
പറവൂർ ∙ മഴ നിർത്താതെ പെയ്തതോടെ നഗരവും സമീപ പ്രദേശങ്ങളും വെള്ളക്കെട്ടിലായി. ദേശീയപാത – 66ൽ ഉൾപ്പെടെ വെള്ളക്കെട്ട് രൂക്ഷം.
റോഡിലെ കുഴികളിൽ മഴവെള്ളം നിറഞ്ഞത് അപകടഭീഷണി. വലിയ കെടുതികൾ ഉണ്ടായിട്ടില്ലെങ്കിലും മേഖലയിൽ ജാഗ്രത അനിവാര്യം. കോട്ടുവള്ളി പഞ്ചായത്തിലെ 1–ാം വാർഡിൽ ആവൂട്ടിതോട് കവിഞ്ഞൊഴുകി വീട്ടുമുറ്റങ്ങളിൽ വെള്ളമെത്തി.
ചേന്ദമംഗലം പഞ്ചായത്തിലെ കിഴക്കുംപുറം ഭാഗത്തെ ചില വീടുകളിൽ വെള്ളം കയറിയതിനാൽ വീട്ടുകാർ ബന്ധുവീടുകളിലേക്ക് മാറി. പെയ്ത്തുവെള്ളം പല റോഡുകളും മുക്കിയിട്ടുണ്ട്.
പൊട്ടിപ്പൊളിഞ്ഞു കുണ്ടും കുഴിയുമായ ദേശീയപാത – 66ന്റെ പല ഭാഗവും വെള്ളത്തിലാണ്. കുഴികളുടെ ആഴം മനസ്സിലാക്കാൻ കഴിയാത്തത് അപകടങ്ങൾക്ക് ഇടയാക്കും.
നഗരത്തിൽ മുനിസിപ്പൽ കവല – ചേന്ദമംഗലം കവല റോഡിൽ കച്ചേരി മൈതാനിയുടെ മുന്നിലുള്ള ഭാഗം പുഴ പോലെയായി.
പുല്ലംകുളം സ്കൂളിന് മുന്നിലൂടെയുള്ള ഫോർട് റോഡും വെള്ളത്തിലാണ്. വെള്ളത്തിലായ സി.മാധവൻ റോഡിലെ ചില വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി.
ദേശീയപാത നിർമാണം നടക്കുന്ന തെക്കേനാലുവഴി ഉൾപ്പെടെ പല മേഖലകളിലും രൂക്ഷമായ വെള്ളക്കെട്ടാണ്. പഞ്ചായത്തു പ്രദേശങ്ങളിലും ഒട്ടേറെ ഇടറോഡുകൾ വെള്ളത്തിലായി.
പുത്തൻവേലിക്കര താഴംചിറ – മാളവന റോഡിൽ മരം വീണു വൈദ്യുതി കമ്പി പൊട്ടി.
റോഡിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതു കാൽനടയാത്രയും വാഹനയാത്രയും ദുഷ്കരമാക്കുന്നു. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന ആശങ്കയിലാണ് പുത്തൻവേലിക്കര, ഏഴിക്കര പോലുള്ള കാർഷിക മേഖല.
പുത്തൻവേലിക്കരയിലെ തെനപ്പുറം, കോഴിത്തുരുത്ത് മേഖലകളാണ് ആദ്യം വെള്ളം കയറുന്ന സ്ഥലങ്ങൾ. മഴ തുടർന്നാൽ പെയ്ത്തുവെള്ളം വീടുകളിലേക്ക് കയറാനുള്ള സാധ്യത പലയിടത്തുമുണ്ട്.
ആളുകളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ക്യാംപുകൾ തുറക്കാനുള്ള നിർദേശം അതതു വില്ലേജ് ഓഫിസർമാർക്കു നൽകിയതായി തഹസിൽദാർ പറഞ്ഞു.
താലൂക്ക് ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 0484–2442326, 0484 – 2972817.പാലിയം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഒരു ക്യാംപ് തുറന്നു.
5 പേരടങ്ങുന്ന കുടുംബം എത്തിയിട്ടുണ്ട്.
വീടുകളും മുങ്ങി
ആലങ്ങാട് ∙ കനത്ത മഴയിൽ ഒട്ടേറെ റോഡുകളും വീടുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിൽ. കഴിഞ്ഞദിവസം രാത്രി മുതൽ പെയ്യുന്ന മഴയെ തുടർന്നാണ് കരുമാലൂർ, ആലങ്ങാട്, കോട്ടുവള്ളി മേഖലയിലെ മാഞ്ഞാലി– മനയ്ക്കപ്പടി, മന്നം– തത്തപ്പിള്ളി, വഴിക്കുളങ്ങര– അത്താണി, പാനായിക്കുളം– മില്ലുപടി, മാളികംപീടിക സിമിലിയ, കോതകുളം കെടി ജോർജ്, ബ്ലോക്കുപടി– നടുമുറി കോളനി, കന്നംകൊറ്റപ്പിള്ളി– ചെറിയപ്പിള്ളി തുടങ്ങിയ റോഡുകളും കവലകളും ഉൾപ്പെടെ വെള്ളക്കെട്ടിലായത്.
കൂടാതെ ഈ പ്രദേശങ്ങളിലെ പല വീടുകളിൽ വെള്ളം കയറുകയും ചെയ്തു.
പലയിടത്തും പെരിയാറിന്റെ കൈവഴികളും ഇടത്തോടുകളും കുളങ്ങളും കരകവിഞ്ഞൊഴുകി. കരുമാലൂർ– കോട്ടുവള്ളി പഞ്ചായത്ത് പരിധിയിൽ പലയിടത്തും കാനകൾ നിറഞ്ഞൊഴുകുകയാണ്. കാനകൾ കാടു മൂടി കിടന്നതും ഇടത്തോടുകൾ പലതും നികന്നതും തോടു കയ്യേറി വീതി കുറച്ചുള്ള നിർമാണ പ്രവർത്തനങ്ങളും മൂലം വെള്ളം ഒഴുകി പോകുന്നില്ലെന്നു പരാതിയുണ്ട്. മഴ ശക്തമായി തുടർന്നാൽ വെള്ളക്കെട്ട് ഇനിയും രൂക്ഷമാകാൻ സാധ്യതയുണ്ട്.
അതിനാൽ എത്രയും അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]