നഗരത്തിന്റെ ശുചിത്വവും ആരോഗ്യവും സംബന്ധിച്ച് കൊച്ചി കോർപറേഷന് ലഭിച്ചിരിക്കുന്നത് വ്യത്യസ്തവും ഗൗരവകരവുമായ ഒരു പരാതി. കൊതുകുശല്യവും തെരുവുനായ്ക്കളുടെ ശല്യവും നിയന്ത്രിക്കാനുള്ള തിരക്കുകൾക്കിടയിലാണ് വളർത്തു നായ്ക്കൾ പൊതുസ്ഥലങ്ങളിൽ വിസർജനം നടത്തുന്നതു തടയണമെന്നാവശ്യപ്പെട്ടുള്ള പരാതി കോർപറേഷന് ലഭിച്ചിരിക്കുന്നത്.
പരാതിയിൽമേൽ ഉചിതമായ നടപടി സ്വീകരിക്കുന്നതിനായി മേയർ വിഷയം ആരോഗ്യ വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്. നഗരത്തിലെ വീടുകളിലും അപ്പാർട്മെന്റുകളിലും അരുമ മൃഗങ്ങളെ വളർത്തുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്.
പാർക്കുകളിലേക്കും മറ്റ് പൊതുവിടങ്ങളിലേക്കും നടക്കാനിറങ്ങുമ്പോൾ പലരും തങ്ങളുടെ വളർത്തു നായ്ക്കളെയും ഒപ്പം കൂട്ടാറുണ്ട്. എന്നാൽ ഇത്തരം പൊതുസ്ഥലങ്ങളിൽ നായ്ക്കൾ വിസർജനം നടത്തുന്നത് പതിവായി മാറിയിരിക്കുന്നുവെന്നാണ് പരാതിക്കാരന്റെ പ്രധാന ആരോപണം.
ഇത് പൊതുജനാരോഗ്യത്തിനും ശുചിത്വത്തിനും വലിയ തോതിൽ ഭീഷണി ഉയർത്തുന്നുണ്ട്. മൃഗങ്ങളുടെ വിസർജ്യത്തിൽ വിവിധ തരത്തിലുള്ള ബാക്ടീരിയകളും പരാദ ജീവികളും അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്.
പൊതുവിടങ്ങളിൽ നടക്കാനിറങ്ങുന്ന മുതിർന്ന പൗരന്മാർക്കും കുട്ടികൾക്കും ഉൾപ്പെടെ ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. കൂടാതെ, പൊതുസ്ഥലങ്ങൾ വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികൾ ഈ വിസർജ്യങ്ങൾ നീക്കം ചെയ്യാൻ നിർബന്ധിതരാകുന്ന സാഹചര്യവുമുണ്ട്.
വിദേശ രാജ്യങ്ങളിൽ അരുമ മൃഗങ്ങളെ വളർത്തുന്നത് പതിവാണെങ്കിലും പൊതുസ്ഥലങ്ങളിൽ ഇവ വിസർജനം നടത്തുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. അരുമ മൃഗങ്ങളുമായി പുറത്തിറങ്ങുമ്പോൾ ഇവയുടെ വിസർജ്യം നീക്കം ചെയ്യാനുള്ള സംവിധാനങ്ങളും ബാഗുകളും അവിടത്തെ ആളുകൾ കരുതാറുണ്ട്.
എന്നാൽ അത്തരത്തിലുള്ള ഒരു സംസ്കാരമോ ശീലമോ ഇവിടെ ആരും പിന്തുടരുന്നില്ലെന്നും ഇത് പൊതുശുചിത്വത്തിലെ ഗുരുതരമായ വീഴ്ചയാണെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. പൊതുസ്ഥലങ്ങളിൽ വളർത്തു നായ്ക്കൾ വിസർജനം നടത്തുന്നതുമായി ബന്ധപ്പെട്ട
വിഷയം വിശദമായി പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് കോർപറേഷൻ ആരോഗ്യവിഭാഗം സ്ഥിരസമിതി അധ്യക്ഷ സീന ഗോകുലൻ വ്യക്തമാക്കി. വീടുകളിൽ വളർത്തുന്ന മൃഗങ്ങൾക്ക് കോർപറേഷനിൽ നിന്നും നിർബന്ധമായും ലൈസൻസ് എടുക്കേണ്ടതുണ്ട്.
എന്നാൽ പലരും ഇതിന് തയ്യാറാകുന്നില്ലെന്നും വരും ദിവസങ്ങളിൽ ഇതേക്കുറിച്ചുള്ള പരിശോധനകൾ കർശനമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

