കൊച്ചി ∙ ട്വന്റി 20 പാർട്ടി ഒരു നനഞ്ഞ പടക്കമാണെന്നും സാബു എം. ജേക്കബിന്റെ എൻഡിഎ പ്രവേശനം തികച്ചും കമ്പനി ലാഭത്തിന് വേണ്ടിയാണെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
കേരളത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും അഴിമതിക്കാരും അരാഷ്ട്രീയ വാദികളും സ്വജന പക്ഷവാദികളും ആണെന്ന് പറഞ്ഞാണ് അരാഷ്ട്രീയ വാദിയായ സാബു ജേക്കബ് ട്വന്റി 20 എന്ന പാർട്ടി രൂപീകരിച്ചത്. ആ പാർട്ടിയുടെ നേതൃത്വത്തിലാണ് പഞ്ചായത്ത്, നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചത്.
കേരളത്തിലെ കോൺഗ്രസും സിപിഎമ്മും ഒന്നിനും കൊള്ളാത്തവരാണെന്നാണ് അദ്ദേഹം ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് വരെ ആവർത്തിച്ചിരുന്നത്.
കോൺഗ്രസിനും സിപിഎമ്മിനും എതിരായി പറയുമ്പോഴും അദ്ദേഹം ബിജെപിക്ക് എതിരായി ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോൾ അദ്ദേഹം ബിജെപി പാളയത്തിലേക്ക് ചേക്കേറിയിരിക്കുകയാണ്.
അരാഷ്ട്രീയ വാദം ഉന്നയിച്ച് ജനങ്ങളുടെ വോട്ട് വാങ്ങി അവരെ പണയപ്പെടുത്തുന്ന നടപടിയാണ് സാബു ജേക്കബിന്റെ ബിജെപി പ്രവേശനം.
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം തന്നെ ട്വന്റി ട്വന്റിയുടെ ബിജെപി പ്രവേശനം കോൺഗ്രസ് ആരോപിച്ചിരുന്നു. എൽഡിഎഫിന്റെ പതനം തിരിച്ചറിഞ്ഞതോടെ സാബു ജേക്കബിന് മറ്റു വഴിയില്ലാതെയായി.
ഇന്ത്യയിൽ കോർപറേറ്റുകൾക്ക് വേണ്ടി വഴിവിട്ട സഹായങ്ങൾ ചെയ്തു നൽകുന്ന ബിജെപി, കോർപറേറ്റ് മുതലാളിയായ സാബു ജേക്കബിന് ഉചിതമായ ഇടം തന്നെയാണ്.
തികച്ചും കച്ചവട താൽപര്യമാണ് അദ്ദേഹത്തിന്റേതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
അദ്ദേഹം കോടികൾ മുടക്കി കെട്ടിപൊക്കിയ കമ്പനിയുടെ നിലനിൽപിന് വേണ്ടിയാണ് ഇപ്പോഴുള്ള ഈ മാറ്റം.
കിഴക്കമ്പലത്തെ കുന്നത്തുനാട്, ചൂരതോട് എന്നിവിടങ്ങളിലെ കമ്പനിയുടെ മാലിന്യ പ്രശ്നം അതിരൂക്ഷമായതോടെയാണ് അദ്ദേഹം ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് ആരംഭിച്ച് സർക്കാരിന്റെ റേഷന് സമാനമായി വിതരണം ആരംഭിക്കുകയും ചെയ്തത്. അതോടെ സാധാരണക്കാരായ ജനങ്ങൾ സാബു ജേക്കബിന് അനുകൂലമാകുകയും കിഴക്കമ്പലത്ത് ഭരണം പിടിക്കുകയും ചെയ്തു. പിന്നീട് സമീപ പ്രദേശങ്ങളും ഇതുപോലെ കയ്യടക്കി.
പിന്നീട് ഈ ഭക്ഷ്യ സുരക്ഷ മാർക്കറ്റ് മുൻനിർത്തിയും പല വാഗ്ദാനങ്ങൾ നൽകിയും തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ഭക്ഷ്യകിറ്റുകൾ വാങ്ങി നന്ദി കാണിച്ചില്ലെന്ന തരത്തിൽ വോട്ടർമാരെ അപമാനിക്കുകയും ചെയ്തു.
അദ്ദേഹം ഒരു ജനാധിപത്യവാദി ആയിരുന്നില്ല.
മറിച്ച് ജനങ്ങളുടെ വോട്ട് കച്ചവട തന്ത്രം ഉപയോഗിച്ച് വാങ്ങാനാണ് ശ്രമിച്ചിരുന്നത്.
പുത്തൻകുരിശിലും വടവുകോടും പ്രവർത്തകർ സ്വതന്ത്രമായാണ് കോൺഗ്രസിനെ പിന്തുണച്ചതെന്നും അത് അതുപോലെ തുടരുമെന്നും ഷിയാസ് വ്യക്തമാക്കി. കുന്നത്തുനാട്ടിലെ ട്വന്റി 20 മെമ്പർമാർ എല്ലാവരും ബിജെപിയിലേക്ക് പോകില്ല.
പലരും കോൺഗ്രസ് പാളയത്തിലെത്തും, ട്വന്റി 20 എന്ന പാർട്ടി അസ്തമിച്ചു കഴിഞ്ഞു. കുന്നത്തുനാട്ടിലെ ജനങ്ങളോട് സാബു ജേക്കബ് മാപ്പുപറയണമെന്നും മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.
സാബു ജേക്കബ് ഒരു യഥാർഥ ബിസിനസുകാരൻ ആണെന്നും തന്റെ ബിസിനസ് വളർച്ചയ്ക്കു വേണ്ടിയുള്ള നീക്കമാണ് ഇപ്പോൾ നടത്തിയിരിക്കുന്നതെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ പറഞ്ഞു.
ഇപ്പോഴുള്ള നടപടിയിൽ അദ്ദേഹത്തിന് നഷ്ടം മാത്രമേ ഉണ്ടാകൂ. പ്രാദേശിക നേതാക്കൾ പലരും പാർട്ടിയിൽ നിന്നും പൂർണമായി അകന്നു.
പലരും കോൺഗ്രസിൽ ചേരാൻ ആഗ്രഹം അറിയിച്ചിട്ടുണ്ടെന്നും വി.പി.സജീന്ദ്രൻ വ്യക്തമാക്കി.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @Mohammedshiyasinc എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

