കൊച്ചി നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി നിർണായക തീരുമാനങ്ങളുമായി ഓപ്പറേഷൻ ബ്രേക്ക്ത്രൂ അവലോകന യോഗം ചേർന്നു. ജില്ലാ കലക്ടർ ജി.
പ്രിയങ്കയുടെ അധ്യക്ഷതയിൽ കലക്ടറുടെ ക്യാമ്പ് ഓഫീസിൽ വെച്ചാണ് ഉന്നതതല യോഗം ചേർന്നത്. നഗരത്തിലെ വിവിധ കനാലുകളുടെ നവീകരണ പുരോഗതിയും മഴക്കാല പൂർവ്വ വെള്ളക്കെട്ട് പ്രതിരോധ പ്രവർത്തനങ്ങളും യോഗം വിശദമായി വിലയിരുത്തി.
പ്രധാന പദ്ധതിയായ മുല്ലശ്ശേരി കനാൽ നവീകരണ പ്രവൃത്തികൾ വരുന്ന സെപ്റ്റംബർ ഒന്നിന് തന്നെ പുനരാരംഭിക്കണമെന്ന് ജില്ലാ കലക്ടർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പ്രവൃത്തികൾ വരുന്ന മാർച്ച് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ടി.പി. കനാലിന്റെ മൗത്ത് ക്ലീനിങ് പ്രവൃത്തികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ടെന്നും, ഹൈക്കോടതി പരിസരത്തെ വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവാക്കാനുള്ള ജോലികൾ പി.ഡബ്ല്യു.ഡി വിജയകരമായി പൂർത്തിയാക്കിയതായും യോഗം വിലയിരുത്തി.
കെഎസ്ആർടിസി ഡിപ്പോ പരിസരത്തെ കാനകളിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്ന പ്രവണത ഗൗരവത്തിലെടുത്ത അധികൃതർ, ഈ ഭാഗത്തെ കാനകൾ അടിയന്തരമായി വൃത്തിയാക്കാൻ കൊച്ചി കോർപ്പറേഷന് നിർദ്ദേശം നൽകി. കൂടാതെ, കാനകൾക്ക് മുകളിൽ പ്രവർത്തിക്കുന്ന കടകൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് പ്രതിരോധ നടപടികൾ പുരോഗമിക്കുകയാണ്. ഇന്ദിരാനഗറിൽ പുതിയ ഷട്ടറുകൾ സ്ഥാപിക്കുകയും, റോഡ് ഉയർത്തുന്നതിനുള്ള ഫണ്ട് അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.
ജോസ് ജങ്ഷനിലെ പ്രശ്നപരിഹാരത്തിനായുള്ള ടെൻഡറിങ് നടപടികളും ടി.ഡി. റോഡിലെ ജെറ്റിങ് പ്രവൃത്തികളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
എം.ജി. റോഡിൽ സെൻട്രൽ മാൾ പരിസരത്തുണ്ടാകുന്ന വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കണ്ടെത്താൻ പി.ഡബ്ല്യു.ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടപ്പള്ളി ഒബ്റോൺ മാൾ പ്രദേശത്ത് ബോക്സ് കൽവർട്ട് നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായതായി എൻ.എച്ച്.എ.ഐ അറിയിച്ചു. എന്നാൽ, കമ്മട്ടിപ്പാടത്ത് ബോക്സ് കൽവർട്ട് നിർമ്മാണത്തിനായുള്ള ടെൻഡറിംഗിലുണ്ടായ അകാരണമായ കാലതാമസത്തിൽ റെയിൽവേയോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
നഗരത്തിലെ ശുചിത്വവും മാലിന്യ സംസ്കരണവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ കരാർ വ്യവസ്ഥകൾ യോഗം മുന്നോട്ടുവെച്ചു. ഓടകളും കനാലുകളും വൃത്തിയാക്കുമ്പോൾ നീക്കം ചെയ്യുന്ന എക്കലും ചെളിയും വഴിയോരങ്ങളിൽ കൂട്ടിയിടാൻ പാടില്ല.
കരാർ നൽകുന്ന വേളയിൽ തന്നെ ഇത്തരം മാലിന്യങ്ങൾ സിൽറ്റ് യാർഡിലേക്ക് മാറ്റുന്നുണ്ടെന്ന് മൈനർ ഇറിഗേഷനും കൊച്ചി കോർപ്പറേഷനും കർശനമായി ഉറപ്പുവരുത്തണം. നിരോധിക്കപ്പെട്ട
സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉറവിടങ്ങൾ കണ്ടെത്തി പരിശോധനകൾ ഊർജിതമാക്കാനും, നിയമലംഘനം നടത്തുന്നവരിൽ നിന്നും കനത്ത പിഴ ഈടാക്കാനും കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്ക് കലക്ടർ നിർദ്ദേശം നൽകി. കലക്ടറുടെ ക്യാമ്പ് ഓഫീസിൽ നടന്ന അവലോകന യോഗത്തിൽ അമിക്കസ് ക്യൂറി ഗോവിന്ദ് പദ്മനാഭൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ജോസഫ് സ്റ്റീഫൻ റോബി, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി പി.
എസ്. ഷിബു, മറ്റ് വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

