കൊച്ചിക്കായൽ കടന്നുവന്ന കാറ്റ് കാതിൽ പതിയെ ചോദിക്കുന്നു: ബിനാലെയ്ക്കു പോയാലോ?! ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിലേക്കുള്ള വിളിയാണത്.
ആ കാറ്റിനു പിന്നാലെ പാഞ്ഞാൽ ക്രിസ്മസും പുതുവത്സരവും അർമാദിച്ച കൊച്ചിയിലെ തെരുവുകൾ കല മിണ്ടുന്നതു കേൾക്കാം, കൺകുളിർക്കെ കണ്ടാസ്വദിക്കാം. കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് 23 ദിവസത്തിന്റെ വളർച്ച.
നാം, ഇവിടെ, ഈ നേരം എന്നതാണ് ഈ ബിനാലെയുടെ വിശേഷണം. ഞാൻ എന്നതിൽനിന്ന് നാമിലേക്കുള്ള പ്രയാണമാണ് ആറാം ബിനാലെ. ഗോവയിലെ എച്ച്എച്ച് ആർട് സ്പേസ് എന്ന കൂട്ടായ്മയുമായി േചർന്നു നിഖിൽ ചോപ്ര ക്യൂറേറ്റ് ചെയ്യുന്ന പ്രദർശനത്തിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 66 കലാസൃഷ്ടികളാണുള്ളത്.
ഇതിനു പുറമേ, ഇൻവിറ്റേഷൻസ്, കൊളാറ്ററൽ പ്രദർശനങ്ങൾ, സ്റ്റുഡന്റ്സ് ബിനാലെ, മലയാളി കലാകാരന്മാരുടെ ഇടം എന്നിവ കൂടിച്ചേരുന്നതാണ് ആറാം പതിപ്പിന്റെ പൂർണത. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, വില്ലിങ്ഡൺ ഐലൻഡ് എന്നിവിടങ്ങളിലെ പഴയതും പുതിയതുമായ വെയർഹൗസുകളിലാണു കലാപ്രദർശനം വ്യാപിച്ചുകിടക്കുന്നത്.
ആകെ 22 വേദികൾ. അതിൽ മുൻകാല പതിപ്പുകളിലൂടെ ബിനാലെയ്ക്കു പരിചിതമായ ഇടങ്ങളും കായൽപരപ്പു മുറിച്ചുകടന്നു കണ്ടെത്തിയ പുതിയ ഇടങ്ങളും ഉൾപ്പെടുന്നു.
ബിനാലെ @ ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസ്
ബിനാലെയുടെ പ്രൗഢഗംഭീര വാതിലാണ് ആസ്പിൻവാൾ ഹൗസ്.
ഇവിടെനിന്ന് പ്രദർശനം കാണുന്നതിനു ടിക്കറ്റ് എടുക്കാം. ബിനാലെയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ആസ്പിൻവാൾ ഹൗസിലെ കയർ ഗോഡൗൺ, ബംഗ്ലാവ് എന്നീ വേദികളിലായി 25 ആർട്ടിസ്റ്റുകളുടെ കലാപ്രദർശനങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. അർജന്റീനിയൻ കലാകാരനായ എഡ്രിയാൻ വീല്യാ റോയാർ, 14 കലാകാരൻമാരുടെ കൂട്ടായ്മയായ പഞ്ചേരി ആർട്ടിസ്റ്റ് യൂണിയൻ, മലയാളികളായ ആർ.ബി.
ഷജിത്ത്, സ്മിത എം. ബാബു, പി.എൻ.
അലി അക്ബർ, അബ്ദുൽ ഹിഷാം തുടങ്ങിയവരുടെ പ്രദർശനങ്ങൾ ആസ്പിൻവാൾ ഹൗസിൽ കാണാം.
പെപ്പർ ഹൗസ്
ആസ്പിൻവാളിൽനിന്ന് 450 മീറ്ററകലമേയുള്ളു പെപ്പർ ഹൗസിലേക്ക്. 9 ആർട്ടിസ്റ്റുകളുടെ കലാസൃഷ്ടികൾ ഇവിടെ ആസ്വദിക്കാം.
കോഴിക്കോട് സ്വദേശിയായ നിത്യൻ ഉണ്ണിക്കൃഷ്ണന്റെ അക്രിലിക് പെയിന്റിങ്ങുകളും ശബ്ദത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഇന്തൊനേഷ്യയിൽനിന്നുള്ള ജോംപെറ്റ് കുസ്വിദനാന്തോ നിർമിച്ച ഇൻസ്റ്റലേഷനും ഇവിടെയുണ്ട്.
