കൊച്ചി ∙ കൊച്ചി മേയർ സ്ഥാനത്തേക്കു വി.കെ. മിനിമോളെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത് ഏറെ നീണ്ട
ചർച്ചകൾക്കൊടുവിൽ.തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ മേയർ സ്ഥാനത്തേക്കു പറഞ്ഞു കേട്ടിരുന്ന പേരുകളാണു അവസാന നിമിഷവും പരിഗണിക്കപ്പെട്ടത്. പരിഗണിക്കപ്പെട്ട
3 പേരിൽ 2 പേർക്ക് മേയർ സ്ഥാനം വീതം വയ്ക്കാൻ തീരുമാനിച്ചപ്പോൾ മുൻഗണനാ ലിസ്റ്റിൽ ആദ്യമുണ്ടായിരുന്ന ദീപ്തി മേരി വർഗീസ് പുറത്തായി. മൂന്നു സ്ഥാനാർഥികളുടെയും പിന്നിൽ പാർട്ടിയിലെ ഓരോ വിഭാഗവും നേതാക്കളും അണിനിരന്നതോടെ തീരുമാനമെടുക്കുക ബുദ്ധിമുട്ടായി.
സാമുദായിക പരിഗണനകളും സമ്മർദങ്ങളും തീരുമാനങ്ങൾക്കു പിന്നിലുണ്ടായെങ്കിലും ഏറെ നിർണായകമായതു പാർട്ടി കൗൺസിലർമാരുടെ തീരുമാനമാണ്.കോൺഗ്രസ് സീനിയർ നേതാവ് എൻ. വേണുഗോപാൽ, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ കോൺഗ്രസ് കൗൺസിലർമാർ ഓരോരുത്തരെയായി വിളിച്ച് അഭിപ്രായം തേടി.
ഷൈനി മാത്യുവിനെ 21 പേരും മിനിമോളെ 17 പേരും പിന്തുണച്ചു എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകിയ സൂചന. അവസാന ടേമിൽ ദീപ്തിക്കും ഷൈനിക്കും മേയർ സ്ഥാനം നൽകണമെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ടായി.
പിന്നീട് പാർട്ടി കോർ കമ്മിറ്റിയിലാണു മിനിമോളെ മേയറാക്കാൻ തീരുമാനമുണ്ടായത്.
പ്രതിപക്ഷ നേതാവ് വി. ഡി.
സതീശന്റെയും ഡിസിസി പ്രസിഡന്റിന്റെയും അംഗീകാരവും ഇതിനുണ്ടായി.എന്നാൽ കൂടുതൽ കൗൺസിലർമാരുടെ പിന്തുണയുള്ള തന്നെ രണ്ടാം ടേമിലേക്കു പരിഗണിക്കുന്നതിലെ പ്രതിഷേധം ഷൈനി മാത്യു ഏതാനും നേതാക്കളെ അറിയിച്ചു. മേയർ സ്ഥാനം താൽപര്യമില്ലെന്നും കൗൺസിലറായി തുടരാമെന്നും അവർ പറഞ്ഞെങ്കിലും ടേം വ്യവസ്ഥ രേഖാമൂലം പ്രഖ്യാപിക്കാമെന്ന് അറിയിച്ചതോടെ അവർ വഴങ്ങി.
നേതാക്കൾ എടുത്ത തീരുമാനം അംഗീകരിക്കുന്നുവെന്ന് ഷൈനി പ്രതികരിച്ചു. 2015 ൽ യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ അവസാന രണ്ടര വർഷം ഷൈനിയെ മേയർ ആക്കാമെന്നു ധാരണയുണ്ടായിരുന്നെങ്കിലും അതു നടപ്പായില്ല.
രേഖാമൂലം തീരുമാനമില്ലാതിരുന്നതാണു കാരണം.
കോർപറേഷനിൽ പാലാരിവട്ടം ഡിവിഷന്റെ പ്രതിനിധിയാണു മിനിമോൾ. കൗൺസിലിൽ ഇതു നാലാമതു േടം.
നേരത്തേ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സനായിരുന്നു. ഫോർട്ട് കൊച്ചി കൗൺസിലറായ ഷൈനി മാത്യു കൗൺസിലിൽ രണ്ടാം ടേം.
നേരത്തേ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സനായിരുന്നു. ഡപ്യൂട്ടി മേയറായി ആദ്യ രണ്ടര വർഷം സ്ഥാനം ലഭിക്കുന്ന ദീപക് ജോയ്, അയ്യപ്പൻകാവ് ഡിവിഷൻ കൗൺസിലറാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു.
തുടർന്ന് ഡപ്യൂട്ടി മേയറാകുന്ന കെ.വി.പി. കൃഷ്ണകുമാർ എറണാകുളം സൗത്ത് കൗൺസിലറാണ്.
ഡപ്യൂട്ടി മേയർ: മുസ്ലിം ലീഗിന് പ്രതിഷേധം
കൊച്ചി ∙ കോർപറേഷൻ ഡപ്യൂട്ടി മേയർ സ്ഥാനത്തേക്കു മുസ്ലിം ലീഗിനെ പരിഗണിക്കാത്തതിൽ ജില്ലാ നേതൃത്വത്തിനു പ്രതിഷേധം.
സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. യുഡിഎഫ് നേതൃത്വവുമായി സംസാരിക്കാമെന്നാണു ലീഗ് സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തെ അറിയിച്ചത്.
യുഡിഎഫ് വൻഭൂരിപക്ഷത്തോടെ കോർപറേഷൻ ഭരണം പിടിച്ചതിനു പിന്നാലെ, ഡപ്യൂട്ടി മേയർ പദവിക്കായി ലീഗ് സമ്മർദം തുടങ്ങിയിരുന്നു. എന്നാൽ, ഒറ്റയ്ക്കു കോർപറേഷൻ ഭരിക്കാൻ ഭൂരിപക്ഷമുള്ള കോൺഗ്രസാകട്ടെ, ഡപ്യൂട്ടി മേയർ സ്ഥാനം വിട്ടുകൊടുക്കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.
കെപിസിസി മാനദണ്ഡം ലംഘിച്ചു: ദീപ്തി
കൊച്ചി∙ മേയർ സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നതിൽ കെപിസിസി മാനദണ്ഡം പാലിച്ചില്ലെന്നു കെപിസിസി ജനറൽ സെക്രട്ടറിയും മേയർ സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടയാളുമായ ദീപ്തി മേരി വർഗീസ് പറഞ്ഞു.
കോർ കമ്മിറ്റി വിളിക്കുകയോ, വോട്ടെടുപ്പു നടത്തുകയോ ഉണ്ടായില്ല. തിരഞ്ഞെടുപ്പിനു മുൻപുതന്നെ പ്രതിപക്ഷ നേതാവ് നേരിട്ടു വിളിച്ച് കോർപറേഷൻ തിരഞ്ഞെടുപ്പിനു നേതൃത്വം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അതുപ്രകാരം പ്രവർത്തിക്കുകയും പാർട്ടിക്കും മുന്നണിക്കും ഉജ്വല വിജയം നേടിക്കൊടുക്കുകയും ചെയ്തു. പെട്ടെന്ന് അഭിപ്രായം മാറിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നു ദീപ്തി പ്രതികരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

