കടലിൽ (സീ) നിന്നു കയറി. ആകാശത്തേക്കു (എയർ) കുതിക്കാനായില്ല.
25 വർഷം മുൻപു നിർമാണം ആരംഭിച്ച സീപോർട്ട്–എയർപോർട്ട് റോഡ് എന്നു വിമാനത്താവളം തൊടുമെന്നു പ്രവചിക്കാനുമാവുന്നില്ല. നിർമാണം പൂർത്തിയാക്കി ആർബിഡിസികെ ( റോഡ്സ്് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള ) പിഡബ്ല്യുഡിക്കു കൈമാറിയ ആദ്യഘട്ടത്തിലെ 11.3 കിലോമീറ്ററിന്റെ തുടർ വികസനവും നടപ്പാക്കിയിട്ടില്ല.
വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക്, വഴിവിളക്കുകളുടെ അഭാവം, ഇരുവശങ്ങളിലെയും കയ്യേറ്റം, മാലിന്യം തുടങ്ങിയ പ്രശ്നങ്ങളിലാണു സീപോർട്ട് – എയർപോർട്ട് റോഡ്. അപകടങ്ങളും തുടർക്കഥ.
കൊച്ചി എണ്ണശുദ്ധീകരണ ശാലയിൽ നിന്നുള്ള ടാങ്കർ ലോറികളെല്ലാം ആശ്രയിക്കുന്നത് ഈ റോഡിനെയാണ്.
പാചകവാതക ബുള്ളറ്റ് ടാങ്കറുകൾ കുതിക്കുന്നതും ഇതുവഴിയാണ്. 250 മുതൽ 500 വരെ കണ്ടെയ്നർ ലോറികൾ മാത്രം ഇതുവഴി കടന്നുപോകുന്നു. എച്ച്എംടി റോഡ് വികസനത്തിന്റെ ഭാഗമായി ആലുവ മേഖലയിൽ നിന്നു വരുന്ന വാഹനങ്ങൾ എച്ച്എംടി ജംക്ഷനിൽ തിരിഞ്ഞ് എച്ച്എംടി റോഡിലൂടെ വേണം സീപോർട്ട് റോഡിലേക്കു പ്രവേശിക്കാൻ. ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായി ഒറ്റവരി ഗതാഗതം നടപ്പാക്കിയതോടെ ഇവിടത്തെ മേൽപാലം കുപ്പിക്കഴുത്തുപോലെ ഇടുങ്ങി.
പ്രവൃത്തി ദിവസങ്ങളിൽ പാലത്തിലെ ഗതാഗതക്കുരുക്കു പലപ്പോഴും മുട്ടം വരെ നീളും.
എച്ച്എംടി റോഡിൽ നിന്നു സീപോർട്ട് റോഡിലേക്കു പ്രവേശിക്കുന്ന ജംക്ഷനിലാണ് അടുത്ത കുരുക്ക് കാത്തിരിക്കുന്നത്. ഇവിടം കടന്നു വള്ളത്തോൾ നഗറിലെത്തുമ്പോൾ അടുത്ത കുരുക്ക്.
അവിടന്നങ്ങോട്ടു കാക്കനാട് പാലം കടക്കുന്നതുവരെ വാഹനയാത്രക്കാർക്കു നരകയാതനയാണ്. തൃപ്പൂണിത്തുറയിലേക്കു വരുന്ന വാഹനങ്ങൾ ഇവിടം മുതൽ ഒറ്റവരിയിലേക്കു മാറുന്നു.
ഇവിടെ തുടങ്ങുന്നു തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള ഗതാഗതക്കുരുക്ക്. അദാനി ലോജിസ്റ്റിക് പാർക്കും നിർദിഷ്ട
ജുഡീഷ്യൽ സിറ്റിയടക്കം വികസന പദ്ധതികളും വരുമ്പോൾ നൂറുകണക്കിനു വാഹനങ്ങൾ കൂടി ഇവിടേക്കെത്തും. ഇതോടെ കുരുക്കു വീണ്ടും കൂടും.
വാഹനങ്ങൾ ഇഴയുന്നു
റോഡിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ചെറിയൊരു കുരുക്കുണ്ടായാൽ മിനിറ്റുകൾക്കകം റോഡിൽ വാഹനം നിറയും.
