ഇറാൻ യുദ്ധം പരിഹാരമാകാതെ എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ക്രൂഡ് ഓയിൽ വില സെഞ്ചറിയിൽ. പോയ വാരം ലോകത്തെ പ്രധാന ഓഹരി വിപണികളെല്ലാം കനത്ത നഷ്ടത്തിലായിരുന്നു.
സ്വർണവില കുതിച്ചുയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കിയില്ല. മേഖലയിൽ കൂടുതൽ സൈനിക നടപടിക്ക് യുഎസും ഇസ്രയേലും തയാറെടുക്കുന്നുവെന്ന വാർത്തകൾ അടുത്ത ആഴ്ചകളിലും വിപണിക്ക് കുരുക്കാകും.
യുഎഇ ഉൽപാദിപ്പിക്കുന്ന മർബൻ ക്രൂഡ് ഇന്നലെ പത്തു ശതമാനത്തോളം ഉയർന്ന് ബാരലിന് 103.2 ഡോളർ എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
ബ്രെന്റ് ക്രൂഡ് ബാരലിന് 92.69 ഡോളറിലെത്തി. ഡബ്ല്യൂടിഐ ബാരലിന് 90.90 ഡോളറും.
കോവിഡ് കാലത്തിന്റെ തുടക്കത്തിന് ശേഷം ഇത്രയും വില വർധനയുണ്ടാകുന്നത് ഇതാദ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യാന്തര വിപണിയിലെ 20 ശതമാനം ക്രൂഡ് ഓയിൽ ഗതാഗതം നടക്കുന്ന ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെയാണ് വില കുത്തനെ ഉയർന്നത്.
ഇവിടെയുണ്ടാകുന്ന ചെറിയ തടസം പോലും വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നതാണ് പതിവ്. മധ്യേഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വ്യാപാരത്തിന് ഇനിയും തടസം നേരിട്ടേക്കുമെന്നാണ് വിലയിരുത്തൽ.
ഇതുവഴി പോകുന്ന കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കാമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം.
എന്നാൽ അതിന് വേണ്ടിയാണ് തങ്ങളും കാത്തിരിക്കുന്നതെന്ന് ഇറാൻ പ്രതികരിച്ചു. 1987ൽ അമേരിക്കൻ ടാങ്കറായ ബ്രിജ്റ്റണിലുണ്ടായ അഗ്നിബാധ മറക്കരുതെന്നും ഇവർ കൂട്ടിച്ചേർത്തു.
അതിനിടെ ഇറാഖിലെ കുർദ് വിമതരെ മുന്നിൽ നിർത്തി ഇസ്രേയലും യുഎസും ഇറാനിൽ കരയുദ്ധം നടത്താനുള്ള ശ്രമങ്ങളും ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇത് മേഖലയിലെ പ്രശ്നങ്ങൾ കൂടുതൽ നാളത്തേക്ക് തുടരാൻ ഇടയാക്കുമെന്നാണ് വിപണിയുടെ ആശങ്ക.
നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ 30 ദിവസത്തേക്ക് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ യുഎസ് അനുമതി നൽകിയിട്ടുണ്ട്.
ഈ ഇളവ് മറ്റ് രാജ്യങ്ങൾക്കും നൽകുന്നത് പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു. ഇത് രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിൽ ആശ്വാസമാകുമെന്നാണ് കരുതുന്നത്.
ഏത് രാജ്യത്ത് നിന്ന് എണ്ണ വാങ്ങണമെന്ന് യുഎസ് തീരുമാനിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ഇത്.
18 ലക്ഷം കോടി
പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങിയതിന് ശേഷമുള്ള നാല് വ്യാപാര ദിവസങ്ങളിൽ ഇന്ത്യൻ ഓഹരി വിപണിക്ക് നഷ്ടമായത് 18 ലക്ഷം കോടി രൂപയെന്ന് കണക്ക്. സെന്‍സെക്സ് 3,160 പോയിന്റുകളും നിഫ്റ്റി 1,016 പോയിന്റുകളും ഇടിഞ്ഞു.
ഇന്നലെ സെൻസെക്സ് 1,097 പോയിന്റുകൾ നഷ്ടത്തിൽ 78,918.90ലെത്തി. നിഫ്റ്റി 315.45 പോയിന്റ് ഇടിഞ്ഞ് 24,450.45ലുമെത്തി.
