പറവൂർ മൃഗാശുപത്രിയിലെ ചികിത്സാ പിഴവുമൂലം തന്റെ വളർത്തുനായയുടെ ശരീരം തളർന്നെന്നാരോപിച്ച് ഉടമ സമരവുമായി രംഗത്ത്. കൈതാരം അഞ്ജലിയിൽ എ.പി.
വിഷ്ണുപ്രസാദ് ആണ് നായയുമായി മൃഗാശുപത്രിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ലക്ഷങ്ങൾ വിലമതിക്കുന്ന സൈബീരിയൻ ഹസ്കി ഇനത്തിൽപെട്ട
നായയ്ക്കാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെത്തുടർന്ന് ഈ ദുർഗതി ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. നായയ്ക്ക് ചെള്ളുപനി ബാധിച്ചതാണെന്ന തെറ്റായ നിഗമനത്തിൽ നടത്തിയ ചികിത്സയാണ് ആരോഗ്യനില വഷളാകാൻ കാരണമായതെന്ന് എ.പി.
വിഷ്ണുപ്രസാദ് വ്യക്തമാക്കി. എന്നാൽ, മണ്ണുത്തി വെറ്ററിനറി കോളജിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് നായയുടെ കരളിൽ അർബുദ ബാധയാണെന്ന് വ്യക്തമായത്.
തുടർ ചികിത്സയ്ക്കായി ലക്ഷക്കണക്കിന് രൂപയാണ് ആവശ്യമായി വരുന്നത്. നായയുടെ ഇപ്പോഴത്തെ നിലയ്ക്ക് കാരണക്കാരായവർ തന്നെ ഇതിനുള്ള പണം കണ്ടെത്തി തുടർ ചികിത്സ ഉറപ്പാക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
ഇതിന് തയാറായില്ലെങ്കിൽ നായയ്ക്ക് ദയാവധം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ വകുപ്പിന്റെ ആലുവ ജില്ലാ ഓഫിസിലും തിരുവനന്തപുരത്തെ ഡയറക്ടറേറ്റിലും പറവൂർ പൊലീസിലും പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

