കൂത്താട്ടുകുളം∙ സംസ്ഥാനത്തെ ഏറ്റവും മികച്ച യുവ കർഷകനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഇലഞ്ഞി വെളിയത്തുമാലിൽ മോനു വർഗീസ് മാമൻ. മെക്കാനിക്കൽ എൻജിനീയറിങ് പാസായെങ്കിലും കൃഷിയോടുള്ള താൽപര്യം മൂലം അത് ഉപജീവനമാർഗമായി തിരഞ്ഞെടുത്തു.
2001ൽ പിതാവിന്റെ മരണശേഷം മുഴുവൻ സമയ കർഷകനായി. ആദ്യ കാലത്തുണ്ടായിരുന്ന റബർ കൃഷിയിൽ നിന്നു വരുമാനം കുറഞ്ഞപ്പോൾ മറ്റു കൃഷികളിലേക്കു തിരിഞ്ഞു. ഒന്നര ഏക്കറിൽ തെങ്ങ്, 2 ഏക്കർ കൊക്കോ, 1 ഏക്കറിൽ കമുക്, 3 ഏക്കറിൽ 3000 ഏത്തവാഴ, 2 ഏക്കറിൽ പുൽക്കൃഷി, 3 ഏക്കറിൽ നെൽക്കൃഷി, ഒന്നര ഏക്കറിൽ പൈനാപ്പിൾ, അഞ്ചര ഏക്കറിൽ റബർ എന്നിങ്ങനെ നീളുന്നു മോനുവിന്റെ കൃഷി.
മണ്ണു പരിശോധിച്ച് ജൈവവളവും കുമ്മായവും നൽകുന്നതിനാൽ കൃഷിയിടത്തിലെ വരുമാനം 200% വർധിച്ചെന്ന് മോനു പറഞ്ഞു.
2019–ൽ ആരംഭിച്ച ഡയറി ഫാം മികച്ച ലാഭം നൽകുന്നു ഒന്നാണെന്നു മോനു പറയുന്നു. ജൈവവളമായ ചാണകം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡയറി ഫാം തുടങ്ങിയത്.
37 പശുക്കളും 5 കിടാരികളും ഫാമിലുണ്ട്. ബയോഗ്യസിലെ സ്ലറിയും നെൽക്കൃഷിക്കു വളമാക്കും. ചാണകവും സ്ലറിയും ഉണക്കി ചാക്കിന് 250 രൂപ നിരക്കിലാണു വിൽക്കുന്നത്.
ഫാമിലെ പാലിൽനിന്നുണ്ടാക്കുന്ന മോനൂസ് ഐസ്ക്രീമിനു നാട്ടിൽ ആവശ്യക്കാരേറെ. നെയ്യ്, തൈര്, ഏത്തപ്പഴം ഉണങ്ങിയത് എന്നിവയും പാക്കറ്റുകളിൽ ലഭിക്കും. ഇതിനു ശേഷം ബാക്കിവരുന്ന പാൽ സൊസൈറ്റിയിൽ അളക്കും.
നെയ്യും ഏത്തപ്പഴം ഉണങ്ങിയതും ഓൺലൈനായും വിൽപനയുണ്ട്.
പുരസ്കാരങ്ങൾ
2012ൽ ജില്ലയിലെ മികച്ച വാഴക്കർഷകനായും 2018ൽ മികച്ച നെൽക്കർഷകനായും, 2021ൽ മികച്ച ജൈവ കർഷകനായും 2022ൽ മികച്ച യുവ കർഷകനായും മികച്ച ക്ഷീരകർഷകനായും മോനു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

