കൊച്ചി ∙ നൂറ്റാണ്ടിന്റെ പെരുമയുമായി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി എറണാകുളം സെന്റ് തെരേസാസ് കോളജ്. കോളജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായാണ് നാളെ രാഷ്ട്രപതി എത്തുന്നത്.
പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് കോളജിൽ ഒരുക്കിയിരിക്കുന്നത്. രാഷ്ട്രപതിയുടെ സന്ദർശനാർഥം നഗരത്തിൽ നാളെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ ഗതാഗത നിയന്ത്രണവും ഡ്രോൺ പറത്തുന്നതിന് നിയന്ത്രണവും ഏർപ്പെടുത്തി.
കോട്ടയത്തു നിന്ന് രാവിലെ 11.30ന് ഹെലികോപ്റ്ററിൽ നാവികസേനാ ഹെലിപ്പാഡിൽ വന്നിറങ്ങുന്ന രാഷ്ട്രപതി 11.55ന് സെന്റ് തെരേസാസ് കോളജിലെത്തും.
ശതാബ്ദി ആഘോഷച്ചടങ്ങുകളിൽ പങ്കെടുത്ത ശേഷം റോഡ് മാർഗം നാവികസേനാ ഹെലിപ്പാഡിലേക്ക്. ഉച്ചയ്ക്ക് 1.20ന് നാവിക സേന ഹെലിപ്പാഡിൽ നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് തിരിക്കും.
1.55ന് കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കും. ഉച്ചയ്ക്ക് 12.10നാണ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ ശതാബ്ദി ആഘോഷച്ചടങ്ങുകൾ ആരംഭിക്കുക.
ക്ഷണിക്കപ്പെട്ട 1632 പേർക്കാണു പ്രവേശനം.
ഇതിൽ 839 വിദ്യാർഥികൾ, 220 എൻഎസ്എസ്-എൻസിസി വൊളന്റിയർമാർ, 225 അധ്യാപകർ, 200ലധികം വിവിഐപികൾ എന്നിവർ ഉൾപ്പെടുന്നു. വാഹനങ്ങൾക്ക് സിഎസ്ഐ പള്ളി വളപ്പ് (മാധ്യമപ്രവർത്തകർ), കെടിഡിസി വളപ്പ് (സർക്കാർ ഉദ്യോഗസ്ഥർ), എറണാകുളത്തപ്പൻ ഗ്രൗണ്ട് (മറ്റു ക്ഷണിക്കപ്പെട്ട
അതിഥികൾ) എന്നിവിടങ്ങളിലാണു പാർക്കിങ് സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. രാഷ്ട്രപതിക്കുള്ള സ്നേഹോപഹാരമായി രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന അഞ്ച് ഉപഹാരങ്ങൾ ചടങ്ങിൽ സമ്മാനിക്കും.
ഒഡീഷയുടെ പാരമ്പര്യ കലാരൂപമായ ‘പട്ടചിത്ര’യാണ് അതിലൊന്ന്. ഉണക്കിയ പനയോലകളിൽ പുരാണകഥകളും നാടോടിക്കഥകളും കൊത്തിയെടുത്ത്, നൂലുകൊണ്ട് ഓലകൾ തുന്നിച്ചേർത്തു നിർമിക്കുന്നതാണ് ഈ കലാരൂപം ഒഡീഷയുടെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമാണ്.
ഗുജറാത്തിലെ സുരേന്ദ്രനഗറിൽ നിന്നുള്ള ലോകപ്രശസ്തമായ ‘പട്ടോള’ വസ്ത്ര’മാണ് മറ്റൊന്ന്. മൾബറി സിൽക്കിലാണ് ഇതിന്റെ നിർമാണം.
നെയ്ത്തിന് മുൻപ് നൂലുകൾ ഓരോന്നും പ്രത്യേക അളവുകളിൽ കെട്ടി പലതവണ ചായം മുക്കി ഉണക്കിയെടുത്താണ് ഇത് നിർമിക്കുന്നത്. പുരാതന ഇന്ത്യൻ പാരമ്പര്യ വിനോദമായ ‘ബാഗ് ബക്കർ’ ആണ് രാഷ്ട്രപതിക്ക് സമ്മാനിക്കുന്ന മറ്റൊരു ഉപഹാരം.
