ആലുവ ∙ മഹാശിവരാത്രി ഇന്ന്. പിതൃമോക്ഷ പുണ്യം തേടി വ്രതാനുഷ്ഠാനങ്ങളോടെ ഉറക്കമൊഴിഞ്ഞെത്തുന്ന ജനലക്ഷങ്ങളെ സ്വീകരിക്കാൻ ആലുവ മണപ്പുറം ഒരുങ്ങി.
ഇന്ന് ആരംഭിക്കുന്ന ബലിതർപ്പണം കുംഭത്തിലെ അമാവാസിയായ ചൊവ്വാഴ്ച വരെ തുടരും. മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ഇന്നു രാവിലെ 6നു ലക്ഷാർച്ചന, പിതൃപൂജ, പശുദാനം, കൂട്ടനമസ്കാരം, സായുജ്യ പൂജ, തിലഹവനം, രാത്രി 12നു ശിവരാത്രി വിളക്ക്, എഴുന്നള്ളിപ്പ്, തുടർന്നു ബലിതർപ്പണം.
ക്ഷേത്രകർമങ്ങൾക്കു തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരി, മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.
പുഴയോരത്തു ദേവസ്വം ബോർഡ് ലേലം ചെയ്തു നൽകിയ സ്ഥലത്തു 116 ബലിത്തറകൾ ഉണ്ടാകും. 100 രൂപയാണു ബലിതർപ്പണത്തിന്റെ നിരക്ക്.
അപ്പം, അരവണ തുടങ്ങിയ വഴിപാടുകൾക്കു കൂടുതൽ കൗണ്ടറുകൾ തുറന്നു. ക്ഷേത്ര ദർശനത്തിനും ലക്ഷാർച്ചന തൊഴാനും എത്തുന്ന ഭക്തജനങ്ങൾക്കു വെയിൽ കൊള്ളാതെ നിൽക്കാൻ വിശാലമായ പന്തൽ സജ്ജമാക്കി.
ആയിരക്കണക്കിന് അലങ്കാര ദീപങ്ങളും ഹൈമാസ്റ്റ് ലാംപുകളും മണപ്പുറത്തെ പ്രഭാപൂരിതമാക്കും.
മണപ്പുറത്തിന്റെ നേരെ അക്കരെ ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ശിവരാത്രി ബലിതർപ്പണത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ആശ്രമവും ശ്രീനാരായണ ധർമസംഘം ട്രസ്റ്റും ചേർന്നാണ് ഇതിനുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്.
ഒരേസമയം 750 പേർക്കു ബലിയിടാം. ആശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, മേൽശാന്തി പി.കെ.
ജയന്തൻ, ജനറൽ കൺവീനർ വി.ഡി. രാജൻ എന്നിവർ നേതൃത്വം നൽകും.
ഇന്നു 2നു ദാർശനിക സമ്മേളനം ജസ്റ്റിസ് വി.എം.
ശ്യാംകുമാറും 5നു സർവമത സമ്മേളനം ജസ്റ്റിസ് കെ.വി. ജയകുമാറും ഉദ്ഘാടനം ചെയ്യും.
ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. അൻവർ സാദത്ത് എംഎൽഎ, റൂറൽ എസ്പി കെ.എസ്.
സുദർശൻ, നഗരസഭാധ്യക്ഷ സൈജി ജോളി, ഉപാധ്യക്ഷൻ ഫാസിൽ ഹുസൈൻ എന്നിവരും ദേവസ്വം ബോർഡ് അധികൃതരും മണപ്പുറം സന്ദർശിച്ചു ക്രമീകരണങ്ങൾ വിലയിരുത്തി. ഇന്നു വൈകിട്ടു 4 മുതൽ നാളെ പകൽ 2 വരെ ആലുവ നഗരത്തിലും ദേശീയപാതയിലും ഗതാഗത നിയന്ത്രണം ഉണ്ടാകും.
മണപ്പുറത്തു താൽക്കാലിക നഗരസഭാ ഓഫിസും പൊലീസ് കൺട്രോൾ റൂമും തുറന്നു.
മണപ്പുറം പൂർണമായി പൊലീസിന്റെ ഡ്രോൺ ക്യാമറ നിരീക്ഷണത്തിലാണ്. എഴുപതോളം സിസിടിവി ക്യാമറകളും ഉണ്ട്.
ഫോൺ: 0484–2602700 (നഗരസഭാ ഓഫിസ്), 0484–2602800 (കൺട്രോൾ റൂം). ശിവരാത്രി കഴിഞ്ഞ് ഒരു മാസം കൂടി നഗരസഭയുടെ നേതൃത്വത്തിൽ മണപ്പുറത്തു വ്യാപാരമേളയും അമ്യൂസ്മെന്റ് പാർക്കും വിനോദ പരിപാടികളും തുടരും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

