കൊച്ചി ∙ വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് കൊച്ചി നഗരസഭ ഓഫിസ് സാക്ഷിയായത് അപൂർവ നിമിഷത്തിന്. നഗരസഭ സെക്രട്ടറിയുടെ ചുമതല ഒരു ദിവസത്തേക്ക് ഡെപ്യൂട്ടി സെക്രട്ടറിക്ക് കൈമാറിയതായിരുന്നു സംഭവം.
കോർപ്പറേഷൻ സെക്രട്ടറി പി.എസ്.ഷിബുവാണ് ഒരു ദിവസത്തേക്ക് ഡപ്യൂട്ടി സെക്രട്ടറി നൈസി തോമസിന് നഗരഭരണത്തിന്റെ ചുമതല കൈമാറിയത്. രാജ്യാന്തര വനിതാദിനത്തോടനുബന്ധിച്ച് സ്വജീവിതം കൊണ്ട് വിസ്മയം തീർത്ത 21 കരുത്തുറ്റ വനിതകളെ കൊച്ചി നഗരസഭ ആദരിക്കുന്നതിനിടെയായിരുന്നു ‘അധികാര കൈമാറ്റം’.
‘വിസ്മയ 2026’ എന്ന പേരിൽ എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച വനിതകളെ ആദരിക്കുന്ന പരിപാടി ഉമ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരത്തിലെ 21ാമത്തെ മേയറായ വി.കെ.മിനിമോളാണ് 21 വനിതകളെ ആദരിച്ചത്. ഒരേ സമയം ഒന്നിലേറെ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള മൾട്ടി ടാലന്റഡ് വ്യക്തിത്വങ്ങളാണ് സ്ത്രീകളെന്ന് ഉമാ തോമസ് പറഞ്ഞു.
സ്ത്രീകളുടെ ശക്തി അവർ തന്നെ തിരിച്ചറിയണം. വനിതകളെ അംഗീകരിക്കണം എന്ന് പറയുമ്പോൾ പുരുഷന്മാരെ മാറ്റി നിർത്തണം എന്നല്ല ഉദ്ദേശിക്കുന്നതെന്നും ഉമാ തോമസ് പറഞ്ഞു.
ഝാൻസി റാണിയേയും ഇന്ദിര ഗാന്ധിയെയും അനുസ്മരിച്ചാണ് മേയർ വി.കെ.മിനിമോൾ പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീകളുടെ പങ്ക് അനിവാര്യമായി മാറിയെന്ന് മേയർ പറഞ്ഞു.
സംവരണം കൊണ്ട് മാത്രമല്ല, കഴിവ് കൊണ്ടും പൊതുസമൂഹത്തിലേക്ക് കടന്നുവന്ന വനിതകൾ ഏറെയുണ്ട്. കൊച്ചി നഗരസഭയിൽ സംവരണ സീറ്റിൽ നിന്നല്ലാതെ ജനറൽ സീറ്റിൽ നിന്നു മത്സരിച്ചു ജയിച്ചു വന്ന വനിതകൾ ഉണ്ടെന്നതിൽ അഭിമാനമുണ്ടെന്നും മേയർ പറഞ്ഞു.
വ്യത്യസ്ത മേഖലകളിൽ മികവു തീർത്ത 21 വനിതകളെയാണ് നഗരസഭ ആദരിച്ചത്.
ഡോ. എം.ലീലാവതി, ഷീ സൈക്ലിങ് കോർഡിനേറ്റർ സീനത്ത് ഷിഹാബ്, ഹൗസ് ചലഞ്ച് ആൻഡ് കെസിയ ഹോപ് സെന്റർ സ്ഥാപക സിസ്റ്റർ ലിസ്സി ചക്കാലക്കൽ, വന്യജീവി പ്രവർത്തക വിദ്യ രാജു, പിന്നണിഗായിക കൃതിക, കർഷക റോസ്മേരി, ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് ഡയാന സിൽവസ്റ്റർ, എഴുത്തുകാരി സുജ പാറുകണ്ണിൽ, എ ടു ഇസഡ് ഉടമ മണി അമ്മ, ശ്മശാന ജീവനക്കാരി സെലീന മൈക്കിൾ, ഫെമിസേഫ് സഹസ്ഥാപക നൗറീൻ ഐഷ, ഷീ ടാക്സി ഡ്രൈവർ ഷൈനി പ്രമോദ്, അഡ്വ.
പദ്മ ലക്ഷ്മി, കൊച്ചി നഗരസഭ എക്സിക്യൂട്ടീവ് എൻജിനീയർ ടി.എ.അമ്പിളി, ചീഫ് കാർഡിയോളജിസ്റ്റ് സിസ്റ്റർ ഡോ. ആനി ഷീല, സെന്റ് തെരേസാസ് കോളജ് ഡീൻ ഡോ.
നിർമൽ പദ്മനാഭൻ, ആദ്യ ഫീമെയ്ൽ ബൗൺസർ അനു കുഞ്ഞുമോൻ, എസ്എച്ച് കോളജ് അസി. പ്രഫ ഡോ.
സിസ്റ്റർ മോളിക്കുട്ടി തോമസ്, ആശാ വർക്കർ കെ.കെ.ഉഷ, കൊച്ചി നഗരസഭ കണ്ടിൻജന്റ് വർക്കർ കെ.ശ്യാമള, സമൃദ്ധി ടീം അംഗങ്ങൾ എന്നിവരെയാണ് നഗരസഭ ആദരിച്ചത്. കൊച്ചി നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷാകൃത സുരേഷ്ബാബു, അഡ്വ.
പി.എം.നസീമ, സീന ഗോകുലൻ, ജിസ്മി ജെറാൾഡ്, ഡെപ്യൂട്ടി സെക്രട്ടറി നൈസി തോമസ് തുടങ്ങിയവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