പിന്നീടുള്ള വാഹന നീക്കം ഇഴഞ്ഞാകും. രാവിലെയും വൈകിട്ടും കൊച്ചി പ്രത്യേക സാമ്പത്തിക മേഖല മുതൽ ഭാരതമാത കോളജ് വരെ മിക്കവാറും കുരുക്കാണ്.
മെട്രോ റെയിൽ നിർമാണത്തിന്റെ ബാരിക്കേഡുകളും കുരുക്കിനു കാരണമാകുന്നുണ്ട്. സെസ് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ഒരു വിധം ഇഴഞ്ഞു നീങ്ങി കലക്ടറേറ്റ് സിഗ്നൽ ജംക്ഷനും കടന്ന് ഓണം പാർക്ക് പരിസരത്തെത്തുമ്പോൾ വീണ്ടും നിശ്ചലമാകും.
ഇവിടെ നിന്നു നിരങ്ങി നീങ്ങി ഓലിമുകൾ ജംക്ഷനും കടന്നു ഭാരതമാത കോളജ് കഴിയുന്നതോടെയാണു ഡ്രൈവർമാർക്ക് ആശ്വാസമാകുന്നത്. കാൽനടക്കാർക്ക് നടപ്പാതയില്ലാത്തതും പ്രശ്നമാണ്.
എന്നു വീതി കൂടും?
തൃക്കാക്കര ഭാരതമാത കോളജ് മുതൽ ഇരുമ്പനം വരെ റോഡ് വീതി കൂട്ടാൻ 62 കോടി രൂപയുടെ പദ്ധതി സർക്കാരിന്റെ പരിഗണനയിലുണ്ട്.
അനുമതി നൽകാനുള്ള നടപടിക്രമങ്ങൾ മെല്ലെപ്പോക്കിലാണെന്നു മാത്രം. ഭാരതമാത കോളജ് മുതൽ കലക്ടറേറ്റ് ജംക്ഷൻ വരെ നാലുവരിപാതയാക്കാൻ 6 വർഷം മുൻപു മറ്റൊരു പദ്ധതിയും തയാറാക്കിയിരുന്നു.
കളമശേരി മുതൽ ഭാരതമാത കോളജ് വരെ നാലുവരിപാതയാക്കുന്ന ജോലി പൂർത്തിയായെങ്കിലും തുടർന്നുള്ള വികസനം സാങ്കേതികത്വത്തിൽ കുരുങ്ങി.ഇതിനായി ഓലിമുകൾ ജംക്ഷനു സമീപം 20 സെന്റ് സ്ഥലം മാത്രമാണ് ഏറ്റെടുക്കേണ്ടത്. ബാക്കി ഭാഗങ്ങളിലെല്ലാം വീതി കൂട്ടാൻ ആവശ്യത്തിനു സ്ഥലമുണ്ട്.
മെട്രോ റെയിൽ പൂർത്തിയാകുന്നതിനൊപ്പം സീപോർട്ട് എയർപോർട്ട് റോഡിന്റെ ഈ ഭാഗം നാലുവരിപാതയാക്കുകയാണെങ്കിൽ കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയുടെയും ഇൻഫോപാർക്കിന്റെയും വികസനത്തിനു പ്രയോജനപ്പെടും.
കാൽനടക്കാരുടെ കാര്യം കഷ്ടം
നിർമാണം പൂർത്തിയായ ഭാഗത്തു റോഡിൽ ഒരിടത്തും കാൽനടയാത്രക്കാർക്കു സുരക്ഷിതമായി നടന്നുപോകാൻ നടപ്പാതയില്ല. എച്ച്എംടി ജംക്ഷനിൽ മേൽപാലത്തിൽ തുടങ്ങുന്നു വഴിയാത്രക്കാരുടെ ദുരിതം.
പാലത്തിൽ നടപ്പാതയിൽ നിറയെ പൈപ്പുകളാണ്. എച്ച്എംടി റോഡിന്റെ ഇരുവശവുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആയിരക്കണക്കിനു വിദ്യാർഥികളടക്കം യാത്രക്കാർ നടപ്പാതയില്ലാതെ ബുദ്ധിമുട്ടുന്നു.