റോസാപ്പൂവിന്റെ ആയിരക്കണക്കിന് ഇതളുകള്, കുങ്കുമപ്പൂവ്, ചന്ദനം, വെള്ളക്കസ്തൂരി എന്നിവ യോജിപ്പിച്ച് നിർമ്മിക്കുന്ന ‘രാഗ് മൽഹാർ’ എന്ന സുഗന്ധതൈലവും പ്രത്യേകം രൂപകൽപ്പന ചെയ്ത സാരിയും രാഷ്ട്രപതിക്ക് സമ്മാനിക്കും. കൊച്ചി രാജ്യത്തെ ആദ്യ വനിതാ കലാലയമായി 1925ൽ കാർമലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ (സിഎസ്എസ്ടി) സന്യാസിനി സമൂഹം സ്ഥാപിച്ച സെന്റ് തെരേസാസ് കോളജ് ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വലുതാണ്.
41 വിദ്യാർഥികളുമായി ആരംഭിച്ച കോളജിൽ 100 വർഷം കഴിയുമ്പോൾ 25 ഡിപാർട്മെന്റുകളിലായി 4263 വിദ്യാർഥിനികളാണു പഠിക്കുന്നത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി.രാജീവ്, വി.എൻ.വാസവൻ, ഹൈബി ഈഡൻ എം.പി, ടി.ജെ.വിനോദ് എം.എൽ.എ, കൊച്ചി മേയർ അഡ്വ.
എം.അനിൽകുമാർ, കോളജ് പ്രിൻസിപ്പൽ ഡോ. അനു ജോസഫ്, വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.
ആന്റണി വാളുങ്കൽ എന്നിവരും സഭാ, കോളേജ് അധികാരികളും ചടങ്ങിൽ പങ്കെടുക്കും. ∙ വാഹന നിയന്ത്രണം ഇങ്ങനെ
ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്നും ഹൈക്കോടതി, കണ്ടെയ്നർ റോഡ്, ഇടപ്പള്ളി എന്നീ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തോപ്പുംപടി ബിഒടി പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് അലക്സാണ്ടർ പറമ്പിത്തറ പാലം വഴി കുണ്ടന്നൂർ ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് വൈറ്റില ജങ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കടവന്ത്ര ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കെ.കെ.
റോഡിലൂടെ കലൂർ ജങ്ഷനിലെത്തി കച്ചേരിപ്പടി വഴി ഹൈക്കോടതി ജങ്ഷനിലെത്തി കണ്ടെയ്നർ റോഡ് ഭാഗത്തേക്ക് പോകേണ്ടതാണ്.അല്ലെങ്കിൽ ഫോർട്ടുകൊച്ചി – വൈപ്പിൻ ജങ്കാർ സർവ്വീസ് ഉപയോഗിക്കേണ്ടതാണ്.
തേവര ഫെറി ഭാഗത്തു നിന്നും കലൂർ, ഇടപ്പള്ളി ഭാഗത്തേക്ക് വരുന്ന ചെറു വാഹനങ്ങൾ, പണ്ഡിറ്റ് കറുപ്പൻ റോഡിലൂടെ മട്ടമ്മൽ ജങ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പനമ്പിള്ളി നഗർ വഴി മനോരമ ജങ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് കെ.െക. റോഡിലൂടെ കലൂർ ജങ്ഷനിലെത്തി പോകേണ്ടതാണ്.
വൈപ്പിൻ ഭാഗത്തുനിന്നും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ, ഹൈക്കോടതി ജങ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കലൂർ ജങ്ഷനിലെത്തി കെ.കെ റോഡിലൂടെ കടവന്ത്ര ജങ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് സഹോദരൻ അയ്യപ്പൻ റോഡിലൂടെ വൈറ്റിലയിൽ എത്തി കുണ്ടന്നൂർ ജങ്ഷനിൽ നിന്നും കുണ്ടന്നൂർ പാലം വഴി തോപ്പുംപടി ഭാഗത്തേക്ക് പോകേണ്ടതാണ്.
അല്ലെങ്കിൽ ഫോർട്ടുകൊച്ചി – വൈപ്പിൻ ജങ്കാർ സർവ്വീസ് ഉപയോഗിക്കേണ്ടതാണ്. വി.വി.ഐ.പി.
വാഹന വ്യൂഹം കടന്നു പോകുന്ന വഴിയിൽ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിലുള്ള വാഹന പാർക്കിങ് പൂർണ്ണമായും നിരോധിച്ചു. നാളെ നഗരത്തിൽ സമ്പൂർണ ഡ്രോൺ നിയന്ത്രണവും ഏർപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

