മങ്കൊമ്പ് ∙ നെൽ വിത്തു ലഭിക്കുന്നില്ല , പുഞ്ചക്കൃഷി ഇറക്കാൻ സാധിക്കാതെ കർഷകർ ദുരിതത്തിൽ. ഇന്നലെ തുലാം 10നു ശേഷം വിതയിറക്കാൻ പാകത്തിൽ ഒട്ടുമിക്ക പാടശേഖരങ്ങളും ഒരുക്കിയിട്ടിരിക്കുകയാണ്.
എന്നാൽ കൃഷി വകുപ്പിൽ നിന്നു സമയബന്ധിതമായി പല പാടശേഖരങ്ങളിലും വിത്തു ലഭിച്ചിട്ടില്ല. എന്നു വിത്തു ലഭിക്കുമെന്നു പോലും മറുപടി പറയാൻ കൃഷി ഉദ്യോഗസ്ഥർക്കു സാധിക്കുന്നില്ലെന്നു കർഷകർ പറഞ്ഞു.കൃഷിയിടം ഒരുക്കി വിതയ്ക്കാൻ പാകമാക്കിയ പാടശേഖരങ്ങളിൽ സമയത്തു വിതയിറക്കിയില്ലെങ്കിൽ കള കിളിർക്കുമെന്നതാണു കർഷകരെ ആശങ്കയിലാക്കുന്നത്.
കൃഷിയിടം ഉണങ്ങി കള കിളിർത്താൽ അതു നശിപ്പിച്ചു വീണ്ടും വെള്ളം കയറ്റേണ്ടി വരുന്നതു സമയ നഷ്ടമുണ്ടാക്കും.
ഇതിനാൽ വെള്ളം കയറ്റാൻ പല പാടശേഖര സമിതികളും മടിക്കുകയാണ്. കൂടാതെ കഴിഞ്ഞ പുഞ്ചക്കൃഷി ഉപ്പുവെള്ളം കയറി നശിച്ചതോടെയാണു കാലേകൂട്ടി വിതയിറക്കാൻ കർഷകർ തയാറായത്.എന്നാൽ വിത്ത് ലഭിക്കാത്തതു പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.
കൈനകരി കൃഷിഭവൻ പരിധിയിലെ മാർത്താണ്ഡം കായൽ പാടശേഖരത്തിൽ വിത്തിനായി കഴിഞ്ഞ ജൂലൈയിൽ അപേക്ഷ സമർപ്പിച്ചതാണ്.
600 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ 269 കർഷകരാണു കൃഷി ഇറക്കുന്നത്. സാധാരണയായി സെപ്റ്റംബർ അവസാന വാരത്തിലോ ഒക്ടോബർ ആദ്യ വാരത്തിലോ വിത്ത് ലഭിക്കുകയാണു പതിവ്.
എന്നാൽ ഇതുവരെയായിട്ടും ഇവിടെ വിത്ത് ലഭിച്ചിട്ടില്ല. കൃഷിയിടം ഒരുക്കിയിട്ടിരിക്കുകയാണ്.
വിത്ത് ലഭിച്ചാൽ ഉടൻ വിതയ്ക്കാനും കർഷകർ തയാറാണ്. താമസിച്ചാൽ കളയുടെയും ഉപ്പിന്റെയും ഭീഷണി കർഷകരെ സാമ്പത്തിക ബാധ്യതയിലേക്കു തള്ളിവിടും.
വിത്തിനു പ്രതിസന്ധിയില്ല: കൃഷി അസിസ്റ്റന്റ് ഡയറക്ടർ
മങ്കൊമ്പ് ∙ വിത്തിനു നിലവിൽ പ്രതിസന്ധിയൊന്നുമില്ലെന്ന് ചമ്പക്കുളം കൃഷി അസിസ്റ്റന്റ് ഡയറക്ടർ എൻ.ജി.വ്യാസ് പറഞ്ഞു.
കുട്ടനാട്ടിൽ സാധാരണയായി തുലാം 10നു ശേഷമാണു വിതയിറക്കാറുള്ളത്. ഈ സമയപരിധിയിൽ വിത്ത് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചെങ്കിലും ശക്തമായ മഴ പ്രതിസന്ധി സൃഷ്ടിച്ചു.
നാഷനൽ സീഡ് കോർപറേഷന്റെ (എൻഎസ്സി) വിത്ത് കഴിഞ്ഞ 25നു വന്നിരുന്നെങ്കിലും പരിശോധനയിൽ കിളിർപ്പുകേടു കണ്ടതോടെ തിരിച്ചയച്ചു.
30ന് എൻഎസ്സിയുടെ മുഴുവൻ വിത്തും എത്തും. അത്യാവശ്യം പറഞ്ഞവർക്കു ഫാമിൽ നിന്നും യൂണിവേഴ്സിറ്റിയിൽ നിന്നും വിത്ത് ലഭ്യമാക്കി.
വിഷയം മുഴുവൻ പാടശേഖര സമിതിയെയും വിളിച്ചു കൂട്ടി നടത്തിയ യോഗത്തിൽ പറഞ്ഞതാണ്. രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങളിൽ ഇളവിത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
യൂണിവേഴ്സിറ്റിയിൽ നിന്ന് അതു ലഭ്യമാക്കിയിട്ടുണ്ട്. യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വിത്തു വേണ്ടാത്തവർക്ക് അതിനുള്ള പണം കർഷകരുടെ അക്കൗണ്ടിലേക്കു നൽകും.
മുൻ കാലങ്ങളിൽ നിന്നു വിഭിന്നമായി വിത്തിനായുള്ള മുഴുവൻ തുകയും ഇത്തവണ ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