ജംക്ഷൻ മുതൽ സീപോർട്ട് എയർപോർട്ട് റോഡിന്റെ നിർമാണത്തിൽ വഴിയാത്രക്കാരെ ഒരിടത്തും പരിഗണിച്ചിട്ടില്ല. സീപോർട്ട്–എയർപോർട്ട് റോഡിൽ ഒരിടത്തും സീബ്രാലൈനില്ല.
രാത്രി റോഡ് ഇരുട്ടിലാണ്.
ഒന്നാംഘട്ടത്തിന്റെ നിർമാണം പൂർത്തിയാക്കി 2000ത്തിൽ ഗതാഗതയോഗ്യമാക്കിയെങ്കിലും 25 വർഷമായിട്ടും കളമശേരി നഗരസഭാ പ്രദേശത്തു വഴിവിളക്കു തീരെയില്ല. വള്ളത്തോൾ നഗർ മുതൽ ഭാരതമാത വരെ മീഡിയനിൽ തൃക്കാക്കര നഗരസഭ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും ചെരിഞ്ഞും വീണുമുള്ള നിലയിലാണ്.
മാലിന്യം, റോഡ് കയ്യേറ്റം
സീപോർട്ട് –എയർപോർട്ട് റോഡിലാണു നഗരപ്രദേശങ്ങളിലെ ഹോട്ടലുകളിലേതടക്കം മാലിന്യം തള്ളുന്നത്.
ഇരുവശങ്ങളിലും മാലിന്യമാണ്. ശുചിമുറി മാലിന്യവും തള്ളുന്നുണ്ട്.
മാലിന്യത്തിനു തീയിടുന്നതും പതിവാണ്. വിഷപ്പുക ശ്വസിച്ചാണു പലപ്പോഴും ഇതുവഴിയുള്ള രാത്രി യാത്ര.
റോഡ് കയ്യേറ്റമാണ് സീപോർട്ട് -എയർപോർട്ട് റോഡ് നേരിടുന്ന മറ്റൊരു വലിയ പ്രശ്നം. റോഡ് കയ്യേറി വാടകയ്ക്കു നൽകിയും വിറ്റും പണം വാരുന്ന തട്ടുകട
മാഫിയയുമുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള 15 കടകൾ കളമശേരി നഗരസഭ പൊളിച്ചു നീക്കി.
അപകടങ്ങൾ പതിവായതിനെത്തുടർന്നു സ്ഥലമേറ്റെടുത്തു 7 കോടിയോളം രൂപ ചെലവിട്ടു വീതി കൂട്ടിയ കൈപ്പടമുകൾ വളവിലാണു വലിയ കയ്യേറ്റവും കച്ചവടവും. റോഡരികിലെ പാർക്കിങ് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സമീപത്തായി പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലങ്ങൾ കാടുകയറിക്കിടക്കുന്നുണ്ടെങ്കിലും അവ ഉപയോഗപ്പെടുത്തി പാർക്കിങ് സൗകര്യം ഒരുക്കാൻ തയാറാവുന്നില്ല.
പ്രതീക്ഷയോടെ രണ്ടാംഘട്ടം
സീപോർട്ട്–എയർപോർട്ട് റോഡ് നിർമാണം പൂർത്തിയാക്കിയാലേ ദേശീയപാത അനുഭവിക്കുന്ന ഗതാഗതക്കുരുക്കിനു പരിഹാരമാവൂയെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. 2 ഘട്ടങ്ങളിലായി നടപ്പാക്കുന്ന 25.8 കിലോമീറ്റർ റോഡിന്റെ ആദ്യഘട്ടം ഇരുമ്പനം മുതൽ കളമശേരി വരെയും (11.3 കിലോ മീറ്റർ) രണ്ടാംഘട്ടം കളമശേരി എച്ച്എംടി റോഡ് മുതൽ എയ൪പോ൪ട്ട് (14.4 കിലോ മീറ്റർ) വരെയുമാണ്.
ഇതിൽ ആദ്യഘട്ടം (2വരി) 2000ൽ പൂ൪ത്തീകരിച്ചു. ഇതിൽത്തന്നെ തൃക്കാക്കര ഭാരതമാത കോളജ് മുതൽ എച്ച്എംടി വരെയുള്ള ഭാഗം മാത്രം 2015ൽ നാലുവരിയാക്കി വികസിപ്പിച്ചു.
