
ഓപ്പറേഷൻ ബ്രേക്ക്ത്രൂ; ടിപി കനാൽ നവീകരണം നാലായി തിരിച്ച്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതിയിലെ നാലാം ഘട്ടത്തിന്റെ ഭാഗമായി തേവര– പേരണ്ടൂർ കനാൽ നവീകരണത്തിനുള്ള നടപടികൾ ചെറുകിട ജലസേചന വകുപ്പ് തുടങ്ങി. 4 റീച്ചുകളിലായി നടപ്പാക്കുന്ന ടിപി കനാൽ നവീകരണ ജോലികൾക്കായി ടെൻഡർ നടപടികൾ ആരംഭിച്ചു. ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതിയിൽ ഉൾപ്പെടുത്തി ടിപി കനാൽ നവീകരണത്തിനുള്ള 9.37 കോടി രൂപയുടെ പദ്ധതിക്ക് 2023 മാർച്ചിൽ സംസ്ഥാന സർക്കാരിൽ നിന്നു ഭരണാനുമതി ലഭിച്ചിരുന്നു. വേഗത്തിൽ അനുമതി ലഭിക്കാനും പൂർത്തിയാക്കാനുമായി രണ്ടര കോടി രൂപയ്ക്കു താഴെ ചെലവു വരുന്ന 4 റീച്ചുകളായി തിരിച്ചാണു പദ്ധതി നടപ്പാക്കുക.
റീച്ച് 1: ചെലവ് 1.94 കോടി രൂപ. തേവര മൗത്ത് മുതലുള്ള രണ്ടര കിലോമീറ്റർ ദൂരം. കനാലിലെ ചെളിയും മാലിന്യവും പോളപ്പായലും യന്ത്രസഹായത്തോടെ നീക്കി വെള്ളമൊഴുക്ക് സുഗമമാക്കും. നീക്കുന്ന മാലിന്യം ബ്രഹ്മപുരത്തേക്കു മാറ്റും. കനാലിലെ രണ്ടര കിലോമീറ്റർ മുതൽ നാലര കിലോമീറ്റർ വരെയുള്ള ഭാഗത്തെ നവീകരണം ഓപ്പറേഷൻ ബ്രേക്ക്ത്രൂവിന്റെ മറ്റു പദ്ധതികളിൽ ഉൾപ്പെടുത്തി നടപ്പാക്കും.
റീച്ച് 2: ചെലവ് 2.48 കോടി രൂപ. കനാലിലെ നാലര കിലോമീറ്റർ മുതൽ 7.250 കിലോമീറ്റർ വരെയുള്ള ഭാഗത്തെ നവീകരണം. കനാലിനെ മുറിച്ച് എറണാകുളം– കോട്ടയം റെയിൽവേ ലൈൻ പോകുന്ന ഭാഗമാണിത്. ഈ ഭാഗത്ത് 81 മീറ്റർ ദൂരത്തോളം 1.2 മീറ്റർ വീതിയിലാണു കനാൽ ഒഴുകുന്നത്. ഈ ഭാഗം ഒഴികെയുള്ള ഭാഗങ്ങളുടെ നവീകരണമാണ് റീച്ച് രണ്ടിൽ ഉൾപ്പെടുന്നത്. 81 മീറ്റർ ദൂരത്തെ നവീകരണം റെയിൽവേയുടെ ചുമതലയാണ്.
റീച്ച് 3: ചെലവ് 2.48 കോടി രൂപ. 7.250 കിലോമീറ്റർ മുതൽ 8.700 കിലോമീറ്റർ വരെയുള്ള ഭാഗം. ടിപി കനാലിൽ എത്തിച്ചേരുന്ന തോടുകളുടെ ഭാഗങ്ങൾ വൃത്തിയാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
റീച്ച് 4: ചെലവ് 2.47 കോടി രൂപ. 8.700 കിലോമീറ്റർ മുതൽ കനാൽ പേരണ്ടൂരിൽ കായലിനോടു ചേരുന്ന ഭാഗം വരെ. വെള്ളം ഒഴുകിപ്പോകുന്നതു സുഗമമാക്കാനായി കനാലിന്റെ ഈ ഭാഗത്തെ മൗത്ത് വൃത്തിയാക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു.
ടിപി കനാൽ
തേവരയിൽ നിന്ന് ആരംഭിച്ചു പേരണ്ടൂരിൽ അവസാനിക്കുന്ന 9.950 കിലോമീറ്റർ നീളമുള്ള കനാലാണു ടിപി കനാൽ. പനമ്പിള്ളി നഗർ, കടവന്ത്ര, കലൂർ തുടങ്ങി നഗരത്തിലെ പ്രധാന ജനവാസ മേഖലകളിലൂടെയും കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെയും സൗത്ത് റെയിൽവേ സ്റ്റേഷന്റെയും സമീപത്തു കൂടിയുമാണ് ഇതു കടന്നു പോകുന്നത്. നഗരത്തിലെ വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിൽ നിർണായകമാണു ടിപി കനാൽ. എന്നാൽ ഇപ്പോൾ വേലിയേറ്റത്തിൽ കനാലിലൂടെ വെള്ളം കയറി പനമ്പിള്ളി നഗർ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടാകുന്നതു പതിവാണ്.