ എറണാകുളം ആർടിഒ എൻഫോഴ്സ്മെന്റിന്റെ നിർദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനകളാണ് രണ്ട് കേസുകൾക്കും ആസ്പദം.
2022 നവംബർ 24ന് കളമശ്ശേരിയിൽ നടത്തിയ പരിശോധനയിൽ തൃശൂരിൽ നിന്നും ആലപ്പുഴയിലേക്കുള്ള ടിപ്പർ ലോറിയിൽ 13,930 കിലോഗ്രാം അധികഭാരം കണ്ടെത്തി. നിയമപരമായി വാഹന ഭാരവും ലോഡും ഉൾപ്പെടെ 25,000 കിലോഗ്രാമാണ് ഈ വാഹനത്തിന് അനുവദിച്ചിരുന്ന പരമാവധി ഭാരപരിധി.
എന്നാൽ പരിശോധനയിൽ ആകെ 38,930 കിലോഗ്രാം ഭാരമുണ്ടായിരുന്നു. തുടർന്ന് വാഹന ഉടമയ്ക്കും ഡ്രൈവർക്കും 29,500 രൂപ കോമ്പൗണ്ടിങ് ഫീസ് നൽകി അമിതഭാരം ഇറക്കി യാത്ര തുടരാൻ നിർദേശിച്ചു.
എന്നാൽ വാഹന ഉടമയും ഡ്രൈവറും നിർദേശം പാലിക്കാതെ വാഹനം പരിശോധന സ്ഥലത്തുനിന്നും കൊണ്ടുപോയി. മോട്ടർ വാഹന വകുപ്പിന്റെ ഓഫിസിൽ 29,500 രൂപ പിഴ അടയ്ക്കാൻ നിർദേശം നൽകിയെങ്കിലും കോടതിയെ സമീപിക്കുകയാണെന്ന നിലപാടാണ് വാഹന ഉടമ സ്വീകരിച്ചത്.
കോടതി ഇരുവർക്കും 46,000 രൂപ വീതം പിഴയും അടയ്ക്കാത്ത പക്ഷം 6 മാസം തടവിനും വിധിച്ചു.
2021 ജനുവരി 15ന് നടന്ന രണ്ടാമത്തെ കേസിൽ, കാവുമ്പാഴത്ത് നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴയിൽ നിന്നും ചെല്ലാനത്തേക്ക് മണ്ണ് കൊണ്ടു പോകുകയായിരുന്ന ടിപ്പറിലാണ് അമിതഭാരം കണ്ടെത്തിയത്. ഇതിൽ പ്രതികളായ ഡ്രൈവർക്കും ഉടമയ്ക്കും 34,000 രൂപ വീതം പിഴയും അടയ്ക്കാത്ത പക്ഷം 6 മാസം തടവുശിക്ഷയും കോടതി വിധിച്ചു.
മോട്ടർ വാഹന വകുപ്പിന് വേണ്ടി സീനിയർ ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സുമി പി. ബേബി ഹാജരായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]