ബസുകൾ വാതിൽ തുറന്നിട്ടു സർവീസ് നടത്തിയാൽ ഇനി മുതൽ കർശന നിയമനടടികൾ സ്വീകരിക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. ഇത്തരത്തിലുള്ള വീഴ്ചകൾ അപകടകരമായ ഡ്രൈവിങ് ആയി കണക്കാക്കുമെന്നും ഡ്രൈവറുടെ ലൈസൻസും ചില സാഹചര്യങ്ങളിൽ വാഹനത്തിന്റെ പെർമിറ്റും റദ്ദാക്കുമെന്നും വകുപ്പ് അറിയിച്ചു.
ബസുകളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കർശന പരിശോധനകൾ ഊർജിതമാക്കാനാണ് അധികൃതരുടെ തീരുമാനം. വാതിൽ അടയ്ക്കാതെ സർവീസ് നടത്തിയ സ്വകാര്യ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് കുഞ്ഞിത്തൈ ചിലങ്ങര സോണിയുടെ ഭാര്യ വിന്റുമോൾ (31) മരിച്ച ദാരുണ സംഭവമാണ് മോട്ടർ വാഹന വകുപ്പിനെ നടപടികൾ ശക്തമാക്കാൻ പ്രേരിപ്പിച്ചത്.
മുൻകാലങ്ങളിൽ വാതിൽ തുറന്നിട്ടു സർവീസ് നടത്തുന്നവർക്കെതിരെ വെറും 250 രൂപ മാത്രമായിരുന്നു പിഴ ഈടാക്കിയിരുന്നത്. ഈ നിസ്സാര തുക അടച്ച് നിയമലംഘകർ രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ നീക്കം.
ദേശീയപാത – 66ൽ പറവൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ തുരുത്തിപ്പുറം പാലത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു വിന്റുമോളുടെ ജീവനെടുത്ത അപകടം ഉണ്ടായത്. കൊടുങ്ങല്ലൂർ – പറവൂർ റൂട്ടിൽ സർവീസ് നടത്തിയ ‘രോഹിണി കണ്ണൻ’ എന്ന ബസിന്റെ ഡ്രൈവർ പുത്തൻവേലിക്കര സ്വദേശി ഷിനുകുട്ടനെതിരെ വടക്കേക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.
യഥാർഥത്തിൽ മറ്റൊരു ബസിലെ ഡ്രൈവറായ ഇയാൾ, അന്നേ ദിവസം ഈ ബസിലെ ഡ്രൈവർ ഇല്ലാത്തതിനെത്തുടർന്നാണ് പകരം ജോലിക്ക് കയറിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ മോട്ടർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
കൂടാതെ വാഹനത്തിന്റെ പെർമിറ്റിന്മേലും അടിയന്തര നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ ശാസ്ത്രീയമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

