
വൈദ്യുതിക്കും പാചകവാതകത്തിനും 25% സബ്സിഡി: വൻ വാഗ്ദാനങ്ങളുമായി ട്വന്റി20
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കിഴക്കമ്പലം∙ ഐക്കരനാട്, കിഴക്കമ്പലം പഞ്ചായത്തുകളിലെ ജനങ്ങൾക്കു വൈദ്യുതി, പാചകവാതക നിരക്കിൽ 25 ശതമാനം സബ്സിഡി നൽകുമെന്ന് ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. കിഴക്കമ്പലം പഞ്ചായത്തിൽ 25 കോടി രൂപയും ഐക്കരനാട് പഞ്ചായത്തിൽ 12 കോടി രൂപയുമാണു നീക്കിയിരിപ്പ്. ഈ തുകയുടെ വിഹിതം ജനങ്ങൾക്ക് തിരിച്ചുനൽകാനാണ് ട്വന്റി20 ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി സർക്കാരിലേക്കു സമർപ്പിക്കും. അനുമതി ലഭിക്കുന്ന മുറയ്ക്ക് പഞ്ചായത്തിലെ ജനങ്ങൾക്ക് 50 ശതമാനം വരെ സബ്സിഡി നൽകുകയാണു ലക്ഷ്യം.
വൈദ്യുതി ബില്ലിന്റെയും പാചകവാതക ബില്ലിന്റെയും 25 ശതമാനം ഉപയോക്താക്കളുടെ അക്കൗണ്ടിലേക്കു നേരിട്ടു നൽകുന്ന രീതിയിലാണു പദ്ധതി നടപ്പാക്കുക. വെള്ള റേഷൻ കാർഡ് ഒഴികെയുള്ള എല്ലാ കാർഡ് ഉടമകൾക്കും ഈ ആനുകൂല്യം ലഭിക്കും. രണ്ടു പഞ്ചായത്തുകളിലെയും 75 ശതമാനം കുടുംബങ്ങൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു.ഇതിനുപുറമേ, പഞ്ചായത്തുകളിലെ കാൻസർ രോഗികൾക്കു പ്രതിമാസം 1000 രൂപ വീതം ധനസഹായം നൽകും.
പകർച്ചവ്യാധി തടയുന്നതിന് എല്ലാ വീടുകളിലും കൊതുകിനെ കൊല്ലുന്ന ബാറ്റ് നൽകും. മാലിന്യനിർമാർജനം നടപ്പാക്കുന്നതിന് എല്ലാ വീടുകളിലും ബയോ ബിൻ വിതരണം കൂടാതെ, ഓരോ കുടുംബത്തിന്റെയും ആവശ്യത്തിനനുസരിച്ചു ഫലവൃക്ഷത്തൈ, പച്ചക്കറി ത്തൈ, മുട്ടക്കോഴി എന്നിവയും സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് സ്റ്റഡി ടേബിൾ, വയോജനങ്ങൾക്കു കട്ടിൽ തുടങ്ങി 71 കോടി രൂപയുടെ പദ്ധതികളാണു ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിൽ ട്വന്റി20യുടെ വികസനത്തിനു തടയിടാൻ ഇടത്– വലതു രാഷ്ട്രീയപ്പാർട്ടികൾ ശ്രമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വികസന പദ്ധതികൾക്കു തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും പാർട്ടി പ്രസിഡന്റ് ആരോപിച്ചു. യോഗത്തിൽ കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്, കിഴക്കമ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി അജി, പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന പ്രദീപ്, കെ.എ.ബിനു എന്നിവർ പ്രസംഗിച്ചു.