സംസ്ഥാനത്ത് ഓണം വിപണി ലക്ഷ്യമിട്ട് പ്രവർത്തിച്ച വ്യാജമദ്യ നിർമാണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ സ്പിരിറ്റ് പിടികൂടി. കൊച്ചി അങ്കമാലി കോതകുളങ്ങരയിൽ ദേശീയപാതയോരത്ത് പ്രവർത്തിച്ചിരുന്ന സിമന്റ് ഹോളോബ്രിക്സ് നിർമാണ കേന്ദ്രത്തിന്റെ മറവിലാണ് വ്യാജമദ്യ ബോട്ട്ലിങ് യൂണിറ്റ് പ്രവർത്തിച്ചിരുന്നത്.
ഇവിടെ നടത്തിയ പരിശോധനയിൽ 1,248 ലീറ്റർ സ്പിരിറ്റാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വ്യാജമദ്യ വിപണനം തടയുന്നതിനായി എക്സൈസ് വകുപ്പ് നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായാണ് ഈ നടപടി.
കർണാടകയിൽ നിന്ന് സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന കൊല്ലം ചത്തന്നൂർ പി.ജെ. നിവാസിൽ രതീഷ്, പറവൂർ ചെറിയപള്ളംതുരുത്ത് കക്കനാട്ട് വീട്ടിൽ സന്തോഷ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.
പിക്കപ്പ് വാനിൽ നിന്നും ഹോളോബ്രിക്സ് യൂണിറ്റിലേക്ക് സ്പിരിറ്റ് ക്യാനുകൾ ഇറക്കുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. കർണാടകയിലെ ഹുബ്ബള്ളിയിൽ നിന്നാണ് പ്രതികൾ സ്പിരിറ്റ് എത്തിച്ചതെന്ന് എക്സൈസ് വ്യക്തമാക്കി.
വാഹനത്തിൽ തവിട് നിറച്ച ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് ക്യാനുകൾ ഉണ്ടായിരുന്നത്. കൊടുങ്ങല്ലൂരിൽ അടുത്തിടെ നടന്ന സ്പിരിറ്റ് വേട്ടയുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്കമാലി മേഖലയിൽ നിരീക്ഷണം ശക്തമാക്കിയതാണ് പ്രതികളെ കുടുക്കാൻ സഹായകരമായത്.
അങ്കമാലി സ്വദേശിയായ ബൈജു എന്നയാളാണ് ഈ ഹോളോബ്രിക്സ് നിർമാണ കേന്ദ്രം വാടകയ്ക്കെടുത്ത് നടത്തിയിരുന്നത്. ഇയാൾ നിലവിൽ ഒളിവിലാണ്.
ഹോളോബ്രിക്സ് കമ്പനിയോട് ചേർന്നുള്ള മുറിയിൽ മദ്യം നിറയ്ക്കുന്നതിനുള്ള വിവിധ ഉപകരണങ്ങൾ, അളവുപാത്രങ്ങൾ, വ്യാജ ലേബലുകൾ പതിക്കാനായി തയാറാക്കിയ സ്റ്റിക്കർ പേപ്പറുകൾ, കുപ്പികൾ, അറുപതോളം അടപ്പുകൾ എന്നിവയും എക്സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. സ്പിരിറ്റിൽ വെള്ളവും കൃത്രിമ നിറങ്ങളും ചേർത്ത് പ്രാദേശിക ബാറുകളിലും കരിഞ്ചന്തയിലും ചില്ലറ വിൽപന നടത്താനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്.
അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. സ്ഥാപനത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഈ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റു വ്യക്തികളെയും കെട്ടിട ഉടമയെയും ഉടൻ തന്നെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
എറണാകുളം ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.കെ.സതീഷിന്റെ കർശന നിർദേശപ്രകാരം അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ എ.വിപിൻദാസിന്റെ നേതൃത്വത്തിലായിരുന്നു ഈ നിർണായക പരിശോധന നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പത്മകുമാർ, പി.കെ.ബിജു, സുരേഷ് ബാബു, റെഞ്ചു എൽദോ തോമസ്, വി.എസ്.ഷൈജു, പ്രിവന്റീവ് ഓഫിസർമാരായ ഷിബു, രാജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ അജീഷ്, നൗഫൽ, സൽമാനുൽ ഫാരീസ്, സജീഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