എബിസി ആർട് റൂം
ഫോർട്ട്കൊച്ചി വാട്ടർ മെട്രോ സ്റ്റേഷൻ, ബാസ്റ്റ്യൻ ബംഗ്ലാവ് എന്നിവിടങ്ങളിലായി ബിനാലെയുടെ എബിസി ആർട്ട് റൂം പ്രവർത്തിക്കുന്നു. മത്സരങ്ങളില്ലാതെ, സ്വതന്ത്രമായി ആർട്ട് റൂമുകളിൽ കലാപരിശീലനം നൽകുന്നു.
കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്കു വിവിധ വിഷയങ്ങൾ കണ്ടും ചെയ്തും പഠിക്കാം.
ബിനാലെ @ മട്ടാഞ്ചേരി ആനന്ദ് വെയർഹൗസ്
മട്ടാഞ്ചേരിയിലെ പ്രധാന ബിനാലെ വേദിയാണ് ആനന്ദ് വെയർഹൗസ്. ബ്രസീൽ, യുഎസ്, യുകെ തുടങ്ങി 5 രാജ്യങ്ങളിലെ 9 ആർട്ടിസ്റ്റുകൾ അവതരിപ്പിക്കുന്ന പ്രദർശനം ഇവിടെ കാണാം.
കൊച്ചി പ്രദേശവാസികളിൽനിന്നു ശേഖരിച്ച വസ്തുക്കളുടെ ശേഖരമവതരിപ്പിക്കുന്ന സിന്തിയ മേഴ്സലിന്റെ ‘ഹിസ്റ്ററി വേർഷൻ മട്ടാഞ്ചേരി’, കൊളോണിയൽ കാലത്തെ ചൂഷണങ്ങളെ അടയാളപ്പെടുത്തുന്ന ഇബ്രാഹിം മഹാമയുടെ ‘പാർലമെന്റ് ഓഫ് ഗോസ്റ്റ്സ്’ എന്നീ പ്രദർശനങ്ങൾ ശ്രദ്ധേയമാണ്.
എസ്എംഎസ് ഹാൾ
ആനന്ദ് വെയർഹൗസിനു തൊട്ടടുത്താണ് എസ്എംഎസ് ഹാൾ. പെയിന്റിങ്ങുകളും ശിൽപങ്ങളുമുൾപ്പെടെ 6 ആർട്ടിസ്റ്റുകളുടെ കലാസൃഷ്ടികൾ പ്രദർശനത്തിനുണ്ട്.
ബിനാലെ വേദിയിൽ കലാകാരിയായെത്തുന്ന ആദ്യ കന്യാസ്ത്രീയായ സി. റോസ്വിൻ മാളു, ശരീരത്തിന്റെ സങ്കീർണതകളെക്കുറിച്ചു കലയിലൂടെ സംവദിക്കുന്ന അംബർനാഥ് സ്വദേശി ആദിത്യ പുത്തൂർ എന്നിവരുടെ സൃഷ്ടികൾ ഇവിടെ ആസ്വദിക്കാം.
ബിനാലെ @ വില്ലിങ്ഡൻ ഐലൻഡ്
ഐലൻഡ് വെയർഹൗസ്
വില്ലിങ്ഡൻ ഐലൻഡ് വാട്ടർ മെട്രോ സ്റ്റേഷന് അടുത്താണ് ഐലൻഡ് വെയർഹൗസ്.
12 ആർട്ടിസ്റ്റുകളുടെ കലാപ്രദർശനം ഇവിടെ കാഴ്ചക്കാരെ കാത്തിരിക്കുന്നു. അടുക്കളയിലെ ഉപകരണങ്ങൾക്കു സ്ത്രൈണഭാവം നൽകുന്ന ആരതി കദമിന്റെ ‘ദോഹർ’, വരാപ്പുഴയുടെ സാമൂഹികമാറ്റങ്ങളെ അടയാളപ്പെടുത്തുന്ന പരമ്പരയായ ടോപ്പോഗ്രഫി തുടങ്ങിയവ പ്രദർശിപ്പിച്ചിട്ടുണ്ട്
സ്റ്റുഡന്റ്സ് ബിനാലെ
ബിനാലെ വേദിയിലെ വിദ്യാർഥികളുടെ പ്രദർശനം വികെഎൽ വെയർഹൗസ്, അർഥ്ശില, ബിഎംഎസ് വെയർഹൗസ്, സെന്റ് ആൻഡ്രൂസ് പാരിഷ്ഹാൾ, സ്പേസ് ഗാലറി എന്നിവടങ്ങിൽ നടക്കുന്നു.
