കളമശേരി ∙ കുസാറ്റ് ഗെസ്റ്റ് ഹൗസിനു മുന്നിൽ റോഡിലെ കുഴികൾ ഒഴിവാക്കാൻ സർവകലാശാലയുടെ എൻജിനീയറിങ് വിഭാഗം ചുമതലപ്പെടുത്തിയ കരാറുകാരൻ വിരിച്ച കട്ടകളെല്ലാം നിർമാണം പൂർത്തിയാക്കിയതിന്റെ തൊട്ടടുത്ത ദിവസം പൊളിച്ചുനീക്കാൻ ആരംഭിച്ചു. കട്ടകൾ ഗുണനിലവാരമില്ലെന്നു നിർമാണം പൂർത്തിയാക്കിയ ശേഷമാണ് എൻജിനീയറിങ് വിഭാഗത്തിനു ബോധ്യപ്പെട്ടത്.
30 മീറ്റർ മാത്രം റോഡ് കട്ടവിരിക്കാൻ 10 ദിവസത്തോളം റോഡ് അടച്ചിട്ടു. യാത്രക്കാർ ഇടുങ്ങിയ പൈപ്ലൈൻ റോഡിലൂടെ സഞ്ചരിക്കേണ്ടിവന്നു.
ഗതാഗതക്കുരുക്കിനെത്തുടർന്നു സർവകലാശാലയുടെ സെക്യൂരിറ്റി ജീവനക്കാർ ഏറെ പഴികേട്ടു. നിർമാണം പൂർത്തിയാക്കി ചൊവ്വാഴ്ച റോഡ് തുറന്നു കൊടുത്തു. ഇന്നലെ രാവിലെ വീണ്ടും റോഡ് അടച്ചുകെട്ടിയതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് വിരിച്ച സിമന്റ് കട്ടകളെല്ലാം അതിഥിത്തൊഴിലാളികൾ ഇളക്കി മാറ്റുന്നതു കണ്ടത്.
കട്ടകൾ ഇളക്കിമാറ്റുന്നതിനും വീണ്ടും വിരിക്കുന്നതിനും രണ്ടാഴ്ചയോളം സമയമെടുക്കുമെന്നുറപ്പായതോടെ കൗൺസിലർമാരായ പി.എം.നജീബ്. റസീഫ് അടമ്പയിൽ, കെ.എ.റിയാസ്, സുഹറത്ത് മനാഫ്, മുൻ കൗൺസിലർമാരായ എ.കെ.ബഷീർ, കെ.യു.സിയാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജോലികൾ തടഞ്ഞു.
അടച്ചുകെട്ടിയിരുന്ന റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു.
സിമന്റ് കട്ടകളുടെ ഗുണനിലവാരം സംബന്ധിച്ചു കുസാറ്റ് നിഷ്കർഷിച്ച മാനദണ്ഡങ്ങളനുസരിച്ചു കരാറുകാരൻ പരിശോധനാ റിപ്പോർട്ട് തുടക്കത്തിൽ ഹാജരാക്കിയിരുന്നു. നിർമാണത്തിനിടയിൽ സർവകലാശാല എൻജിനീയറിങ് വിഭാഗം ഇഷ്ടിക ഗുണനിലവാര പരിശോധനയ്ക്ക് എടുത്തിരുന്നു.
ഇതിന്റെ പരിശോധനാഫലം നിർമാണം പൂർത്തിയായ ശേഷമാണ് ലഭിച്ചത്. സർവകലാശാല ആവശ്യപ്പെട്ട ഗുണമേന്മയുള്ള കട്ടകളല്ല വിരിച്ചതെന്നു കണ്ടെത്തി.
ഇതേത്തുടർന്നു മുഴുവൻ കട്ടകളും മാറ്റാൻ കരാറുകാരനോട് ആവശ്യപ്പെടുകയായിരുന്നു.
സർവകലാശാല ക്യാംപസിൽ തന്നെ പരിശോധനാ ലാബ് പ്രവർത്തിക്കുന്നുണ്ട്. മണിക്കൂറുകൾക്കുള്ളിൽ പരിശോധനാഫലം ലഭിക്കുകയും ചെയ്യും.
നിർമാണം പൂർത്തിയാക്കുന്നതുവരെ കാത്തിരിക്കേണ്ടിയിരുന്നില്ലെന്നും റോഡ് നിർമാണവേളയിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഉണ്ടായിരുന്നില്ലെന്നും 2 ദിവസം കൊണ്ടു തീർക്കാമായിരുന്ന ജോലിയാണ് ദിവസങ്ങളോളം നീട്ടിക്കൊണ്ടുപോയി ജനങ്ങളെ കഷ്ടപ്പെടുത്തിയതെന്നും കൗൺസിലർമാർ ആരോപിച്ചു. റോഡിന്റെ ശേഷിച്ച ഭാഗം കുഴികൾ നിറഞ്ഞു തകർന്നുകിടക്കുകയാണ്. ആ ഭാഗം നന്നാക്കാനുള്ള നീക്കമില്ലാത്തതിലും നാട്ടുകാർ പ്രതിഷേധിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

