നീണ്ട മാസങ്ങളിലെ ഇടവേളയ്ക്ക് ശേഷം പൂച്ചാക്കൽ പെരുമ്പളം പാലത്തിൽ ടാറിങ് പ്രവൃത്തികൾക്ക് വീണ്ടും തുടക്കമായി.
വിവിധ സാങ്കേതിക തടസ്സങ്ങളും പ്രതിസന്ധികളും കാരണം പ്രവൃത്തികൾ സ്തംഭിച്ചിരിക്കുകയായിരുന്നു. കരാറുകാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നിലവിൽ ടാറിങ് പുനരാരംഭിച്ചിട്ടുള്ളത്.
കഴിഞ്ഞ മാർച്ച് 7നാണ് ഏറെ പ്രതീക്ഷയോടെ പെരുമ്പളം മഴവിൽ പാലം നാടിന് സമർപ്പിച്ചത്. പാലം ഉദ്ഘാടനം ചെയ്ത ശേഷമേ ടാറിങ് പൂർത്തിയാക്കൂ എന്നും, പ്രവൃത്തികൾ ഒരു മാസത്തിനകം തീർക്കുമെന്നുമായിരുന്നു അധികൃതരുടെ പ്രഖ്യാപനം.
എന്നാൽ തൊഴിലാളികളുടെ അപര്യാപ്തത, നിർമാണ സാമഗ്രികളുടെ വിലക്കയറ്റം, പ്രതികൂലമായ കാലാവസ്ഥ എന്നിവ കാരണം പണികൾ നീണ്ടുപോവുകയായിരുന്നു. നിലവിൽ പാലത്തിൽ ആദ്യഘട്ട
ടാറിങ് പുരോഗമിക്കുകയാണ്. ഇതിനു ശേഷമായിരിക്കും രണ്ടാം ഘട്ട
ടാറിങ് ജോലികൾ നടക്കുക. ഇതിനിടെ, പാലത്തിൽ തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായുള്ള കേബിളുകൾ വലിക്കുന്ന ജോലികൾ പൂർത്തിയായിക്കഴിഞ്ഞു. ആവശ്യമായ പോസ്റ്റുകളും വിളക്കുകളും കരാറുകാർ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
വൈകുന്നേരങ്ങളിൽ പാലം സന്ദർശിക്കാനെത്തുന്നവർ വെളിച്ചമില്ലാത്തത് കാരണം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മഴവിൽ പാലത്തിൽ വിളക്കുകൾ കൂടി തെളിയുന്നതോടെ ഇവിടം സഞ്ചാരികൾക്ക് കൂടുതൽ മനോഹരമായ അനുഭവമായി മാറും.
ടാറിങ് ഉൾപ്പെടെയുള്ള മുഴുവൻ നിർമാണ ജോലികളും പൂർത്തിയായാൽ മാത്രമേ പാലത്തിലൂടെയുള്ള ഗതാഗതം പൂർണതോതിൽ സാധ്യമാകൂ. പെരുമ്പളത്തു നിന്നും വിവിധ ജില്ലകളിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പാലം ഉദ്ഘാടന ദിവസം തന്നെ ഇതിന്റെ ഫ്ലാഗ് ഓഫും നടത്തിയിരുന്നു. അതേസമയം, ദ്വീപിനുള്ളിൽ സർവീസ് നടത്തുന്നതിനായി ചെറിയ ബസ് അനുവദിക്കണമെന്ന് ഡപ്യൂട്ടി സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.
ഗിരീഷ് വ്യക്തമാക്കി. പെരുമ്പളം ന്യൂ സൗത്ത് മുതൽ പാലത്തിലേക്കും അരൂക്കുറ്റി ഭാഗത്തേക്കും ദ്വീപ് നിവാസികൾക്ക് എളുപ്പത്തിൽ യാത്ര ചെയ്യുന്നതിനാണ് ഈ ആവശ്യമുന്നയിച്ചത്.
കൂടാതെ, പാലം നിർമാണവുമായി ബന്ധപ്പെട്ട് നിർത്തിവച്ച പെരുമ്പളം നോർത്ത് പൂവന്തറ ജെട്ടിയിലേക്കുള്ള ബോട്ട് സർവീസ് ഉടൻ പുനരാരംഭിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. പാലത്തോട് ചേർന്ന് ഓപ്പൺ ജിംനേഷ്യവും കുട്ടികൾക്കായുള്ള പാർക്കും നിർമിക്കുന്നതിനുള്ള നടപടികളും ഉടൻ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ സൗകര്യാർത്ഥം ശുചിമുറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യവും ശക്തമായി നിലനിൽക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

