പിറവം ∙ രാമമംഗലം പഞ്ചായത്ത് ഓഫിസിനു മുന്നിൽ പൊതുദർശനത്തിനു വച്ച പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം കണ്ട് ഉള്ളുലഞ്ഞ അംബിക പൊട്ടിക്കരഞ്ഞു. രണ്ടു പതിറ്റാണ്ടായി ഒപ്പം ജോലിചെയ്യുന്നവർ വിമാനയാത്രയെന്ന സ്വപ്നം യാഥാർഥ്യമാക്കി തിരിച്ചുവരുന്നതും കാത്തിരുന്ന അംബികയ്ക്കു പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേർപാട് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.
കുടുംബശ്രീയുടെ കീഴിലുള്ള രാമമംഗലത്തെ അമൃതം ന്യൂട്രിമിക്സ് യൂണിറ്റിലെ 6 അംഗങ്ങളിൽ രാമമംഗലം മണ്ണായത്ത് അംബിക ഒഴികെയുള്ള 5 പേരാണ് ബെംഗളൂരുവിലേക്കു വിനോദയാത്രയ്ക്കു പോയത്. ആഗ്രഹമുണ്ടായിരുന്നെങ്കിലും ഒന്നര വയസ്സുകാരനായ പേരക്കുട്ടി ദേവാസിനെ നോക്കാനുള്ളതിനാലാണ് അംബിക യാത്ര വേണ്ടെന്നു വച്ചത്.
കൂട്ടുകാർ മടങ്ങിവന്ന ശേഷം യാത്രാവിശേഷങ്ങൾ
ചോദിച്ചറിയാനിരിക്കെയാണു ദുരന്ത വാർത്ത അംബിക അറിയുന്നത്.
കൂടപ്പിറപ്പുകളേപ്പോലെ കഴിഞ്ഞിരുന്ന 5 പേരും അപകടത്തിൽപെട്ടെന്നും 2 പേർ മരിച്ചെന്നുമുള്ള വാർത്തയുടെ ഞെട്ടലിൽ നിന്ന് അവർ മുക്തയായിട്ടില്ല. ദുരന്തത്തിൽ മരിച്ച ലതയുടെയും സ്മിതയുടെയും മൃതദേഹത്തിനരികിൽ നിന്നു പൊട്ടിക്കരഞ്ഞ അംബികയെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും ബുദ്ധിമുട്ടി.
ഇരുവരുടെയും സംസ്കാര ചടങ്ങുകൾക്കു ശേഷം ചികിത്സയിൽ കഴിയുന്ന പ്രീതി, മായ, സിജി എന്നിവരെ ആശ്വാസിപ്പിക്കുന്നതിനും പരിചരിക്കുന്നതിനുമായി അംബിക ബെംഗളൂരുവിലേക്ക് പോയി.
നടുക്കം വിട്ടൊഴിയാതെ അവർ നാടണഞ്ഞു
പെരുമ്പാവൂർ ∙ സഹയാത്രികർ ഒരു നിമിഷത്തിനുള്ളിൽ നഷ്ടപ്പെട്ടതിന്റെ നടുക്കുന്ന ഓർമകളുമായി കുടുംബശ്രീ അംഗങ്ങൾ നാട്ടിൽ തിരിച്ചെത്തി. ബെംഗളൂരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞു 2 കുടുംബശ്രീ അംഗങ്ങൾ മരിച്ചവർക്കൊപ്പം യാത്ര ചെയ്ത രായമംഗലം, വെങ്ങോല, ചൂർണിക്കര പഞ്ചായത്തിലെ 18 അംഗങ്ങളാണു രാത്രിയോടെ തിരികെയെത്തിയത്.
രായമംഗലം പഞ്ചായത്തിലെ 8 പേരും വെങ്ങോലയിലെ 7 പേരും ചൂർണിക്കരയിലെ 3 പേരും കുടുംബശ്രീ ഉദ്യോഗസ്ഥനും 19 പേരാണ് ഒരു വാഹനത്തിൽ തിരിച്ചെത്തിയത്.
ബെംഗളൂരു ദുരന്തത്തിൽ മരിച്ചവർക്ക് അശ്രുപൂജ
പിറവം ∙ വിനോദയാത്രയ്ക്കിടെ ബെംഗളൂരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞ് അപകടത്തിൽ മരിച്ച രാമമംഗലം സ്വദേശികളായ കിഴുമുറി തേക്കേയിറമ്പിൽ സ്മിത രഘുവിന്റെയും(49), കൊട്ടാരത്തുമനക്കുടിയിൽ കെ.െക.ലതയുടെയും (57) ചലനമറ്റ ശരീരം കണ്ട് ഒരു നാടുമുഴുവൻ തേങ്ങി. മൃതദേഹം രാമമംഗലം പഞ്ചായത്ത് ഓഫിസിനു മുന്നിലായിരുന്നു പൊതുദർശനം.
