കൊച്ചി∙ കടവന്ത്ര മെട്രോ സ്റ്റേഷനോടു ചേർന്ന് തേവര–പേരണ്ടൂർ കനാലിനു കുറുകെയുള്ള ഇടുങ്ങിയ പാലത്തിൽ കാൽനടക്കാർക്കു ശനിദശ. കണ്ണൊന്നു തെറ്റിയാൽ, ഒന്നു കാലിടറിയാൽ പാതയോരത്തു താഴ്ചയിലേക്കു വീണു പരുക്കേറ്റ് ആശുപത്രി വാസം ഉറപ്പ്. ഇനി ഇത് ഒഴിവാക്കാൻ റോഡിനോടു ചേർന്നു നടക്കാമെന്നു കരുതിയാൽ വാഹനം തട്ടിയാകും പരുക്കേൽക്കുക എന്ന വ്യത്യാസം മാത്രം.
ഇവിടെ നിത്യം അപകടം പെരുകുകയാണെന്നു നാട്ടുകാർ പറയുന്നു. ഫുട്പാത്തില്ലാത്ത ഇടുങ്ങിയ പാലത്തിലും സമീപനപാതയിലും കാൽനടക്കാർക്കു സുരക്ഷിതമായി നടന്നു പോകാൻ കഴിയാത്തതാണു പ്രധാന പ്രശ്നം.
മനോരമ ജംക്ഷനിൽ നിന്നു ജിസിഡിഎ ഭാഗത്തേക്കു പോകുമ്പോൾ റോഡിൽ ടാർ ചെയ്ത ഭാഗത്തുനിന്നു കഷ്ടിച്ച് ഒരടി മാത്രമാണു നടപ്പാതയുടെ വീതി.
പാലത്തിന്റെ തുടക്കത്തിൽ ഫുട്പാത്തിലെ സ്ലാബുകൾ അപകടകരമായ രീതിയിൽ ഇളകി മാറി. സ്ലാബുകൾക്കിടയിൽ കാൽ കുടുങ്ങിയും മറിഞ്ഞു വീണും പരുക്കേൽക്കുന്നവർ ഒട്ടേറെ.
അപ്രോച്ച് റോഡിലാകട്ടെ ടാർ ചെയ്ത ഭാഗം അവസാനിക്കുന്നിടത്തു നിന്നു പിന്നെ വൻ താഴ്ചയാണ്. അപകടം ഒഴിവാക്കാൻ പെട്ടെന്നു റോഡിനു പുറത്തേക്കിറങ്ങുന്നവർ നിലതെറ്റി വീണും അപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്നു നാട്ടുകാരും വ്യാപാരികളും പറയുന്നു.
രാവിലെയും വൈകിട്ടുംഗതാഗതക്കുരുക്ക്
രാവിലെയും വൈകിട്ടും വൻ ഗതാഗതക്കുരുക്കാണ് ഇവിടെ.
കുരുക്കിൽ നിന്നു രക്ഷപ്പെടാൻ ഇരുചക്രവാഹനങ്ങൾ പലപ്പോഴും ഈ മേഖലയിൽ ഫുട്പാത്തിലൂടെയാണു ചീറിപ്പായുന്നത്. പാലത്തിന്റെ ഫുട്പാത്തിലൂടെ ഇരുചക്രവാഹനങ്ങൾ ചീറിയെത്തുമ്പോൾ കാൽനടക്കാരുണ്ടെങ്കിൽ അപകടം ഉറപ്പ്.
ദേഹത്തു മുട്ടി മുട്ടിയില്ലെന്ന മട്ടിൽ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയിരു പേടിച്ചാണു പാലം കടക്കാറെന്നു സ്ഥിരമായി ഇതുവഴി പോകുന്ന വിദ്യാർഥികളും പറയുന്നു.
ഗോവയിൽ നിന്നെത്തിയ വിനോദ സഞ്ചാരിയായ യുവതിക്ക് ഏതാനും മാസം മുൻപ് ഈ പാലത്തിൽ വച്ചു കാറിടിച്ചു ഗുരുതരമായി പരുക്കേറ്റിരുന്നു. തിരക്കേറുമ്പോൾ ഇവിടെ വാഹനങ്ങൾ തമ്മിൽ തട്ടിയും അപകടങ്ങൾ പതിവാണ്.
ഇടുങ്ങിയ പാലത്തിലൂടെ കുത്തിക്കയറ്റി മുന്നോട്ടെടുക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്. റോഡിന്റെ അരികു ചേർന്നെത്തുന്ന ഇരുചക്രവാഹന യാത്രികർ നിലത്തു കാലു കുത്താൻ ശ്രമിക്കുമ്പോൾ ഉയരത്തിൽ ടാർ ചെയ്ത ഭാഗത്തുനിന്നു ചരിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

