ശബരിമല തീർഥാടന പാതകളുടെ നവീകരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴയിലെ എംസി റോഡ് വികസനത്തിന് തുക അനുവദിച്ച് ഉത്തരവായി. എംസി റോഡിൽ പേഴയ്ക്കാപ്പിള്ളി പുളിഞ്ചോട് കവലയിലും സമീപത്തുമായി രൂപപ്പെട്ടിട്ടുള്ള തകർച്ചകൾ പരിഹരിക്കുന്നതിനായി 2.10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
പേഴയ്ക്കാപ്പിള്ളി പുളിഞ്ചോട് മത്സ്യ മാർക്കറ്റിന് സമീപം ടൈൽ പാകിയ ഭാഗം പൂർണ്ണമായി നീക്കം ചെയ്ത് റോഡ് നവീകരിക്കുന്നതിനാണ് ഈ തുക വകയിരുത്തിയിരിക്കുന്നതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു. 2019ൽ ടൈൽ പാകി നവീകരിച്ച ഭാഗമാണ് ഇപ്പോൾ വീണ്ടും പുനർനിർമിക്കുന്നത്.
അന്ന് ശബരി പാക്കേജിൽ നിന്ന് 15 കോടി രൂപ വകയിരുത്തിയാണ് ഈ പ്രദേശത്ത് കോൺക്രീറ്റ് ഇന്റർലോക്ക് ടൈലുകൾ വിരിച്ചത്. എന്നാൽ റോഡിന്റെ അടിത്തറ കൃത്യമാക്കാതെ നടത്തിയ അശാസ്ത്രീയമായ നിർമാണം കാരണം ടൈലുകൾ ഇളകുകയും, ചിലയിടങ്ങളിൽ ഉയർന്നും താഴ്ന്നും കടലിലെ തിരമാലകൾ പോലെ രൂപപ്പെടുകയും ചെയ്തു.
തുടർച്ചയായ അറ്റകുറ്റപ്പണികൾ ഇല്ലാത്തതിനാൽ ടൈലുകൾ ഇളകിമാറുകയും താഴ്ന്നുപോകുകയും ചെയ്തത് ഇതുവഴിയുള്ള വാഹനയാത്രയ്ക്ക് വലിയ തടസ്സവും കനത്ത അപകടസാധ്യതയും സൃഷ്ടിച്ചിരുന്നു. ഈ യാത്രാദുരിതം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് വിവിധ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു.
ഇതിനെത്തുടർന്ന് മാത്യു കുഴൽനാടൻ എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 2019ലെ നവീകരണത്തിന് ശേഷം എംസി റോഡിൽ ഒരു പ്രധാന പദ്ധതിക്കായി പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിക്കുന്നത് ഇതാദ്യമായാണ്.
മധ്യകേരളത്തിലെ അതിപ്രധാന പാതയായ എംസി റോഡിലൂടെ നെടുമ്പാശേരി വിമാനത്താവളം ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിലേക്ക് ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. റോഡിന്റെ വിവിധ ഭാഗങ്ങളിൽ അറ്റകുറ്റപ്പണികളും പുനർനിർമാണ പ്രവർത്തനങ്ങളും വൈകുന്നത് യാത്രാക്ലേശം രൂക്ഷമാക്കിയിരുന്നു.
ജനപ്രതിനിധിയുടെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ എംസി റോഡിലെ പ്രധാന കുഴികൾ പൊതുമരാമത്ത് വകുപ്പ് അടച്ചിരുന്നു. എങ്കിലും പേഴയ്ക്കാപ്പിള്ളി മേഖലയിലെ തകർന്ന പ്രതലം പൂർണമായി പൊളിച്ചു നീക്കി പുനർനിർമിക്കേണ്ടതുണ്ട്.
വരാനിരിക്കുന്ന മണ്ഡല–മകരവിളക്ക് തീർഥാടനകാലത്തിന് മുന്നോടിയായി പാതയിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി തീർഥാടകർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

