കാക്കനാട്∙ വിശ്വാസത്തിൽ ഉറച്ചതും ഐക്യബോധത്തിൽ ശക്തമായതുമായ സമുദായത്തിനു കാലഘട്ടത്തിന്റെ ദിശ മാറ്റാൻ കഴിയുമെന്ന് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സിറോ മലബാർ സമുദായ ശക്തീകരണവർഷം – 2026ന്റെ സഭാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിപരമായ വിശ്വാസാനുഭവങ്ങളിൽ മാത്രം തൃപ്തിയടയാതെ, വിശ്വാസ ബോധ്യങ്ങളെ സമൂഹനന്മയ്ക്കായി പ്രവർത്തന സജ്ജമാക്കുമ്പോഴാണ് സമുദായം ചരിത്രത്തെ സ്വാധീനിക്കുന്ന ശക്തിയായി മാറുന്നതെന്നും മേജർ ആർച്ച് ബിഷപ് പറഞ്ഞു.
‘രൂപതകൾ, സമർപ്പിത സമൂഹങ്ങൾ, കുടുംബങ്ങൾ, യുവജനങ്ങൾ, വിദ്യാഭ്യാസ–സാമൂഹിക സ്ഥാപനങ്ങൾ ഇവയെല്ലാം ഒരേ ലക്ഷ്യത്തോടെ വളർത്തിയെടുക്കുന്ന ഐക്യബോധമാണ് നമ്മുടെ യഥാർഥ ശക്തി. അത്തരമൊരു കൂട്ടായ്മയിൽ നവീകരിക്കപ്പെടുമ്പോൾ മാത്രമാണ് ക്രൈസ്തവ സമുദായത്തിന് കാലഘട്ടത്തിന്റെ ദിശയെ സുവിശേഷ മൂല്യങ്ങളുടെ പ്രകാശത്തിൽ രൂപാന്തരപ്പെടുത്താൻ കഴിയുന്നത’, മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു. സിറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മിഷൻ കൺവീനർ ആർച്ച് ബിഷപ് മാർ തോമസ് തറയിൽ സ്വാഗതം ആശംസിച്ചു.
പബ്ലിക് അഫയേഴ്സ് കമ്മിഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ആമുഖ പ്രഭാഷണം നടത്തി.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ യോഗത്തിനു നന്ദിയർപ്പിച്ചു. സിറോ മലബാർ ബിഷപ്സ് സിനഡ് സെക്രട്ടറി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി, പബ്ലിക് അഫയേഴ്സ് കമ്മിഷൻ സെക്രട്ടറി ഫാ.
ജെയിംസ് കൊക്കവയലിൽ, അഭിവന്ദ്യ പിതാക്കൻമാർ, വിൻസൻഷ്യൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ വെരി. റവ.
ഫാ. പോൾ പുതുവ, എസ്.എ.ബി.എസ് സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ റോസിലി ജോസ് ഒഴുകയിൽ, സഭാ കാര്യാലയത്തിലെ വൈദികർ, സന്യസ്തർ, സിറോ മലബാർ മാതൃവേദി ഗ്ലോബൽ പ്രസിഡന്റ് ബീനാ ജോഷി, സിറോ മലബാർ യുവജന സംഘടനയുടെ പ്രസിഡന്റ് സാം സണ്ണി എന്നിവർ സംബന്ധിച്ചു.
മുപ്പത്തിനാലാം സിനഡിന്റെ ഒന്നാം സമ്മേളനത്തിന് പ്രാരംഭമായി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സഭയുടെ വിവിധ തലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

