കൊച്ചി വാട്ടർ മെട്രോ പദ്ധതി സ്വന്തം കാലിൽ നിൽക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ കർശന നിർദേശം. പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാനും പരമാവധി വരുമാനം വർദ്ധിപ്പിക്കാനുമാണ് അധികൃതർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.
ഇതിന്റെ ഭാഗമായി വാട്ടർ മെട്രോ ടിക്കറ്റ് നിരക്ക് പുനഃപരിശോധിക്കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ പൂർണ്ണമായും സർക്കാർ സഹായത്തിലാണ് പദ്ധതി മുന്നോട്ടുപോകുന്നത്.
2026–27 സാമ്പത്തിക വർഷത്തേക്കു വാട്ടർ മെട്രോ നടത്തിപ്പിനു സർക്കാർ 8.88 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചത്. നിലവിൽ ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന തുക മാത്രമാണ് വാട്ടർ മെട്രോയുടെ ഏക വരുമാന സ്രോതസ്സ്.
ഈ സ്ഥിതി മാറി വരുമാനത്തിനായി മറ്റ് ഇതര മാർഗ്ഗങ്ങൾ കണ്ടെത്തണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം നടത്തിപ്പു ചെലവിനായി 10.88 കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും 2 കോടി രൂപ മാത്രമാണ് അനുവദിച്ചിരുന്നത്.
ഇതിന്റെ ബാക്കി തുകയാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. മെട്രോ ട്രെയിനുകളിൽ കാണുന്നതുപോലെ യാത്രക്കാരുടെ എണ്ണം കൂട്ടി വരുമാനം വർദ്ധിപ്പിക്കാൻ വാട്ടർ മെട്രോയ്ക്ക് പരിമിതികളുണ്ട്.
ഒരു ബോട്ടിൽ അനുവദനീയമായ പരമാവധി യാത്രാ ശേഷി 100 പേർ മാത്രമാണ്. അതിനാൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നതു സംബന്ധിച്ച് ഒരു സ്വതന്ത്ര ഏജൻസിയുടെ റിപ്പോർട്ട് തേടാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ നിരക്ക് വർദ്ധനയുൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ ഗൗരവമായി പരിഗണിക്കും. ചെലവു ചുരുക്കാനുള്ള നിർദേശങ്ങൾ വരുന്നതിന് തൊട്ടുപിന്നാലെ കൊതാട്, തേവര, ആസ്റ്റർ, അമൃത, ചരിയംതുരുത്ത്, മുളവുകാട് ജെട്ടികൾ വാട്ടർ മെട്രോ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
എന്നാൽ ഇത് സർക്കാർ നിർദ്ദേശപ്രകാരമല്ലെന്നും, ഈ പ്രദേശങ്ങളിലേക്ക് ബോട്ട് സർവീസ് നടത്തുന്നതിലെ പ്രായോഗിക തടസ്സങ്ങൾ കാരണമാണ് ഈ തീരുമാനമെടുത്തതെന്നുമാണ് അധികൃതരുടെ വിശദീകരണം. അതേസമയം, നെട്ടൂരിൽ നിന്നും ഇടക്കൊച്ചി, കുമ്പളം, തൈക്കൂടം, വൈറ്റില എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.
പരസ്യ വരുമാനം പരമാവധി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വാട്ടർ മെട്രോ ടെർമിനലുകളിൽ കൂടുതൽ വാണിജ്യ ഇടങ്ങൾ കണ്ടെത്തി അവ വാടകയ്ക്ക് നൽകാനാണ് പദ്ധതി. ഹൈക്കോടതി ടെർമിനൽ, വൈറ്റില ടെർമിനൽ എന്നിവിടങ്ങളിൽ ഇത്തരത്തിലുള്ള വാണിജ്യ വികസനത്തിന് വലിയ സാധ്യതകളാണുള്ളത്.
കൂടാതെ, വാട്ടർ മെട്രോ ടെർമിനലുകൾക്ക് ‘നെയ്മിങ് റൈറ്റ്സ്’ (Naming Rights) നൽകുന്നതും സർക്കാരിന്റെ സജീവ പരിഗണനയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

