
കരയാംപറമ്പിൽ അനുബന്ധ റോഡ് ബലപ്പെടുത്തി; ആശങ്ക ബാക്കി
അങ്കമാലി ∙ ദേശീയപാതയിൽ കനത്ത മഴയിൽ ഇടിഞ്ഞ കരയാംപറമ്പ് പാലത്തിന്റെ അനുബന്ധ റോഡ് ബലപ്പെടുത്തി. അങ്കമാലി– തൃശൂർ റൂട്ടിൽ കരയാംപറമ്പ് പാലത്തിനും ജംക്ഷനും ഇടയിലായി 10 മീറ്ററോളം നീളത്തിലും 3 മീറ്ററോളം വീതിയിലുമാണു ദേശീയപാത ഇടിഞ്ഞത്.
ഇടതുവശം ചേർന്നു പോകുന്ന വാഹനങ്ങൾ വലിയ താഴ്ചയിലേക്കു മറിയാനുള്ള സാധ്യതകൾ ഉണ്ടായിരുന്നു.കരിങ്കൽ കെട്ടും കോൺക്രീറ്റിങ്ങും നടത്തിയാണ് റോഡിന്റെ വശങ്ങൾ ബലപ്പെടുത്തിയത്. റോഡിന്റെ അപകടസാധ്യത ചൂണ്ടിക്കാട്ടി ഒട്ടേറെ വാർത്തകൾ മനോരമയിൽ പ്രസിദ്ധീകരിച്ചിരുന്നു.
ഏറെ നാൾ മുൻപും ഇവിടെ ഇടിഞ്ഞിട്ടുണ്ട്. അന്ന് കോൺക്രീറ്റിങ് നടത്താതെ താൽക്കാലികമായി പ്രശ്നം പരിഹരിക്കുകയായിരുന്നു.
കഴിഞ്ഞ മേയിൽ ആ ഭാഗത്ത് വീണ്ടും ഇടിഞ്ഞു.കരയാംപറമ്പ് ജംക്ഷന്റെ ഭാഗത്തു നിന്ന് ശക്തിയിൽ പെയ്ത്തുവെള്ളം ഒഴുകിവന്നാണ് റോഡ് ഇടിഞ്ഞത്. പെയ്ത്തുവെള്ളം കൃത്യമായി ഒഴുകിപ്പോകുന്നതിനു സൗകര്യമില്ല.
ഈ സൗകര്യം ഒരുക്കിയില്ലെങ്കിൽ റോഡ് ഇടിയാനുള്ള സാധ്യത നിലനിൽക്കും.റോഡിലൂടെ ഒഴുകുന്ന വെള്ളം മാഞ്ഞാലി തോട്ടിലേക്കു വീഴുന്ന ഭാഗത്താണു റോഡ് ഇടിഞ്ഞത്. ഇടിഞ്ഞ ഭാഗം താഴ്ന്നു കിടക്കുന്നതിനാൽ വൻതോതിൽ വെള്ളം അവിടേക്ക് എത്തും, റോഡ് വീണ്ടും ഇടിയും.
ഇപ്പോൾ റോഡ് ബലപ്പെടുത്തിയതിനു സമീപം മലിനജലം കെട്ടിക്കിടപ്പുണ്ട്.ഇവിടെ കാനകൾ നിർമിച്ചു പെയ്ത്തുവെള്ളം മാഞ്ഞാലി തോട്ടിലേക്ക് ഒഴുകിപ്പോകുന്നതിനു സൗകര്യമൊരുക്കണം. ദേശീയപാത നാലുനിര പാതയാക്കി വികസിപ്പിച്ചെങ്കിലും അതോടനുബന്ധിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ പലതും ബാക്കിയാണ്. കരയാംപറമ്പ് ജംക്ഷൻ വീതികൂട്ടി വികസിപ്പിക്കുമെന്ന ദേശീയപാത അതോറിറ്റിയുടെ വാഗ്ദാനം യാഥാർഥ്യമായിട്ടില്ല.കരയാംപറമ്പിൽ അങ്കമാലി, എറണാകുളം ബൈപാസുകൾ ചേരുന്ന ഭാഗമായതിനാൽ ബൈപാസുകളുടെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ജംക്ഷൻ വികസിക്കുമെന്ന പ്രതീക്ഷയിലാണ് ജനം.
കറുകുറ്റി മുതൽ അങ്കമാലി വരെയുള്ള റൂട്ടിൽ പലയിടങ്ങളിലും കാനകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. മഴ പെയ്താൽ റോഡിൽ നിന്ന് വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതി വൻ അപകടങ്ങൾക്കു സാധ്യത ഒരുക്കുമെന്നു നാട്ടുകാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]