പശ്ചിമേഷ്യയിലെ യുദ്ധം, ഹോർമൂസ് കടലിടുക്ക് അടച്ചതു മൂലമുള്ള വ്യാപാര പ്രതിസന്ധി, വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ക്രൂഡ് ഓയിൽ വില വർധന, ബാങ്കിങ് ഇൻഷുറൻസ് മേഖലയിൽ ആർബിഐ നിയന്ത്രണങ്ങൾ കടുപ്പിച്ചത് തുടങ്ങിയ കാരണങ്ങളാണ് വിപണിയെ നഷ്ടത്തിലാക്കിയത്.
നിലവിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടില്ലെങ്കിൽ വിപണി അടുത്ത ആഴ്ചയും നഷ്ടം തുടരാനാണ് സാധ്യത. പല ബ്രോക്കറേജുകളും ഇന്ത്യ അടക്കമുള്ള ഏഷ്യൻ ഓഹരികളിൽ ജാഗ്രതയോടെ നിക്ഷേപിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
ഹോർമൂസ് വഴിയുള്ള ഗതാഗതം കൂടുതൽ കാലം തടസപ്പെട്ടാല്‍ ഏഷ്യൻ രാജ്യങ്ങളിൽ എണ്ണ, പ്രകൃതി വാതക വില കുത്തനെ ഉയരാൻ സാധ്യതയുണ്ട്. ഇത് കമ്പനികളുടെ പ്രവർത്തന ഫലങ്ങളെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
യുഎസ് വിപണിയും ഇടിവിൽ
പശ്ചിമേഷ്യയിലെ യുദ്ധം യുഎസ് വിപണിയിലും കനത്ത നഷ്ടമുണ്ടാക്കി.
വെള്ളിയാഴ്ചയും ഇടിവ് തുടർന്നു. യുഎസ് തൊഴിൽ കണക്കുകൾ പുറത്തുവന്നത് ഇക്കൊല്ലം അടിസ്ഥാന പലിശ നിരക്കിൽ മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷ ശക്തമാക്കി.
നിക്ഷേപകർക്ക് ആവേശം നൽകുന്നതാണിത്. എന്നാൽ സാമ്പത്തിക മേഖലയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായതോടെ വിപണി ഇടിയുകയായിരുന്നു.
ഡോ സൂചിക 0.95 ശതമാനവും എസ് ആൻഡ് പി 1.33 ശതമാനവും നാസ്ഡാക്ക് 1.59 ശതമാനവും ഇടിഞ്ഞു. യൂറോപ്യൻ, ഏഷ്യൻ വിപണികളും സമാനമായ നഷ്ടത്തിലാണ് ഈ വാരത്തെ ഓഹരി വിൽപന പൂർത്തിയാക്കിയത്.
ഏഷ്യൻ ഓഹരികളിലുണ്ടായ വിൽപന സമ്മർദം കഴിഞ്ഞ ആറുവർഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ദിവസങ്ങളായിരുന്നു കടന്നു പോയത്.
യുദ്ധം കൂടുതൽ കാലം തുടർന്നേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് നിക്ഷേപകർ അതിവേഗത്തിലാണ് ഓഹരികൾ വിറ്റൊഴിഞ്ഞ് സുരക്ഷിത നിക്ഷേപങ്ങൾ തേടുന്നത്.
ഏഷ്യൻ വിപണികളിൽ നിന്ന് മാത്രം വിദേശ നിക്ഷേപകർ 11 ബില്യൻ ഡോളർ ഓഹരികൾ വിറ്റു. ഏറ്റവും കൂടുതൽ തായ്വാനിൽ നിന്ന്, 7.9 ബില്യൻ ഡോളർ.
ദക്ഷിണ കൊറിയൻ വിപണിയിൽ നിന്ന് 1.6 ബില്യൻ ഡോളറും ഇന്ത്യയിൽ നിന്ന് 1.3 ബില്യൻ ഡോളറും പുറത്തേക്ക് ഒഴുകിയെന്ന് ബ്ലൂംബെർഗ് കണക്ക് പറയുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന ‘സെൽ അമേരിക്ക, ബയ് ഏഷ്യ’ ട്രെൻഡിന് താൽകാലിക വിരാമമായെന്നും വിദഗ്ധര്‍ പറയുന്നു.
സ്വർണവില ഇന്നലെ രണ്ടു ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
രാജ്യാന്തര വിപണിയിൽ ഔൺസിന് 100 ഡോളർ ഉയർന്ന് 5,171.92 ഡോളറെന്ന നിലയിലായിരുന്നു ക്ലോസിങ്. ഇന്നും നാളെയും രാജ്യാന്തര വിപണിയിൽ വ്യാപാരം നടക്കുന്നില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