ഏറെ പ്രശംസ നേടിയതാണ് ഇത്തവണത്തെ സ്റ്റുഡന്റ്സ് ബിനാലെ. സംവിധായിക പായൽ കപാഡിയ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ സ്റ്റുഡന്റ്സ് ബിനാലെയെ അഭിനന്ദിച്ചിരുന്നു.
മറ്റു വേദികൾ
111 മാർകസ് ആൻഡ് കഫേ, ദർബാർ ഹാൾ, അർമാൻ കലക്ടീവ് ആൻഡ് കഫേ, ഗാർഡൻ കൺവൻഷൻ സെന്റർ, ക്യൂബ് ആർട് സ്പേസ് എന്നിവിടങ്ങിൽ കലാപ്രദർശനങ്ങളും ജയിൽ ഓഫ് ഫ്രീഡം സ്ട്രഗിൾസ്, പഴയന്നൂർ ഭഗവതി ക്ഷേത്രം ഊട്ടുപുര, ഡേവിഡ് ഹാൾ, സിമി വെയർഹൗസ്, ദേവസി ജോസ് ആൻഡ് സൺസ്, സെന്റ് ആൻഡ്രൂസ് പാരിഷ് ഹാൾ, സ്പേസ് ഗാലറി എന്നീ വേദികളിൽ ഇൻവിറ്റേഷൻ പ്രദർശനങ്ങളും ആരോമാർക്, ജിആർസി മറൈൻ, മോച്ച ആർട്ട് കഫേ, കെഎം ബിൽഡിങ്, ഓയ്സ് കഫേ, മൺസൂൺ കൾചർ, ഫോർപ്ലേ സൊസൈറ്റി എന്നിവിടങ്ങളിൽ കൊളാറ്ററൽ പ്രദർശനങ്ങളും നടക്കുന്നു.
കൊച്ചി മുസിരിസ് ബിനാലെയോടനുനുബന്ധിച്ചുള്ള പ്രത്യേക പരിപാടികൾ ക്യൂബ് ആർട്ട് സ്പേസിലാണു നടക്കുന്നത്.
ഇതുവരെ എത്തിയത് 1.6 ലക്ഷം സന്ദർശകർ
കൊച്ചി- മുസിരിസ് ബിനാലെ ആറാം പതിപ്പിൽ ആദ്യ 20 ദിവസത്തിനിടെ എത്തിയത് 1.6 ലക്ഷം സന്ദർശകർ. ഡിസംബര്‍ 12 മുതൽ 31 വരെയുള്ള കണക്കാണിത്. എന്നാൽ പ്രവേശനത്തിനു ടിക്കറ്റ് ആവശ്യമില്ലാത്ത വേദികളിൽ എത്തുന്നവരുടെ കൃത്യമായ വിവരം അറിയാനുള്ള സംവിധാനം ഇപ്പോഴില്ലാത്തതിനാൽ സന്ദർശകരുടെ എണ്ണം ഇതിൽ കൂടുതലാകാനാണു സാധ്യത.‘‘29 വേദികളില്‍ ആറെണ്ണത്തില്‍ മാത്രമാണു ടിക്കറ്റ് വേണ്ടത്.
ആർട്ട് ബൈ ചില്‍ഡ്രന്‍, സ്റ്റുഡന്റ്സ് ബിനാലെ തുടങ്ങിയ വേദികളിൽ സന്ദര്‍ശകരെത്തുന്നുണ്ട്. അവരുടെ എണ്ണം രേഖപ്പെടുത്താന്‍ നിലവില്‍ സാധിക്കുന്നില്ല.
എഐ അധിഷ്ഠിത സംവിധാനങ്ങള്‍ ഏർപ്പെടുത്തുന്നതോടെ കൂടുതല്‍ കൃത്യമായ കണക്കു ലഭിക്കും’’ കൊച്ചി ബിനാലെ ഫൗണ്ടേഷന് സിഇഒ തോമസ് വര്‍ഗീസ് പറഞ്ഞു. കൂടുതല്‍ സ്ഥലങ്ങളിലേക്കും വേദികളിലേക്കുമുള്ള വ്യാപനമാണു ബിനാലെയുടെ ഈ പതിപ്പിന്റെ സവിശേഷതയെന്നും പുതിയ ഇന്‍സ്റ്റലേഷനുകളും തത്സമയ കലാപരിപാടികളും ആളുകളെ വീണ്ടും വരാന്‍ പ്രേരിപ്പിക്കുന്നതായും കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ചെയര്‍പഴ്സണ്‍ ഡോ.
വി. വേണു പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