അവശേഷിക്കുന്ന 14.4 കിലോമീറ്ററിന്റെ നി൪മാണം 4 സ്ട്രെച്ചുകളായാണു നടപ്പാക്കുന്നത്.
എച്ച്എംടി മുതൽ എൻഎഡി വരെയുള്ള ഭാഗം (2.7 കിലോമീറ്റർ), എൻഎഡി മുതൽ മഹിളാലയം വരെയുള്ള ഭാഗം (6.5 കിലോ മീറ്റർ ), മഹിളാലയം മുതൽ ചൊവ്വര വരെ (1.015 കിലോമീറ്റർ), ചൊവ്വര മുതൽ എയ൪പോ൪ട്ട് റോഡ് വരെ (4.5 കിലോ മീറ്റർ ). ഇതിൽ എച്ച്എംടി – എൻഎഡി റീച്ചിൽ എച്ച്എംടിയുടെയും എൻഎഡിയുടെയും ഉടമസ്ഥതയിലുള്ള സ്ഥലമൊഴികെയുള്ള 1.9 കിലോമീറ്റ൪ റോഡിന്റെ നി൪മാണം 2021 ൽ പൂ൪ത്തിയാക്കിയതാണ്.
രണ്ടാംഘട്ടത്തിന്റെ ഭാഗമായി പെരിയാറിനു കുറുകെയുള്ള 2 പാലങ്ങളും 2015–16 കാലയളവിൽ പൂർത്തീകരിച്ചതാണ്.
എൻഎഡി – മഹിളാലയം ഭാഗത്തിന്റെ നിർമാണത്തിനായി അവാർഡ് എൻക്വയറിയും തുടർനടപടികളും പുരോഗമിക്കുകയാണ്. 525 ഉടമകളിൽ നിന്നാണു സ്ഥലം ഏറ്റെടുക്കുന്നത്.
ഇവരിൽ 90 പേരുടെ നടപടി പൂർത്തിയാക്കിയിട്ടുണ്ട്. നഷ്ടപരിഹാരം കൂട്ടിക്കിട്ടണമെന്നും മറ്റുമുള്ള തർക്കങ്ങളും നിലനിൽക്കുന്നുണ്ട്.
കിഫ്ബി അനുവദിച്ച 569.34 കോടി രൂപ നോഡൽ ഏജൻസിയായ ആർബിഡിസികെ റവന്യു വകുപ്പിനു കൈമാറിയിട്ടുണ്ട്.സ്ഥലമേറ്റെടുക്കുന്നതിനു പുറമേ റോഡ് നിർമാണത്തിനു വേണ്ടി വരുന്ന 102 കോടി രൂപയ്ക്കു ഭരണാനുമതി നേരത്തെ നൽകിയിട്ടുണ്ട്.
ഒരു കിലോമീറ്റർ റോഡിന് 70 കോടി രൂപ
സീപോർട്ട് –എയർപോർട്ട് റോഡിന്റെ കളമശേരിയിലെ ഒരു കിലോമീറ്റർ റോഡ് പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനു നൽകേണ്ടിവന്നത് 70 കോടി രൂപ. ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു സസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് ഒരു കിലോ മീറ്റർ റോഡ് നിർമിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനു മാത്രമായി ഇത്രയും ഭീമമായ തുക നൽകേണ്ടിവരുന്നത്.
എൻഎഡി റോഡ് വീതി കൂട്ടലിനും കോമ്പൗണ്ട് ഭിത്തി നി൪മിക്കുന്നതിനും കൂടി 32.23 കോടി രൂപയാണ് എൻഎഡിക്ക് അനുവദിച്ചത്.
എച്ച്എംടി ഭൂമിക്കു സുപ്രീം കോടതി നിർദേശപ്രകാരം 37.90 കോടി രൂപയാണു കെട്ടിവച്ചത്. മന്ത്രി പി.
രാജീവിന്റെ നിരന്തരമായ ഇടപെടലുകളാണ് ഇതിനു വഴിയൊരുക്കിയത്. എച്ച്എംടി ഭൂമിയിലും എൻഎഡി ഭൂമിയിലും ജോലികൾ നടത്തുന്നതിനു കഴിഞ്ഞദിവസം ടെൻഡർ ക്ഷണിച്ചു. 17.22 കോടി രൂപയ്ക്കാണു ടെൻഡർ ചെയ്തിട്ടുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