നടുക്കുന്ന വാർത്ത കേട്ടു സമീപപഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവർത്തകർ അടക്കം ഇന്നലെ രാമമംഗലത്ത് എത്തി. രണ്ടു മണിയോടെ ബെംഗളൂരുവിൽ നിന്നു റോഡു മാർഗമാണു മൃതദേഹങ്ങൾ രാമമംഗലത്തു കൊണ്ടുവന്നത്.
സ്മിതയെ തറവാട്ടു വളപ്പിലും ലതയെ സമുദായ ശ്മശാനത്തിലും സംസ്കരിച്ചു. അപകടത്തിൽ പരുക്കേറ്റ രാമമംഗലം സ്വദേശികളായ പ്രീതി രാജു (51), മായാ മണികണ്്ഠൻ(51), സിജി അനിൽ(45) എന്നിവർ പരുക്കുകളോടെ ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
എല്ലാവരും രാമമംഗലം പഞ്ചായത്തിലെ കുടുംബശ്രീ അമൃതം ന്യൂട്രിമിക്സ് യൂണിറ്റിലെ അംഗങ്ങളാണ് .
ജില്ലയിലെ മറ്റു ബ്ലോക്ക് പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങൾക്കൊപ്പം ജില്ലാ കുടുംബശ്രീ മിഷൻ സംഘടിപ്പിച്ച വിനോദയാത്രയുടെ ഭാഗമായാണ് ഇവർ പുറപ്പെട്ടത്. ബുധൻ രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ടു ബെംഗളൂരുവിൽ എത്തി ഇന്നു തിരികെ എത്തുന്ന നിലയിലാണു യാത്ര ക്രമീകരിച്ചിരുന്നത്.
വിനോദയാത്രാ അംഗങ്ങൾ ബുധൻ വൈകിട്ട് ബെംഗളൂരുവിലെ ശിവാജി നഗറിൽ എത്തിയപ്പോഴായിരുന്നു അപകടം. ശക്തമായ മഴയെ തുടർന്നു സമീപത്തുള്ള മതിലിനോടു ചേർന്നു വലിച്ചു കെട്ടിയിരുന്ന ടാർപോളിന്റെ അടിയിൽ നിന്ന ഇവരുടെ ദേഹത്തേക്കു മതിൽ ഇടിഞ്ഞു വീണു.
അപകടത്തിൽ വഴിയോര കച്ചവടക്കാർ ഉൾപ്പെടെ 7 പേരാണു മരിച്ചത്. ഇവർക്കൊപ്പം വിനോദയാത്രയിൽ പങ്കെടുത്ത രായമംഗലം, വെങ്ങോല, ചൂർണിക്കര പഞ്ചായത്തിലെ 18 അംഗങ്ങളും കുടുംബശ്രീ ഉദ്യോഗസ്ഥനും ഇന്നലെ രാത്രിയോടെ തിരിച്ചെത്തി.
‘വിമാനത്താവളത്തിലെത്തി ഭക്ഷണം കഴിച്ച ശേഷമാണ് എല്ലാവരും ശിവാജി നഗർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയത്. മൈസൂരുവിലേക്കു പോകാൻ 5 മണിയാകുമ്പോഴേക്കും തിരികെയെത്തണമെന്നു കുടുംബശ്രീ ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു.
പല സംഘങ്ങളായി തിരിഞ്ഞ് തിടുക്കത്തിൽ ഷോപ്പിങ് നടത്തുമ്പോഴാണ് കനത്ത മഴയും കാറ്റുമുണ്ടായത്.’ സംഘത്തിലുണ്ടായിരുന്ന രായമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ് സൗമിനി ബാബു പറഞ്ഞു.
ശോക ലത
പിറവം ∙ മടങ്ങിയെത്തുമ്പോൾ വിളിക്കാൻ വരണമെന്നു സഹോദരപുത്രി അപർണയോടു പറഞ്ഞേൽപിച്ച ശേഷമാണു ലത കുടുംബശ്രീ സംഘത്തോടൊപ്പം യാത്ര പുറപ്പെട്ടത്. കുടുംബാംഗങ്ങളെ കൂടാതെയുള്ള ലതയുടെ ആദ്യ ദൂരയാത്രയായിരുന്നു.
അതാണു അന്ത്യയാത്രയായി മാറിയത്. യാത്ര കഴിഞ്ഞ് ഇന്നലെ രാത്രിയോടെ രാമമംഗലത്തെ വീട്ടിൽ മടങ്ങിയെത്തേണ്ടിയിരുന്ന ലതയുടെ ചേതനയറ്റ ശരീരം ഉച്ചയോടെ കൊട്ടാരത്ത് മനയ്ക്കുടിയിൽ വീട്ടിലെത്തിച്ചപ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അലമുറയിട്ടു കരഞ്ഞു.
അവിവാഹിതയായ ലതയ്ക്കു സഹോദരൻ മാധവൻകുട്ടിയുടെ മക്കളായ അപർണയും അനുരാഗും മക്കൾക്കു സമാനമായിരുന്നു. സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞ ഇരുവരെയും ലതയുടെ അമ്മ കുഞ്ഞുപ്പെണ്ണിനെയും ഇളയ സഹോദരൻ കൃഷ്ണൻകുട്ടിയെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾ പാടുപെട്ടു.
