കണ്ണൂർ, കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കിടഞ്ഞിതുരുത്തിമുക്ക് പാലം നിർമാണ പ്രവർത്തനങ്ങൾ വീണ്ടും സജീവമായി. വർഷങ്ങൾക്ക് മുൻപ് ആരംഭിക്കുകയും പിന്നീട് വിവിധ തടസ്സങ്ങൾ മൂലം നിലച്ചുപോവുകയും ചെയ്ത പദ്ധതിയാണ് ഇപ്പോൾ യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നത്.
കണ്ണൂർ ജില്ലയിലെ പാനൂർ നഗരസഭയിലെ കിടഞ്ഞിയെയും കോഴിക്കോട് ജില്ലയിലെ എടച്ചേരി തുരുത്തിമുക്കിനെയും കോർത്തിണക്കുന്നതാണ് ഈ സുപ്രധാന യാത്രാമാർഗ്ഗം. ആധുനിക സാങ്കേതികവിദ്യയായ സ്പാൻബോ സ്ട്രിങ് ആർച്ച് മാതൃകയിലാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
204 മീറ്റർ നീളമുള്ള പാലത്തിന് പുറമെ കിടഞ്ഞി ഭാഗത്ത് 175 മീറ്ററും തുരുത്തിമുക്ക് ഭാഗത്ത് 60 മീറ്റർ നീളത്തിലുള്ള അനുബന്ധ റോഡുകളും പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കിടഞ്ഞി ഭാഗത്തെ റോഡ് നിർമാണത്തിന്റെ പ്രാരംഭ ഘട്ടം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
തുരുത്തിമുക്ക് ഭാഗത്തെ പ്രവൃത്തികളും ഉടൻ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ചരിത്രവും തടസ്സങ്ങളും
എം.കെ.മുനീർ മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ഈ പാലം പദ്ധതി അനുവദിച്ച് കിട്ടിയത്.
തുടർന്ന് വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ ഭരണകാലത്ത് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും വിവിധ തർക്കങ്ങളെ തുടർന്ന് അഞ്ച് വർഷത്തോളം പ്രവൃത്തി സ്തംഭനാവസ്ഥയിലായി. പിന്നീട് 2020 ജനുവരിയിൽ അന്നത്തെ മന്ത്രി ജി.സുധാകരൻ വീണ്ടും ശിലാസ്ഥാപനം നിർവഹിക്കുകയുണ്ടായി.
17.95 കോടി രൂപയുടെ പ്രവൃത്തിക്ക് പിഡബ്ല്യുഡി അംഗീകാരം നൽകി കരാർ ഉറപ്പിച്ചെങ്കിലും വീണ്ടും പ്രതിസന്ധികൾ ഉടലെടുക്കുകയായിരുന്നു. മാഹിപ്പുഴയ്ക്ക് കുറുകെ നിർമിക്കുന്ന ഈ പാലം പ്രഖ്യാപിത ജലപാതയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായിരിക്കണമെന്ന നിർദ്ദേശം വന്നത് ശാസ്ത്രീയമായ പുനർരൂപകൽപ്പനയ്ക്ക് കാരണമായി.
ഇതിനൊപ്പം സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളും പദ്ധതി വൈകാൻ ഇടയാക്കി. പരിഹാരവും പുതിയ പ്രതീക്ഷകളും
നിർമാണ സാമഗ്രികളുടെ വിലക്കയറ്റം കണക്കിലെടുത്ത് കൂടുതൽ തുക അനുവദിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്ന് നിർവഹണ ഏജൻസിയായ കെആർഎഫ്ബിയും കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി അധികൃതരും തമ്മിൽ നിരവധി തവണ ചർച്ചകൾ നടത്തി.
മുൻ എംഎൽഎമാരായ കെ.പി.മോഹനൻ, ഇ.കെ.വിജയൻ എന്നിവരുടെ ശക്തമായ ഇടപെടലിനെ തുടർന്ന് മുൻമന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയിരുന്നു. തുടർന്ന് കിഫ്ബി കൂടുതൽ ഫണ്ട് വകയിരുത്തിയതോടെയാണ് പ്രതിസന്ധികൾ മാറി പ്രവൃത്തികൾ വേഗത്തിലായത്.
“പാലം യാഥാർത്ഥ്യമാകുന്നതോടെ രണ്ടു ജില്ലകളിലേക്കും വൻ വികസന മുന്നേറ്റം ഉണ്ടാകും. പാലത്തോടൊപ്പം പുതിയ പാതയും സ്വപ്ന പദ്ധതിയായി രൂപപ്പെട്ടുകഴിഞ്ഞു.
ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു” എന്ന് പാലം നിർമാണക്കമ്മിറ്റി കൺവീനർ ആവോലം ബഷീർ വ്യക്തമാക്കി. യാത്രാക്ലേശത്തിന് വിരാമം
നിലവിൽ ഇരു കരകളിലുമുള്ള ജനങ്ങൾ മാഹിപ്പുഴ കടക്കാൻ രാവിലെ മുതൽ വൈകിട്ട് വരെ തോണിയെ മാത്രമാണ് ആശ്രയിക്കുന്നത്.
പാലം പൂർത്തിയാകുന്നതോടെ പാനൂർ മേഖലയിലുള്ളവർക്ക് വടകര ഭാഗത്തേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാനാകും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഉൾപ്പെടെയുള്ള യാത്രാദൂരം ഗണ്യമായി കുറയ്ക്കാൻ ഈ പുതിയ പാത സഹായകരമാകും.
മാഹിയിൽ നിന്നും നാദാപുരം ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്കും ഈ പാലം വലിയൊരു ആശ്വാസമായിരിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ ഈ തീരദേശ മേഖലയിൽ മികച്ച ടൂറിസം സാധ്യതകളാണ് തുറക്കപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

