അരൂർ-തുറവൂർ ഉയരപ്പാതയുടെ സുരക്ഷയും യാത്രാസൗകര്യവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി പാതയിൽ സൗരോർജ വിളക്കുകൾ ഒരുക്കുന്നു. 12.75 കിലോമീറ്റർ ദൂരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതിന്റെ ഭാഗമായി അരൂർ മുതൽ തുറവൂർ വരെയുള്ള പ്രദേശത്ത് ആകെ 960 സൗരോർജ വിളക്കുകളാണ് സ്ഥാപിക്കുന്നത്. പദ്ധതിക്കായി ആകെ 425 തൂണുകളാണ് ഉയർത്തുന്നത്.
ഉയരപ്പാതയുടെ ഉപരിതലത്തിൽ മധ്യഭാഗത്തായി വരുന്ന മീഡിയനിലാണ് ഈ തൂണുകൾ സ്ഥാപിക്കുന്നത്. തൂണുകളുടെ മുകൾഭാഗത്ത് ഇരുവശങ്ങളിലേക്കും ചിറകുപോലെയാണ് വിളക്കുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഇതിന്റെ നടുവിലായി സോളാർ പാനലും സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ പില്ലർ നമ്പർ 40 മുതൽ 205 വരെയുള്ള ഭാഗങ്ങളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്.
രാത്രികാലങ്ങളിൽ മാത്രം പ്രകാശിക്കുന്ന ഓട്ടോമാറ്റിക് സംവിധാനത്തിലാണ് ഈ സൗരോർജ വിളക്കുകൾ പ്രവർത്തിക്കുന്നത്. പരസ്പരം 30 മീറ്റർ ഇടവേളകളിലാണ് വിളക്കുകൾ സജ്ജമാക്കുന്നത്.
എന്നാൽ, ഉയരപ്പാത അവസാനിക്കുന്ന തുറവൂരിലെത്തിയപ്പോൾ രൂപരേഖയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് ഈ ജങ്ഷനിൽ വലിയ ഉയരത്തിലുള്ള വിളക്കാണ് സ്ഥാപിക്കുന്നത്.
354-ാമത്തെ ഒറ്റത്തൂണിനു ശേഷം തുറവൂർ പറവൂർ റീച്ചിൽ പാത ഇരുവശങ്ങളിലുമായി രണ്ട് തൂണുകളിലാണ് ഒരുങ്ങുന്നത്. ഈ ഭാഗത്ത് ഇരുവശങ്ങളിലുമായി ആകെ 12 തൂണുകളാണ് നിർമിക്കുന്നത്.
ഈ ഭാഗത്തെ നിർമാണ ജോലികൾ മറ്റൊരു കമ്പനിയാണ് കരാറെടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ 354-ാം നമ്പർ തൂണിന് കിഴക്കുഭാഗത്ത് തൈക്കാട്ടുശേരി റോഡിന് മധ്യത്തിലായി വലിയൊരു തൂണൊരുക്കി വെളിച്ചം ഉറപ്പാക്കാനാണ് തീരുമാനം.
അരൂർ മുതൽ തുറവൂർ വരെയുള്ള പ്രധാന നിർമാണങ്ങൾ ഏറ്റെടുത്ത കമ്പനിയാണ് ഈ പ്രവൃത്തിയും നിർവഹിക്കുന്നത്. ഇതിന്റെ മുന്നോടിയായി തുറവൂർ ജങ്ഷന് മധ്യഭാഗത്ത് നിലവിൽ വലിയ കുഴിയെടുത്തിട്ടുണ്ട്.
അരൂർ മുതൽ തുറവൂർ വരെയുള്ള മുഴുവൻ നിർമാണ ജോലികളും വരുന്ന ഡിസംബറിൽ പൂർത്തിയാകുമെന്നാണ് കരാർ കമ്പനി അധികൃതർ അറിയിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

