
പള്ളുരുത്തി∙ പെരുമ്പടപ്പിലെ അനധികൃത ബസ് പാർക്കിങ് വാഹനാപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. രാത്രി കുമ്പളങ്ങി പാലത്തിന്റെ പെരുമ്പടപ്പിലെ അപ്രോച്ച് റോഡ് മുതൽ പെരുമ്പടപ്പ് കൾട്ടസ് റോഡ് വരെ പാർക്ക് ചെയ്തിരിക്കുന്ന ബസുകളുടെ നീണ്ട നിര കാണാം.
പ്രധാന റോഡിൽ മാത്രമല്ല, പെരുമ്പടപ്പ് മാർക്കറ്റിലേക്കുള്ള റോഡിലും ബസുകൾ പാർക്ക് ചെയ്യുന്നു. ഇത് മാർക്കറ്റിലെത്തുന്നവർക്കും മറ്റും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
മറ്റു വാഹനങ്ങൾക്ക് മാർക്കറ്റിലേക്ക് കടക്കാൻ പലപ്പോഴും കഴിയാറില്ലെന്നും പരാതിയുണ്ട്. ഒരേസമയം, പ്രധാന റോഡിൽ രണ്ടു വലിയ വാഹനങ്ങൾ വന്നാൽ കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്.
അരൂർ മുതൽ തുറവൂർ വരെ ഉയരപ്പാത നിർമാണം നടക്കുന്നതിനാൽ വാഹനങ്ങൾ നിലവിൽ ആശ്രയിക്കുന്നത് പെരുമ്പടപ്പ് – കുമ്പളങ്ങി വഴിയെയാണ്. പെരുമ്പടപ്പിലെ അനധികൃത പാർക്കിങ് മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കുമ്പളങ്ങി സ്വദേശി പി.സി.അനന്തു, നവ കേരള സദസ്സിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് യൂണിറ്റ് പൊലീസ് ഇൻസ്പെക്ടറെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ചുമതലപ്പെടുത്തി.
തുടർന്ന് പെരുമ്പടപ്പ് പ്രദേശത്ത് ഗതാഗതം നിയന്ത്രിക്കുന്നതിനായി മട്ടാഞ്ചേരി വിങ്ങിൽ നിന്ന് ഡ്യൂട്ടി ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും മാർഗ തടസ്സം ഉണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും തീരുമാനമായി.
പെരുമ്പടപ്പിൽ ഓട്ടം അവസാനിപ്പിക്കുന്ന ബസുകൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക സൗകര്യം ഒരുക്കുമെന്നും അറിയിച്ചു ട്രാഫിക് പൊലീസ് ഇൻസ്പെക്ടർ 2024 ജൂണിൽ പരാതിക്കാരന് രേഖാമൂലം ഉറപ്പും നൽകി. എന്നാൽ, ഒരു വർഷം പിന്നിട്ടിട്ടും ഉറപ്പുകൾ പാലിക്കപ്പെട്ടില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കാനോ രാത്രികാലങ്ങളിൽ ഇവിടെ നിരീക്ഷണം നടത്താനോ പരിശോധിക്കാനോ ഉദ്യോഗസ്ഥർ തയാറാകുന്നില്ല.
അനധികൃതമായി പാർക്ക് ചെയ്യുന്ന ബസുകളുടെ എണ്ണം കൂടിവരികയാണ്. പാർക്കിങ് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]