ലതയെ അവസാനമായി കാണാൻ നാടാകെ വീട്ടിലേക്കെത്തിയിരുന്നു. ചടങ്ങുകൾക്കു ശേഷം സംസ്കാരത്തിനായി ശ്മശാനത്തിലേക്കു മൃതദേഹം എടുക്കുന്നതു വരെ ഇടതടവില്ലാതെ വീട്ടിലേക്ക് ആളുകൾ എത്തിക്കൊണ്ടിരുന്നു.
മാഞ്ഞു പോയ സ്മിതം
പിറവം ∙ ജീവിതത്തിലെ ആദ്യ വിമാനയാത്രയുടെ വിശേഷങ്ങളും ബെംഗളൂരുവിൽ നിന്നുള്ള സമ്മാനങ്ങളും പ്രതീക്ഷിച്ചിരുന്ന പ്രിയപ്പെട്ടവരുടെ കണ്ണീരിലേക്കാണു സ്മിത രഘുവിന്റെ മൃതദേഹം കൊണ്ടുവന്നത്.
മേൽക്കൂര ഭാഗികമായി കോൺക്രീറ്റ് ചെയ്ത തേപ്പു പോലും പൂർത്തിയാകാത്ത കിഴുമുറിയിലെ ഒറ്റമുറി വീടിന്റെ കൊച്ചു ഹാളിൽ അവരുടെ തേങ്ങലുകൾക്കിടയിൽ സ്മിത ശാന്തയായി കിടന്നു. അടച്ചുറപ്പുള്ള വീടും കുടുംബത്തോടൊപ്പം സന്തോഷ നിമിഷങ്ങളുമെന്ന സ്വപ്നം അനാഥമാക്കിയുള്ള നിമിഷങ്ങൾ…കുടുംബത്തിന്റെ നാഥയായ സ്മിത ഇനിയൊരിക്കലും മടങ്ങിവരില്ലെന്ന തിരിച്ചറിവു ബന്ധുക്കളുടെയും നാട്ടുകാരുടെയും ദുഃഖം ഇരട്ടിപ്പിച്ചു.
പ്രിയതമയുടെ വേർപാട് അറിഞ്ഞതു മുതൽ തളർച്ചയിലായിരുന്ന രഘു ഇന്നലെ പുലർച്ചെ ആശുപത്രിയിൽ ചികിത്സതേടിയ ശേഷമാണു മടങ്ങി എത്തിയത്. മക്കളായ അനാമികയുടെയും അരുന്ധതിയുടെയും ആവണിയുടെയും പഠനം പൂർത്തിയാക്കിയതിനു പിന്നിലും സ്മിതയുടെ അധ്വാനം ഏറെയായിരുന്നുവെന്നു കുടുംബശ്രീ മുൻ അധ്യക്ഷ ഷീബ യോഹന്നാൻ പറഞ്ഞു.
നഴ്സായി ജോലി ചെയ്യുന്ന മൂത്തമകൾ അനാമിക ഇന്നലെ പുലർച്ചെയാണു നാട്ടിൽ എത്തിയത്.ആവണി കൊച്ചി വിമാനത്താവളത്തിൽ ജോലി ചെയ്യുന്നു. അരുന്ധതി പിഎസ്സി പരീക്ഷകൾക്കുള്ള തയാറെടുപ്പിലായിരുന്നു.
വീട്ടുവളപ്പിൽ സംസ്കാരം നടത്തുന്നതിനു സൗകര്യം ഇല്ലാത്തതിനാൽ തറവാട്ടു വീട്ടിലാണു സ്മിതയുടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായത്.
ബെംഗളൂരു അപകടം: ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്
ബെംഗളൂരു ∙ കനത്ത മഴയിൽ ശിവാജിനഗർ ബൗറിങ് ആശുപത്രിയുടെ മതിൽ ഇടിഞ്ഞു രണ്ടു മലയാളികളുൾപ്പെടെ 7 പേർ മരിച്ച സംഭവത്തിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ലോകായുക്ത കേസെടുക്കും. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മിഷണർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി, ഡിസിപി, ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയും പ്രതി ചേർക്കുമെന്ന് ലോകായുക്ത ജസ്റ്റിസ് ബി.എസ്.പാട്ടീൽ പറഞ്ഞു.
അപകടത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും പ്രതി ചേർത്തിട്ടില്ല. കർണാടക ഹെൽത്ത് സിസ്റ്റംസ് ഡവലപ്മെന്റ് പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയറെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി.
അപകടത്തിൽ പരുക്കേറ്റ എറണാകുളം രാമമംഗലം സ്വദേശികളായ മായ (52), സിജി (45), പ്രീതി (51) എന്നിവർ ബൗറിങ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ കേരളത്തിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന കാര്യം ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തീരുമാനിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

