കാക്കനാട്∙ മെട്രോ റെയിൽ നിർമാണം നടക്കുന്ന പാലാരിവട്ടം–കാക്കനാട് റോഡിൽ ചില ഭാഗങ്ങളിൽ പൊടി ശല്യം രൂക്ഷം. മഴ പെയ്താൽ വാഹനക്കുരുക്ക്, വെയിൽ വന്നാൽ പൊടി ശല്യം എന്നതാണു റോഡിലെ സ്ഥിതി.
പാടിവട്ടം, അയ്യനാട് പാലം, ചെമ്പുമുക്ക്, പടമുകൾ ഭാഗങ്ങളിലാണ് വൻതോതിൽ പൊടി ഉയരുന്നത്. സീപോർട്ട്– എയർപോർട്ട് റോഡിലും സ്ഥിതി വ്യത്യസ്തമല്ല. കാൽനടക്കാരും ഇരുചക്ര വാഹനയാത്രക്കാരും ഇതുമൂലം വലയുന്നു.
മെട്രോ നിർമാണത്തോട് അനുബന്ധിച്ച ചെറിയ കല്ലുകളും മണ്ണും റോഡിലേക്ക് വ്യാപിക്കുന്നതാണു പൊടി ഉയരാൻ കാരണം. ഒരു ദിവസം പൂർണമായി മഴ ഒഴിഞ്ഞു നിന്നാൽ റോഡിൽ പൊടി ശല്യം തുടങ്ങും.
തുടർച്ചയായി മഴ പെയ്താൽ കുരുക്കും.
റോഡിലെ ചെറു കുഴികളിൽ മഴവെള്ളം നിറയുന്നതിനാൽ വാഹനങ്ങൾ ഇഴഞ്ഞാണു നീങ്ങുന്നത്. ഇതുമൂലം കുരുക്കു രൂപപ്പെടുന്നു.
രാവിലെയും വൈകിട്ടുമാണു കുരുക്കു രൂക്ഷം. കുന്നുംപുറം മുതൽ കമ്പിവേലിക്കകം വരെ വാഹനങ്ങൾ നിരങ്ങിയാണു നീങ്ങുന്നത്.
പടമുകൾ പെട്രോൾ പമ്പ് മുതൽ പടമുകൾ ജംക്ഷൻ വരെ ചില സമയങ്ങളിൽ വാഹനങ്ങൾ നിശ്ചലമാകുന്നു. ഇവിടങ്ങളിലെല്ലാം മെട്രോ റെയിലിന്റെ തൂണു നിർമാണം പുരോഗമിക്കുന്നുണ്ട്.
മണ്ണുമാന്തി യന്ത്രവും പൈലിങ് യൂണിറ്റും റോഡിന്റെ മധ്യഭാഗത്ത് പ്രവർത്തിക്കുന്നതിനാൽ ബാരിക്കേഡുകൾ അകറ്റിയാണു വച്ചിരിക്കുന്നത്. ഇതുമൂലം റോഡിൽ വീതി കുറവാണ്. വീതിയില്ലാത്ത ഭാഗങ്ങളിൽ ബസുകളും ലോറികളും ഉൾപ്പെടെ വലിയ വാഹനങ്ങൾ ഫുട്പാത്തിലേക്കും കാനയുടെ മുകളിലെ സ്ലാബുകളിലേക്കും കയറിപ്പോകുന്നത് അപകടഭീതി ഉയർത്തുന്നു. പാലച്ചുവട്– പടമുകൾ റോഡ്, മൂലേപ്പാടം റോഡ്, ചെമ്പുമുക്ക് പാറേക്കാട്ടിൽ റോഡ്, കെകെ റോഡ്, പുളിക്കില്ലം റോഡ് തുടങ്ങിയ ഇടങ്ങളിൽ നിന്ന് സിവിൽ ലൈൻ റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗങ്ങളിലും പലപ്പോഴും വൻ കുരുക്കാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

